കൊച്ചി: സിദ്ധാര്‍ഥ് രാംകുമാറിനാണ് ദേശീയ തലത്തില്‍ നാലാം റാങ്ക് എന്ന് മാധ്യമങ്ങളില്‍ കാണുമ്പോഴും ഇതു തങ്ങളുടെ സിദ്ധാര്‍ഥ് തന്നെയോ എന്ന സംശയത്തിലായിരുന്നു വീട്ടുകാര്‍. കാരണം ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന കാര്യം സിദ്ധാര്‍ഥ് വീട്ടില്‍ അറിയിച്ചിരുന്നില്ല. അങ്ങനെ അച്ഛനും അമ്മയും കൂടി മകനെ വിളിച്ചു. ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. ‘നാലാം റാങ്ക് ഒക്കെ കിട്ടാന്‍ പ്രയാസമല്ലേ, ഞാന്‍ ഒന്നു കൂടി ഉറപ്പിച്ചിട്ടു വിളിച്ചു പറയാം’ എന്നു പറഞ്ഞ് ഫോണ്‍ വച്ചു.
‘പിന്നെ അവന് വിളിച്ചൊന്നുമില്ല. നിങ്ങളൊക്കെ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചു’, ചിരിച്ചു കൊണ്ട് അമ്മ രതി പറഞ്ഞു. ‘അമ്പരപ്പ് ആയിരുന്നു വാര്‍ത്ത കേട്ടപ്പോള്‍. ഇത്തവണ എഴുതുന്നുണ്ടെന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. സിദ്ധാര്‍ഥ് തന്നെയാണോ എന്ന ആശയക്കുഴപ്പമായിരുന്നു ആദ്യം. പിന്നെ വിളിച്ചശേഷമാണ് അത് അവന് തന്നെയെന്ന് ഉറപ്പിച്ചത്. സര്‍പ്രൈസ് ആയി വച്ചതായിരിക്കും’ ചേട്ടന് ആദര്‍ശ് കുമാറിന്റെ വാക്കുകള്‍. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ആദര്‍ശ്.
‘ആളുകളോട് ഇടപെടുന്നതിലും വസ്തുതകളോടു പ്രതികരിക്കുന്നതിലും ഒക്കെ സിദ്ധാര്‍ഥിന് ഒരു മിതത്വമുണ്ട്. അതാണു സ്വഭാവം. പരീക്ഷ എഴുതിയതുപോലും അറിഞ്ഞില്ല. വലിയ സന്തോഷമുണ്ട്.” അച്ഛന് ടി.എന്‍. രാംകുമാറിന്റെ വാക്കുകള്‍.
ചിന്മയ കോളജിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ആളാണ് അച്ഛന്. അമ്മ രതി വീട്ടമ്മയും. ”സിദ്ധാര്‍ഥിന്റെ കോച്ചിങ്ങുകള്‍ക്കും മറ്റും കൂട്ടു പോവുന്നതു ഞാനായിരുന്നു. ചെറുപ്പത്തിലേ വരയിലൊക്കെ താല്പര്യമുണ്ടായിരുന്നു. പഴയ കെട്ടിടങ്ങളൊക്കെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആര്‍കിടെക്ട് പഠിക്കാന്‍ പോകുന്നത്” അമ്മ രതിയുടെ വാക്കുകള്‍. മറ്റുള്ളവര്‍ പറഞ്ഞാലും ഇല്ലെങ്കിലും സിവില്‍ സര്‍വീസിലേക്കു പോവുക എന്നത് സിദ്ധാര്‍ഥിന്റെ തന്നെ താല്പര്യമായിരുന്നു എന്ന് അച്ഛന് പറയുന്നു.
തിരുവനന്തപുരത്തെ കോളജ് ഓഫ് ആര്‍കിടെക്ചറില്‍ നിന്ന് 2019ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്കുള്ള സിദ്ധാര്‍ഥിന്റെ ശ്രമങ്ങള്‍ തുടങ്ങുന്നത്. പഠിക്കുന്ന സമയത്ത് ഒരു തവണ ശ്രമിച്ചെങ്കിലും പ്രിലിമിനറി കടക്കാനായില്ല. അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി.
2020ല്‍ റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ച സിദ്ധാര്‍ഥിന് ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ഇതിനിടെയും സിദ്ധാര്‍ഥ് പരിശീലനത്തിനു സമയം കണ്ടെത്തി. 2021ല്‍ അടുത്ത ശ്രമം. അത്തവണ റാങ്ക് 181, ഒപ്പം ഐപിഎസ് ലിസ്റ്റിലും ഇടംപിടിച്ചു. എന്നാല്‍ അവിടം കൊണ്ടു നിര്‍ത്താനായിരുന്നില്ല സിദ്ധാര്‍ഥിന്റെ പദ്ധതി.
ഐപിഎസില്‍ ചേര്‍ന്നു പരിശീലനം തുടങ്ങിയെങ്കിലും ചിട്ടയായി പഠിച്ചു. 2022ല്‍ വീണ്ടും എഴുതിയപ്പോള്‍ റാങ്ക് 121ലെത്തി. ബംഗാള്‍ കേഡറാണ് അലോട്ട് ചെയ്തിരുന്നത്. എന്നാല്‍ 2023ലെ ഫലം വന്നപ്പോള്‍ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാമതെത്തിയിരിക്കുന്നു. ഐഎഎസ് വേണോ ഐപിഎസ് വേണോ എന്ന് തീരുമാനിക്കാം. അതിന് അനുസരിച്ചു കേഡറും മാറാം.
വടുതല ചിന്മയ സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ”ഞങ്ങള്‍ തമ്മില്‍ 9 വയസിന്റെ വ്യത്യാസമുണ്ട്. ഒരുമിച്ചു കളിക്കാനും സിനിമ കാണാനുമൊക്കെ പോകുമായിരുന്നു. എന്ജോയ് ചെയ്യേണ്ട സമയത്ത് അടിച്ചു പൊളിച്ച് അതു ചെയ്യുകയും പഠിക്കേണ്ട സമയത്തു നന്നായി പഠിക്കുകയും ചെയ്യുന്ന ഒരാളാണ് സിദ്ധാര്‍ഥ്. ആളൊരു ഓള്‍റൗണ്ടറാണ്. ക്രിക്കറ്റിനോടാണു വലിയ താല്പര്യം. വളരെ സന്തോഷവാനായ ഒരാളാണ് സിദ്ധാര്‍ഥ്. കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോവും. എല്ലാ സിനിമകളും കാണും.
അതേസമയം തന്നെ സ്ഥിരതയോടെ പഠിക്കുകയും ചെയ്യും. കിട്ടുന്നതൊക്കെ വായിക്കും. ചുറ്റും എന്താണു സംഭവിക്കുന്നതിനെ കുറിച്ചൊക്കെ കാര്യമായി ശ്രദ്ധിച്ചിരുന്നു, അതിനെക്കുറിച്ചൊക്കെ ധാരണയുമുണ്ട്” ചേട്ടന് ആദര്‍ശ് പറയുന്നു. സിദ്ധാര്‍ഥിന്റെ അച്ഛന്, അമ്മ, സഹോദരന് ആദര്‍ശ്, ആദര്‍ശിന്റെ ഭാര്യ ലക്ഷ്മി, മകന് വിവസ്വാന് എന്നിവരാണ് എറണാകുളത്തെ വീട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: