വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയ്ക്ക് പ്രശംസയുമായി നടന് മോഹന്‍ലാല്‍. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടോ? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായം കാണാം. വിനീത് ശ്രീനിവാസന് എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.
കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം ഉണ്ടാകുന്ന ഊരിവരുന്ന ഒരു ചിരി (philosophical smile) ഈ സിനിമ കാത്തു വച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍’ താരം കുറിച്ചു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ധ്യാന്‍ ശ്രീനിവാസന്, പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയെന്ന മോഹത്തിലേക്കുള്ള ഒരു സൗഹൃദയാത്രയാണ് ചിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: