Categories: Kerala

ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പരീക്ഷണയോട്ടം വിജയകരം

Published by

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടില്‍ ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകകൂടിയാണ് ലക്ഷ്യം.
രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 11.05ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെത്തി. 11.25ന് പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനിലെത്തി 11.50ന് ജങ്ഷനിലേക്കും മടങ്ങി. ഇവിടെ നിന്ന് 12ന് പുറപ്പെട്ട് 2.30ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. മറ്റു കംപാര്‍ട്ടുമെന്റുകളെ അപേക്ഷിച്ച് ഇതില്‍ യാത്രക്കാരെ കൂടുതല്‍ വഹിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ് (22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജങ്ഷനിലുമെത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്.

കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കിലോ മീറ്റര്‍ കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ ഇത്തരസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും. അതേസമയം, കോയമ്പത്തൂരില്‍നിന്ന് പാലക്കാട് വഴി പൊള്ളാച്ചിയിലേക്ക് പോവുകയാണെങ്കില്‍ സമയലാഭം ഉണ്ടാകും. മാത്രമല്ല, വേണ്ടിവന്നാല്‍ പഴനിയിലേക്ക് നീട്ടാനും കഴിയും. ഇപ്പോള്‍ കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാണ് പാലക്കാട്ടേക്ക് വരുന്നത്. ഇതിന് അരമണിക്കൂറോളമെടുക്കും. എന്നാല്‍ പാലക്കാട് വഴി പൊള്ളാച്ചിയിലേക്ക് പോവുകയാണെങ്കില്‍ ഈ സമയം കുറയ്‌ക്കാം. മാത്രമല്ല, എഞ്ചിന്‍ മാറ്റാതെ തുടര്‍യാത്രയും കഴിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by