സ്വാമി ശുഭാംഗാനന്ദ
ശിവഗിരി മഠം ജനറല്‍ സെക്രട്ടറി
ശ്രീനാരായണ ഗുരുദേവ ദര്‍ശനവും സന്ദേശങ്ങളും ഭക്തിയോടും കാവ്യാത്മകതയോടും കൂടി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിച്ച മഹാസംഗീതജ്ഞനെയും ഉത്തമ ഗുരുഭക്തനെയുമാണ് കെ.ജി.ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ജയന്റെ പിതാവ് കോട്ടയം നാഗമ്പടത്തെ ഗോപാലന്‍ തന്ത്രി. ഗുരുദേവനൊപ്പം സഞ്ചരിക്കാനും ശിവഗിരി മഹാസമാധിയില്‍ പൂജകളര്‍പ്പിക്കാനുമുള്ള ഭാഗ്യം ഗോപാലന്‍ തന്ത്രിക്ക് ലഭിച്ചിരുന്നു. ഗുരുദേവന്റെ വാത്സല്യം ആവോളം ലഭിച്ച ഗോപാലന്‍ തന്ത്രിയുടെ മകന്‍ ജയന്‍ നവതി നിറവിലാണ് ഇപ്പോള്‍ യാത്രയാകുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗുരുദേവഭക്തിഗാനങ്ങള്‍ ആലപിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ ആത്മമിത്രമായിരുന്ന ജയന്‍ നിരവധി തവണ ശിവഗിരി തീര്‍ത്ഥാടന വേളകളിലും അല്ലാതെയും ശിവഗിരിയിലെത്തി ഗുരുപൂജയായി സംഗീതാര്‍ച്ചന നിര്‍വ്വഹിച്ചിട്ടുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിക്കുവാന്‍ ജയനും സഹോദരന്‍ വിജയനും അവസരം ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ അയ്യപ്പ ഭക്തിഗാനങ്ങളും ഗുരുദേവ ഭക്തിഗാനങ്ങളും എന്നും എല്ലാ ഹൃദയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാണ്. ഗുരുദര്‍ശനത്തെ അദ്ദേഹത്തിനോളം ഗാനാര്‍ച്ചനയാക്കി ജനമധ്യത്തിലെത്തിക്കുവാന്‍ മറ്റാര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. ജയന്റെ വേര്‍പാടിലുള്ള ശിവഗിരി മഠത്തിന്റെ അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
സംഗീതത്തിലെ അനുഗൃഹീത വ്യക്തിത്വം: തപസ്യ
കോഴിക്കോട്: കര്‍ണാടക സംഗീതത്തിലൂടെയും ലളിത-ഭക്തി ഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടാന്‍ കഴിഞ്ഞ പ്രതിഭയാണ് കെ.ജി.ജയനെന്ന് തപസ്യ കലാസാഹിത്യവേദി പറഞ്ഞു. സംഗീതസിദ്ധി ഒരു അനുഗ്രഹമായി കൊണ്ടുനടക്കുകയും, ജീവിതം തന്നെ അതിനുവേണ്ടി മാറ്റിവയ്‌ക്കുകയും ചെയ്ത അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ജയന്‍.
ഭാരതീയ സംഗീതത്തിന്റെ മഹത്വവും വിശുദ്ധിയും എന്താണെന്ന് ആധുനിക കാലത്ത് സ്വന്തം പാട്ടുകളിലൂടെ തെളിയിക്കാന്‍ കഴിഞ്ഞവരായിരുന്നു ജയവിജയന്മാര്‍. സഹോദരന്‍ വിജയന്റെ അപ്രതീക്ഷിതമായ വേര്‍പാടിനുശേഷവും നിരവധി അനശ്വരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കാന്‍ ജയന് കഴിഞ്ഞത് സംഗീതലോകത്തെ മുതല്‍ക്കൂട്ടാണ്. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി.രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആറു പതിറ്റാണ്ടുകാലത്തെ സംഗീത ജീവിതത്തിലുടനീളം ഭാരതീയ സംസ്‌കാരത്തോട് തീവ്രമായ ആഭിമുഖ്യം സൂക്ഷിക്കാനും, ഇതിനുവേണ്ടിയുള്ള നാനാതരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും കഴിഞ്ഞയാളായിരുന്നു ജയന്‍. തപസ്യ കലാസാഹിത്യ വേദിയുമായി പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ജയനുണ്ടായിരുന്നത്. തപസ്യയെ എക്കാലവും സ്വന്തം പ്രസ്ഥാനമായി കണ്ട മഹാനായ ഈ കലാകാരന്‍ നിരവധി വര്‍ഷങ്ങള്‍ സംഘടനയുടെ എറണാകുളം ജില്ലാ രക്ഷാധികാരിയുമായിരുന്നു. തപസ്യയുടെ നിരവധി പരിപാടികളില്‍ നിറസാന്നിദ്ധ്യവുമായിരുന്നിട്ടുള്ള ഈ അതുല്യ സംഗീതജ്ഞന്റെ ഓര്‍മയ്‌ക്കു മുന്നില്‍ അശ്രുപൂജയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: