രാഷ്‌ട്രം വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ വക്കിലാണ്; സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നേടിയതിന് ശേഷമുള്ള 18-ാമത് ലോക്‌സഭ പൊതു തെരഞ്ഞെടുപ്പ്.
മതം, വർഗം, ജാതി, സമുദായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലൊന്നും ഭിന്നതയില്ലാതെ ഒരു വ്യക്തി-ഒരു വോട്ട് എന്ന മാനദണ്ഡത്തിലധിഷ്ഠിതമായ, 18 വയസ്സിനുമേല്‍ എല്ലാവര്‍ക്കും സമ്മതിദാനാവകാശമെന്ന തത്വത്തില്‍ രൂപീകരിക്കപ്പെടുന്ന ജനാധിപത്യ ഭരണക്രമമാണ് നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ തെരഞ്ഞെടുത്തത്.
രാഷ്‌ട്രീയ സമത്വം ഉറപ്പാക്കിയ വിപ്ലവകരമായ നീക്കമായിരുന്നു അത്. പാർലമെൻ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും എല്ലാ ജാതികളിൽപ്പെട്ടവര്‍ക്കും, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ അല്ലെങ്കിൽ മറ്റ് മതസ്ഥര്‍ക്കുമെല്ലാം തുല്യ അവകാശം ലഭിച്ചു. ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളുള്ള പാർട്ടിയോ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സഖ്യമോ സർക്കാർ രൂപീകരിക്കുന്നു.
ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഷ്‌ട്രീയ തിരിച്ചടികൾ നേരിട്ടുവെങ്കിലും ദീർഘകാലമായി ജനാധിപത്യത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുന്ന ഒരു വികസ്വര രാഷ്‌ട്രത്തിന്റെ അതുല്യ ഉദാഹരണമായി ഇന്ത്യ നിലകൊള്ളുന്നു.
നമ്മുടെ അയൽദേശത്ത് പട്ടാളഭരണത്തിനും ജനാധിപത്യ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതിനും (പാകിസ്ഥാനും ബംഗ്ലാദേശും) നാം സാക്ഷ്യം വഹിച്ചു; നമ്മുടെ വലിയ അയൽരാജ്യങ്ങളിലൊന്ന് (ചൈന) ഒരു അംഗീകൃത പ്രതിപക്ഷ പാർട്ടി പോലുമില്ലാത്ത ഏകാധിപത്യ രാഷ്‌ട്രമാണ്.
ഒരു വ്യക്തി – ഒരു വോട്ട് എന്ന സങ്കല്‍പത്തിന്റെ ശക്തി നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. ആര്/ഏത് പാർട്ടി നമ്മെ ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇന്ത്യയിലുടനീളമുള്ള പൗരന്മാർ തുല്യ ശാക്തീകരണം നേടിയെന്നാണ് ഇതിനർത്ഥം.
ജനാധിപത്യപരമായ ഈ പ്രക്രിയ സമാധാനപരവുമാണ്. നമ്മുടെ രാജ്യത്ത് ഭരണമാറ്റം സാധ്യമാകുന്നത് ജനാധിപത്യ മാർഗങ്ങളിലൂടെ ഭരണഘടനാനുസൃതമായാണ്. ഇതൊരു വലിയ സ്ഥാപിതശക്തിയും എല്ലാവരുടെയും രാഷ്‌ട്രീയ ഉൾച്ചേര്‍ക്കലിലൂടെ വൈവിധ്യപൂര്‍ണമായ ഒരു രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്താനുള്ള ഒരേയൊരു മാർഗ്ഗവുമാണ്.
ഈ സാഹചര്യത്തിൽ, വോട്ടുചെയ്യാന്‍ യോഗ്യത നേടുകയും ആ അവകാശം വിനിയോഗിക്കുകയും ചെയ്യുന്നത് തീർച്ചയായും ഒരു അടിസ്ഥാന കര്‍ത്തവ്യമാണ്.
ഈ അവകാശം വിനിയോഗിക്കുന്ന പൗരന്മാർ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഭരണഘടനാ പ്രക്രിയയിലും നിയമവാഴ്ചയിലും നമ്മുടെ കൂട്ടായ വിശ്വാസത്തെ സമ്മതിദാനം വീണ്ടും ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള ആദരവിന്റെയും ഭൂരിപക്ഷ വോട്ടെണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ആരാണ് നമ്മെ ഭരിക്കേണ്ടതെന്ന് നിര്‍ണയിക്കാനുള്ള നമ്മുടെ തീരുമാനത്തിലെ വിശ്വാസവോട്ടാണിത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 2 കോടി പുതിയ വോട്ടർമാർ വോട്ടര്‍പട്ടികയിലേക്ക് ചേര്‍ക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് പൗരനെന്ന നിലയിലുള്ള പ്രാധാന്യത്തിന്റെ ശ്രദ്ധേയമായ അംഗീകാരമാണിത്.
ജനാധിപത്യ ഭരണസംവിധാനത്തിന് പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും മനുഷ്യർക്ക് ഇതുവരെ അറിയാവുന്നതും രൂപപ്പെടുത്തിയതുമായ ഭരണസംവിധാനങ്ങളിൽ അത് ഏറ്റവും മികച്ചതാണ്. പക്ഷപാതരഹിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണത്. വൈവിധ്യമാർന്ന അഭിപ്രായങ്ങൾക്ക് അത് ഇടം നൽകുന്നുവെങ്കിലും ആത്യന്തികമായി നാം ഭൂരിഭാഗം ദേശക്കാരുടെ ഇഷ്ടത്തിനും വോട്ടിനും വഴങ്ങുന്നു.
സമ്മതിദാനാവകാശം വിനിയോഗിക്കുകയും തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുന്നത് താഴെപ്പറയുന്ന നാല് കാരണങ്ങളാൽ നമ്മുടെ രാജ്യത്തോടുള്ള കടമയാണ്.
● നമ്മുടെ ഭരണഘടനാ ജനാധിപത്യത്തില്‍ വിശ്വാസമുറപ്പിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം വോട്ട് ചെയ്യുക എന്നതാണ്
● വോട്ട് ചെയ്യാതിരിക്കുകയോ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നത് വാസ്തവത്തിൽ ഈ വ്യവസ്ഥിതിയിൽ വിശ്വസിക്കാത്ത രാജ്യവിരുദ്ധ ശക്തികൾക്ക് ഭരണഘടനാപരമായ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പരോക്ഷമായി വഴിയൊരുക്കിയേക്കാം.
● രാജ്യതാൽപര്യത്തിന് വേണ്ടിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്ന നയപരിപാടികള്‍ മുന്നോട്ടുവെയ്‌ക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കാനുള്ള അവസരമാണിത്.
● സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നതിലൂടെ രാജ്യവിരുദ്ധ നയപരിപാടികളുമായി രംഗത്തുവരുന്ന സ്ഥാനാർത്ഥികള്‍ക്ക് പരോക്ഷമായി സൗകര്യമൊരുക്കുന്നതിലേക്ക് നിങ്ങൾ എത്തിച്ചേര്‍ന്നേക്കാം.
“ജനാധിപത്യത്തിനർപ്പിക്കുന്ന എല്ലാ ആദരവിന്റെയും അടിസ്ഥാനം ഒരു ചെറിയ മനുഷ്യനാണ്; ഒരു ചെറിയ ബൂത്തിലേക്ക്, ഒരു ചെറിയ പെൻസിലുമായി നടന്ന്, ഒരു ചെറിയ കടലാസിൽ ഒരു ചെറിയ അടയാളപ്പെടുത്തല്‍ – വാഗ്ചാതുര്യത്തിനോ ബൃഹത് ചർച്ചകൾക്കോ ആ നിമിഷത്തിന്റെ അതിപ്രാധാന്യം കുറയ്‌ക്കാനാവില്ല” – വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ പറഞ്ഞതാണിത്. സമ്മതിദാനാവകാശത്തിന്റെ ശക്തിപ്രഭാവം നിലകൊള്ളുന്നത് ജനാധിപത്യ നിര്‍വഹണത്തിലാണ്.
വോട്ട് ചെയ്യുക. രാഷ്‌ട്ര ധർമം മുൻനിറുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: