കൊടകര ഉണ്ണി
തൃശൂര്‍: ഇലഞ്ഞിത്തറയില്‍ മേളഗോപുരമുയര്ത്താന് കിഴക്കൂട്ട് അനിയന്മാരാര്ക്ക് രണ്ടാംവര്‍ഷവും നിയോഗം. രണ്ടുവ്യാഴവട്ടക്കാലം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയായിരുന്ന പെരുവനം കുട്ടന്മാരാരെ പാറമേക്കാവ് ദേവസ്വം മാറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് അനിയന്മാരാര് ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായത്.
തിരുവമ്പാടിക്കണ്ണന്നും പാറമേക്കാവിലമ്മയ്ക്കും ഇരുവിഭാഗങ്ങളിലും പ്രമാണിയായ ഒരേയൊരാള്‍ എന്ന ഖ്യാതി കിഴക്കൂട്ട് അനിയന്മാരാര്ക്ക് സ്വന്തമാണ്. 1961 ല്‍ പരിയാരത്ത്് കുഞ്ഞന്മാരാര് പ്രമാണിയായിരുന്ന കാലത്ത് തന്റെ 16-ാമത്തെ വയസ്സുമുതല്‍ പെരുവനം കുട്ടന്മാരാര് പ്രമാണിയാകുന്ന 1999 വരെ അനിയന്മാരാര് ഇലഞ്ഞിത്തറയില്‍ മേളത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.
2011 ല്‍ പാറമേക്കാവിലെ ദേശപ്പാനയുടെ പന്തലില്‍ പാണ്ടിമേളം കൊട്ടുന്നതിനിടെയാണ് തിരുവമ്പാടിയിലേക്ക് പ്രമാണിയായി കിഴക്കൂട്ടിന് നിയോഗമെത്തിയത്. തൃശൂരുകാരുടെ ഏറെ പ്രിയപ്പെട്ട പ്രമാണിയാണ് കിഴക്കൂട്ട് അനിയന്മാരാര്. പരിയാരത്ത് കുഞ്ചുമാരാരുടെ പ്രിയശിഷ്യന്. പരിയാരത്ത് കുഞ്ചുമാരാരില്നിന്നാണ് മേളവും തായമ്പകയും പഠിച്ചത്.പതിനൊന്നാമത്തെ വയസ്സില്‍ നെട്ടിശ്ശേരി ശാസ്താക്ഷേത്രത്തില്‍ തായമ്പകയുടെ അരങ്ങേറ്റം കുറിച്ചു.ഗുരുവിനൊപ്പം അനവധികാലം പൂരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു. പതിനേഴാമത്തെ വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ ഉരുട്ടുചെണ്ടനിരയില്‍ മാരാരുണ്ടായിരുന്നു.
ഇരുപത്തഞ്ചാമത്തെ വയസ്സില്‍ നെട്ടിശ്ശേരി പൂരത്തിന് പ്രമാണിയായ കലാകാരനാണ് അനിയന്മാരാര്. അതായിരുന്നു ആദ്യത്തെ പാണ്ടിമേളപ്രമാണം. പാണ്ടി കൊട്ടി നന്നാക്കാനും പഞ്ചാരി കൊട്ടി ചീത്തയാക്കാനും പ്രയാസം എന്ന ചൊല്ലിനെ മാരാര്‍ തിരുത്തി. മാരാരുടെ ഓരോ പാണ്ടിമേളവും ഒന്നിനൊന്ന് മെച്ചമാണ്.
പ്രശസ്തമായ നെന്മാറ-വല്ലങ്ങി,ഇരിങ്ങാലക്കുട, ഗുരുവായൂര്‍,ചാത്തക്കുടം ,കൊടുന്തിരപ്പുള്ളി,ചിറ്റൂര്‍, താണിക്കുടം,ചെറുകളങ്ങര, എന്നീ ഉത്സവങ്ങളില്‍ അനിയന് അറിയപ്പെടുന്ന കലാകാരനായി. അടിയന്തിരം മാത്രമായിരുന്നു ജീവിതമാര്‍ഗം. താണിക്കുടത്തമ്മദേവിയുടെ നിത്യപൂജയുടെ പള്ളിയുണര്ത്തുകാരനാണ് മാരാര്‍. മേളങ്ങള്‍ക്ക് കൂടെ കൊട്ടുന്നത് ആരൊക്കെയാണെന്ന് കിഴക്കൂട്ടിന് നോട്ടമില്ല. സാധാരണയായി മേളങ്ങള്‍ക്ക് പ്രാധ്യാന്യമുള്ള സ്ഥലങ്ങളില്‍ പൂര്‍വികരാരും പാണ്ടിമേളം അത്രയധികം മുറുകാറില്ല. വല്ലാതെ മുറുകി മേളം അപകടമാവുമോ എന്ന ഒരാശങ്കയും അതില്‍ ഇല്ലാതില്ല. എന്നാല്‍ അങ്ങിനെ ഒരു ശങ്ക അനിയനില്ല. കാലം എത്രമുറുകിയാലും വൃത്തിയായും കൈവിടാതെയും പിടിച്ചുകെട്ടാനുള്ള കഴിവ് അനിയന്‍മാരാരെ വെറിട്ടതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: