തൃശൂര്‍ : തൃശൂരിന്റെ വികസനത്തിന് നയരേഖയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രധാനപ്പെട്ട പതിമൂന്ന് നിര്‍ദ്ദേശങ്ങളാണ് സുരേഷ് ഗോപി വോട്ടര്‍മാരുമായി പങ്കുവെക്കുന്നത്. വോട്ടര്‍മാര്‍ക്കുള്ള തുറന്ന കത്തിലാണ് സുരേഷ് ഗോപി തന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെക്കുന്നത്.
ജനപ്രതിനിധിയാകാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പക്ഷം നാടിന്റെ വികസനത്തിനും കേരളത്തിന്റെ പൊതുവായ പുരോഗതിക്കുമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യണമെന്ന സ്വപ്നം എനിക്കുണ്ട്. അത് പൂര്‍ണ്ണമായും ഈ അവസരത്തില്‍ വെളിപ്പെടുത്തുക പ്രായോഗികമല്ലെങ്കിലും തൃശ്ശൂരിന്റെ വികസനത്തിനായി ചില സ്വപ്ന പദ്ധതികള്‍ ഇവിടെ കുറിക്കുന്നു എന്ന് പറഞ്ഞാണ് തുടക്കം.
1. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടുക എന്നതാണ് ഒരു പദ്ധതി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന തൃശ്ശൂരിന് ഇത് ശാപമോക്ഷമാകും. കൊച്ചിയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി തൃശ്ശൂരിലേക്ക് മെട്രോ റെയില്‍ എത്തിയാല്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കും. കൊച്ചിയുടെ ഇരട്ട സിറ്റിയായി തൃശ്ശൂര്‍ അതിവേഗം വികസിക്കും. റെസിഡന്‍ഷ്യല്‍ കേന്ദ്രം എന്ന നിലക്കും തൃശ്ശൂരിന്റെ സാധ്യതകള്‍ ഏറും.
2. തൃശ്ശൂരിന്റെ ഹൃദയമാണ് ശക്തന് മാര്‍ക്കറ്റ്. ശക്തന് മാര്‍ക്കറ്റിനെ മാലിന്യമുക്തമാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മാര്‍ക്കറ്റ് സമുച്ചയം ആയി വികസിപ്പിക്കും.
3. നഗരത്തെ മാലിന്യത്തില്‍ നിന്നും വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാനായി ഡ്രെയിനേജ് സംവിധാനം പരിഷ്കരിക്കും.
4. അന്താരാഷ്ട്ര നിലവാരമുള്ള ഒരു നോളജ് സിറ്റി സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തൃശൂരില്‍ സ്ഥാപിക്കുക എന്നതാണ് മറ്റൊരു പദ്ധതി.
5. തൃശ്ശൂര്‍ ഗുരുവായൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരില്‍ നിന്ന് തിരൂര്‍ വരെ റെയില്‍വേ ലൈന്‍ നീട്ടുകയും ചെയ്യും.
6 ദേശീയപാത 544 മണ്ണുത്തിയില്‍ നിന്ന് ഗുരുവായൂര്‍ വഴി ദേശീയപാത 66 ലേക്ക് ഒരു ബൈപ്പാസ് എന്നതാണ് നഗരത്തിലെ തിരക്ക് കുറക്കാനുള്ള പദ്ധതി.
7 ഗവ. മെഡിക്കല്‍ കോളേജും തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയും വികസിപ്പിക്കും.
8. കോര്പ്പറേഷന് സ്റ്റേഡിയം ആധുനികവല്‍ക്കരിക്കുകയും സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്യും.
9. കോള്‍ പാടങ്ങളിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി സോളാര്‍ പദ്ധതികള്‍ നടപ്പാക്കും.
10 ഷൊര്‍ണൂരില്‍ നിന്ന് നഞ്ചങ്കോട്ടേക്കുള്ള റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കും.
11. പ്രധാനമന്ത്രി ആവാസ് യോജന വഴി എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും.
12. കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ മിഷന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കുക വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കും.
13. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി തൃശൂര്‍ റെയില്വേസ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കും., വാഗ്ദാനങ്ങള്‍ നല്‍കുക എന്നതിലല്ല, കഴിയുന്നത്ര പൂര്‍ത്തീകരിക്കുക എന്നതിനാണ് പ്രാധാന്യമെന്ന് ഞാന്‍ കരുതുന്നു.
ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ മാതൃക. തൃശൂരിന്റെ വികസനത്തിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: