ജയവിജയന്മാര് എന്നാല്‍ ശബരിഗിരീശ്വന്റെ ഭക്തിനിര്‍ഭരഗാനങ്ങള്‍ എന്നും പര്യായമായി വിളിക്കാം. കാരണം മലയാളിയുടെ ജീവിതത്തില്‍ അയപ്പഭക്തിയുടെ അനശ്വരഭാവങ്ങള്‍ നിറച്ച ഗാനങ്ങളില്‍ പലതും പിറവികൊണ്ടത് ജയവിജയന്മാരിലൂടെയാണ്. ഇപ്പോഴും ശബരിമല നട തുറക്കുമ്പോള്‍ പാടുന്ന ഗാനം ‘ശ്രീകോവില്‍ നട തുറന്നു’ എന്ന ഗാനമാണ്. ജയനും സഹോദരന്‍ വിജയനും ഒന്നിച്ച് ആലപിച്ച ഗാനമാണ് ഇത്. ശ്രീകോവില്‍ നട തുറന്നു പൊന്നമ്പലത്തില്‍ എന്ന വരി ഒരു ശാസ്തീയ സംഗീതത്തിലെ നിരവല്‍ പോലെയാണ് പാടുന്നത്.
ബാലമുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസിൽ താമസിക്കുന്ന കാലത്താണ് എച്ച്.എം.വിയിലെ മാനേജരുടെ നിർദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങൾക്ക് സഹോദരങ്ങൾ സംഗീതം പകർന്നത്. പാട്ടുകൾ എഴുതിയത് എ.പി ശിവം. ഗായിക പി, ലീലയെ വീട്ടിൽ ചെന്ന് പാട്ടുപഠിപ്പിച്ച് പാടിക്കുകയും ചെയ്തു. ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ, ഹരിഹരസുതനേ, എന്നീ രണ്ടുപാട്ടുകളാണ് അന്ന് സഹോദരങ്ങൾ ചിട്ടപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ‘ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനവും ഏറെ പ്രശസ്തമായി. പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ആദ്യകാലങ്ങളില്‍ എച്ച് എംവിയ്‌ക്ക് വേണ്ടി ഒട്ടേറെ ഭക്തിഗാനങ്ങള്‍ സംഗീതം ചെയ്തു. ബിച്ചുതിരുമല എഴുതിയ അയ്യപ്പഭക്തിഗാനങ്ങളാണ് പിന്നീട് ഏറെ പ്രശസ്തമായത്. ഇതെല്ലാം എച്ച് എംവിയിലൂടെ കേരളത്തിലെങ്ങും അലയടിച്ചു.
യേശുദാസിനെയും ജയചന്ദ്രനെയും ആദ്യമായി ഭക്തിഗാനങ്ങൾ പാടിച്ചതും ജയവിജയൻമാർ തന്നെ. എം.പി. ശിവം രചിച്ച് ജയവിജയന്‍മാര്‍ സംഗീതം ചെയ്ത ഗാനമായിരുന്നു ‘ദര്‍ശനം പുണ്യദര്‍ശനം’. ഇത് യേശുദാസിന്റെ ആദ്യ ശബരിമല ഭക്തിഗാനം കൂടിയായിരുന്നു. ആദ്യം ഹരിവരാസനം കേരളത്തിലും പുറത്തും പ്രശസ്തമാക്കിയത് ജയവിജയന്മാരാണ്.
ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം
അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
എന്നിങ്ങനെ ഓരോ വരികളിലെയും രണ്ട് പദങ്ങള്‍ക്കിടയില്‍ സ്വാമി ചേര്‍ത്ത് പാടുന്ന രീതിയായിരുന്നു ജയവിജയന്മാരുടേത്. സ്വാമി അയ്യപ്പന്‍ എന്ന സിനിമയില്‍ പിന്നീടാണ് യേശുദാസ് ഹരിവരാസനം പാടുന്നത്. ഈ ഹരിവരാസനം ജി. ദേവരാജന്‍ മാഷ് ഈണം നല്‍കിയതാണ്. ഈ ഗാനം കൂടുതല്‍ ജനപ്രിയമായതോടെ, അയ്യപ്പന്റെ ഉറക്കുപാട്ടായി ശബരിമല തന്നെ ഈ ഗാനത്തെ അംഗീകരിച്ചു. ഇന്ന് ശബരിമലയില്‍ നടയടക്കുമ്പോള്‍ യേശുദാസ് പാടുന്ന ഹരിവരാസനം എന്ന ഗാനമാണ് കേള്‍പ്പിക്കുന്നത്.
ജയചന്ദ്രന്‍ ആലപിച്ച ‘ശ്രീശബരീശാ ദീനദയാലാ’… എന്ന ഗാനത്തോടെ ജയവിജയന്മാര്‍ ഭക്തിഗാനരംഗത്ത് അനശ്വരരമായി. തിരുവാഭരണം എന്ന ഭക്തിഗാന ആല്‍ബത്തിലേതാണ് ഈ പാട്ട്. കെ.ജി. ജയന്‍ തന്നെയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയത്. ലളിതമായ, തീവ്രഭക്തി നിറഞ്ഞ വരികള്‍ ആരുടെയും ഉള്ളില്‍ നിറഞ്ഞുതുളുമ്പുന്നതായിരുന്നു. ‘പന്തള രാജകുമാര ഞങ്ങളെ സങ്കടമെല്ലാം തീര്‍ത്തിടണേ…’ ജീവിതദുരിതക്കയത്തില്‍ മുങ്ങി മോക്ഷമില്ലാതെ അലയുന്ന ഭക്തന് ഈ വരികള്‍ മോക്ഷദായകം തന്നെ.
വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ എന്ന അയ്യപ്പഭക്തിഗാനം അനശ്വരമായ ഒന്നാണ്. മിക്ക വേദികളിലും ജയന്‍ ഈ ഗാനം ആലപിക്കാറുണ്ട്.
കടുവ, കരടി, കരിവരാദി ഭൂതനാഥനായ്…കാനനങ്ങളാണ്ടവനേ ശരണമേകണേ…എത്രയോ ആസ്വദിച്ച് അദ്ദേഹം ഈ വരികള്‍ ആലപിക്കുമ്പോള്‍ സദസ്സും ആ വരികളില്‍ ലയിച്ച് ശബരിഗിരീശ്വനെ പ്രാര്‍ത്ഥിക്കുന്നതായി എത്രയോ കച്ചേരികളില്‍ കാണാം. വ്രതവിശുദ്ധരായി നിന്ന് നിന്റെ ജ്യോതി കാണുവാന്‍….ഇരുമുടിയും ശരവുമേന്തി ഞങ്ങള്‍ വരുമ്പോള്‍…അത്രയേറെ ഉള്‍ക്കൊണ്ട് അദ്ദേഹം വരികള്‍ ആലപിക്കുമ്പോള്‍ അറിയാതെ നമ്മളിലേക്കും ആ ഭക്തികിരണങ്ങള്‍ എത്തും. അഭയവരദനായി നിന്റെ തിരുനടയിങ്കല്‍…അഗതികളായ് ആശ്രിതരായ് ഞങ്ങള്‍ വരുമ്പോള്‍….എന്നൊക്കെ ഗാനമെത്തുമ്പോഴേക്കും സദസ്സ് പാടെ ഭക്തിസാഗരത്തില്‍ അലിഞ്ഞുചേര്‍ന്ന് കഴിഞ്ഞിരിക്കും.
‘മാമലവാഴുമെന്‍ ശ്രീമണികണ്ഠനെ തേരിലെനിക്കൊന്നു കാണേണം….കെട്ടുമെടുത്ത് ശരണം വിളിച്ചുനമ്മള്‍ പൂങ്കാവനമതില്‍ കയറേണം’…എന്ന ഗാനവും ഇതുപോലെ മനോഹരമായ ഭക്തിഗാനമാണ്. ‘പാപനിവാരണ മാര്‍ഗ്ഗമാരായുവാന്‍ പടി പതിനെട്ടും കയറേണം….’ എന്ന ലളിതമായ വരികള്‍ ആലപിക്കുമ്പോള്‍ ഭക്തിയുടെ ലഹരിയാണ് അനുഭവപ്പെടുക. അങ്ങിനെ ലളിതമായ വരികളിലൂടെ സാധാരണക്കാരന്റെ മനസ്സില്‍ ഭക്തിയുടെ ചിറകിലേറി ഇടം പിടിക്കുന്ന ഗാനങ്ങളാണ് കെ.ജി. ജയന്‍റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: