എല്ലാ മേഖലകളെയും നിയന്ത്രിക്കാനാകുന്ന തലത്തിലേക്ക് ഭാവിയിൽ എഐ സാങ്കേതിക വിദ്യ വികസിക്കുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലകളെയും മാറ്റി മാറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സാങ്കേതിക വിദ്യയാകും യുവാക്കളുടെ തൊഴിൽ സാഹചര്യങ്ങളെയും നിയന്ത്രിക്കുക.
സാങ്കേതിക വിദ്യയുടെ പുരോഗതിയ്‌ക്കനുസരിച്ച് ബഹിരാകാശ-പ്രതിരോധ മേഖലകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ ബഹിരാകാശ-പ്രതിരോധ സാങ്കേതിക വിദ്യകളിലേക്ക് ആകർഷിക്കുന്നതിനായി കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്സലൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇസ്രോ മേധാവി ഇക്കാര്യം പരാമർശിച്ചത്.
ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എഐ മെഷീൻ ലേണിംഗ് നാളെ ലോകത്തെ നിയന്ത്രിക്കുന്ന തലത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ബഹിരാകാശ പ്രതിരോധ മേഖലയിൽ 200-ൽ അധികം സ്റ്റാർട്ടപ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. ഭാവിയിലേക്കുള്ള നീങ്ങുന്നതിനനുസരിച്ച് പുതിയ നൈപുണ്യ സാധ്യതകൾ വികസിപ്പിക്കേണ്ടതുണ്ട്.
കൂടാതെ ഒരു രാഷ്‌ട്രത്തിൽ നിന്നും ഉയർന്നു വരുന്ന സാങ്കേതിക വിദ്യകളാണ് നാളെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാക്കാലവും പുതുമയാണ് സമ്പദ് വ്യവസ്ഥയുടെ ഭാവി നിശ്ചയിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ പുരോഗതിക്കുള്ള ഏറ്റവും നല്ല ഉപാധിയായി സാങ്കേതിക വിദ്യയെ തിരഞ്ഞടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: