ഇസ്ലാമിക തീവ്രവാദപ്രവണതകള്ക്ക് കീഴടങ്ങേണ്ടതില്ലെന്ന നിലപാട് ബ്രിട്ടനില്‍ ശക്തമാകുന്നു. പൊതുവെ ഇറ്റലി, നെതര്‍ലാന്റ്സ്, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടിലേക്ക് ലിബറല്‍ ആയിരുന്ന ബ്രിട്ടനും മാറുകയാണ്. അതാണ് ബ്രിട്ടനിലെ വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ മുസ്ലിം മതപ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ യുകെ കോടതി തള്ളിയതിന് പിന്നില്‍.
കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരടിക്കാന്‍ ബ്രിട്ടീഷ് പൗരത്വം വലിച്ചെറിഞ്ഞ് സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കേണ്ടതില്ലെന്ന് യുകെ കോടതി വിധിച്ചതും ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന എതിര്‍പ്പുകളുടെ ഭാഗമായാണ്.
വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ ഇസ്ലാമിക മതപ്രാര്‍ത്ഥന അനുവദിക്കാന്‍ കഴിയില്ലെന്ന് ഈ ആവശ്യവുമായി എത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനിയോട് ബ്രിട്ടീഷ് ഹൈക്കോടതി പറഞ്ഞു. സ്കൂളില്‍ ചേരുന്ന സമയത്ത് സ്കൂളിലെ നിയമങ്ങള്‍ അനുസരിക്കാമെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചതാണെന്നും അതിന് ശേഷമാണ് ഇപ്പോള്‍ മതപ്രാര്‍ത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന സ്കൂളിന്റെ നയത്തിന് എതിരാവുമെന്നും യുകെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലിന്‍ഡന്‍ വിധിച്ചു.
ഇത് എല്ലാ സ്കൂളുകളുടെയും വിജയമാണെന്ന് സ്കൂളിലെ ഹെഡ് ടീച്ചര്‍ കാതറിന് ബീര്‍ബല്‍സിങ്ങ് പറഞ്ഞു. മിഖേല സ്കൂളിന്റെ നയങ്ങള്‍ ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ അവരുടെ മക്കളെ അങ്ങോട്ടേക്ക് പറഞ്ഞയക്കേണ്ടെന്നും കാതറിന് ബീര്‍ബല്‍സിങ്ങ് പറഞ്ഞു.
2023 മാര്‍ച്ചില്‍ മിഖേല സ്കൂളിന്റെ മുറ്റത്ത് 30 മുസ്ലിം കുട്ടികള്‍ ചേര്‍ന്ന് പ്രാര്‍ത്ഥന ആരംഭിച്ചിരുന്നു. ബ്ലേസര്‍ വിരിച്ച് മുട്ടുകുത്തി നിന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. നാലില്‍ അധികം പേര് സ്കൂള്‍ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കരുതെന്ന നിബന്ധന സ്കൂളില്‍ ഉള്ളപ്പോഴായിരുന്നു ഇത്. ഇതിനെതിരെ മുസ്ലിം കുട്ടികളില്‍ ഒരു വിഭാഗവും പ്രതികരിച്ചു. തുടര്‍ന്ന് ആ മാസം തന്നെ സ്കൂള്‍ അധികൃതര്‍ ഈ പ്രാര്‍ത്ഥന നിരോധിച്ചു. പിന്നീടാണ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇസ്ലാമിക പ്രാര്‍ത്ഥന സ്കൂള്‍ മുറ്റത്ത് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി സമയവും സ്ഥലവും ഒരുക്കി നല്‍കേണ്ട ബാധ്യത സ്കൂളിനില്ലെന്ന് 83 പേജുള്ള വിധിന്യായത്തില്‍ യുകെയിലെ ഹൈക്കോടതി വ്യക്തമാക്കി. ചെറിയ ന്യൂനപക്ഷമായി വന്ന്, ഇപ്പോള്‍ ഈ സ്കൂളിലെ ആകെയുള്ള 700 പേരില്‍ പാതിയില്‍ അധികവും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. ചില സ്കൂളുകള്‍ ഇപ്പോള്‍ മുസ്ലിം പ്രാര്‍ത്ഥന അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം അനുമതി നല്കാന് നിയമപരമായി സ്കൂളുകള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നും കോടതി വിധിച്ചു. ഇതോടെ യുകെ സര്‍ക്കാര്‍ ഫണ്ട് നല്കുന്ന, മതപരമായ ചായ് വുകളില്ലാത്ത സ്കൂളുകള്‍ക്കെല്ലാം ഈ വിധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രചോദനമാകുമെന്ന് നിയമ, രാഷ്ട്രീയ, വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
അതേ സമയം, തനിക്ക് പ്രാര്‍ത്ഥനാസ്വാതന്ത്ര്യം അനുവദിക്കാത്ത സ്കൂളിന്റെയും കോടതിയുടെയും നടപടി ശരിയല്ലെന്ന് പരാതിയുമായി സമീപിച്ച മുസ്ലിം വിദ്യാര്‍ത്ഥി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: