ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ 48 മണിക്കൂര്‍ തെര. പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മിഷന്‍. ഇന്നലെ വൈകിട്ട് ആറു മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.
നടിയും മഥുര എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപി രണ്‍ദീപ് സിങ് സുര്‍ജേവാലക്കെതിരെ പരാതി നല്‍കുകയും തെര. കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കിയതിനു പിന്നാലെയാണ് കമ്മിഷന്റെ നടപടി.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രസ്താവനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം 48 മണിക്കൂര്‍ നേരത്തേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങള്‍, ജാഥകള്‍, റാലികള്‍, റോഡ്ഷോകള്‍, അഭിമുഖങ്ങള്‍, മാധ്യമങ്ങളില്‍ (പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ) പരസ്യമായ പ്രസ്താവനകള്‍ എന്നിവ നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുര്‍ജേവാലയുടെ പ്രസ്താവന അന്തസില്ലാത്തതും അശ്ലീലവും അപരിഷ്‌കൃതവുമാണെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: