കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നടപടി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്‍പ്പ് നല്കാന് ഉത്തരവിട്ടതെന്നായിരുന്നു ദിലീപിന്റെ വാദം. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിക്കുകയുണ്ടായി. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുവാദം.
ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ മൊഴികളുടെ പകര്‍പ്പ് നടിക്ക് നല്കാന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹര്‍ജിയിലായിരുന്നു നടപടി. എന്നാല്‍ അതിജീവിതയുടെ ഹര്‍ജി തീരുമാനമെടുത്ത് തീര്‍പ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സിംഗിള്‍ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: