പാട്ന: ബിഹാറില്‍ ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പു നേട്ട പ്രതീക്ഷകള്‍ക്കു മങ്ങലേല്പിച്ചു വിമത നീക്കങ്ങള്‍ വ്യാപകം. ആര്‍ജെഡി വോട്ടു ബാങ്കായ യാദവ, മുസ്ലിം വിഭാഗങ്ങളിലെ നേതാക്കളാണ് ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനുമെതിരെ രംഗത്തു വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലാലുവും തേജസ്വിയും അനീതി കാട്ടിയെന്നാണ് ആരോപണം.
മുന്‍ രാജ്യസഭാംഗം അഹമ്മദ് അസ്ഫാഖ് കരിം, മുന്‍ മന്ത്രി വൃഷിന്‍ പട്ടേല്‍ എന്നിവര്‍ ആര്‍ജെഡി അംഗത്വം രാജിവച്ചു. അസ്ഫാഖ് കരിം അനുയായികള്‍ക്കൊപ്പം ജെഡിയുവില്‍ ചേര്‍ന്നു. കതിഹാര്‍ സീറ്റു ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് അസ്ഫാഖ് കരിം പാര്‍ട്ടി വിട്ടത്. ഇന്‍ഡി മുന്നണി സീറ്റു വിഭജനത്തില്‍ കതിഹാര്‍ സീറ്റ് കോണ്‍ഗ്രസിനാണു നല്‍കിയത്. ആര്‍ജെഡി നേതൃത്വം സാമൂഹിക നീതി തത്വങ്ങളില്‍ നിന്നകലുന്നതിനാലാണ് പാര്‍ട്ടി വിടുന്നതെന്നു വൃഷിന്‍ പട്ടേല്‍ രാജിക്കത്തില്‍ വിശദീകരിച്ചു.
നവാഡയില്‍ ആര്‍ജെഡി വിമത സ്ഥാനാര്‍ത്ഥി വിനോദ് യാദവിനു പിന്തുണയുമായി പാര്‍ട്ടി എംഎല്‍എമാരായ പ്രകാശ് വീര്‍, വിഭ ദേവി എന്നിവര്‍ പ്രചാരണത്തിനിറങ്ങിയതു നേതൃത്വത്തെ ഞെട്ടിച്ചു. ആര്‍ജെഡിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ശ്രാവണ്‍ ഖുശ്വാഹയ്ക്കു പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല.
സിവാന്‍ മണ്ഡലത്തില്‍ ആര്‍ജെഡി ടിക്കറ്റ് നിരസിച്ച് സ്വതന്ത്രയായി മല്‍സരിക്കുന്ന ഹിന ഷഹാബാണ് വെല്ലുവിളി. തിഹാര്‍ ജയിലില്‍ കോവിഡ് ബാധിച്ചു മരിച്ച ഷഹാബുദ്ദീന്റെ അവസാനകാലത്തു പാര്‍ട്ടിയില്‍ നിന്നു പിന്തുണ കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഹിന സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: