ന്യൂദല്ഹി: വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അവിശ്രമം നടത്തുന്ന നയതന്ത്രശ്രമങ്ങള്ക്ക് ഫലം കിട്ടി. ഇറാന് പിടിച്ചെടുത്ത ഇസ്രയേല് കപ്പലിലെ ബന്ദികളായ 17 ഇന്ത്യക്കാരെ കാണാന് ഇന്ത്യന് ഉദ്യോഗസ്ഥര്ക്ക് ഇറാന് അനുമതി നല്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്.
ഇറാന് വിദേശകാര്യമന്ത്രി ആമിര് അബ്ദുള്ളാഹിയാനെ ഫോണില് ബന്ധപ്പെട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അനുവാദം ലഭിച്ചത്. കപ്പല് ജീവനക്കാരുടെ ആരോഗ്യസ്ഥിതിയില് ജയശങ്കര് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് അവരെ നേരിട്ട് കാണാന് ഇറാന് അനുവാദം നല്കിയത്.
ശനിയാഴ്ച ഇസ്രയേല് ചരക്ക് കപ്പല് ഹോര്മുസ് കടലിടുക്കില് നിന്നും പിടിച്ചെടുത്ത അന്ന് മുതല് അതില് ജോലി ചെയ്യുന്ന 17 ഇന്ത്യക്കാരെ മോചിപ്പിക്കാന് ശ്രമിച്ചുവരികയാണ് വിദേശകാര്യമന്ത്രി ജയശങ്കര് ഉള്പ്പെടെയുള്ള സംഘം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെയും ദല്ഹിയിലെയും ഇറാന് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയുടെ ആശങ്ക നേരത്തെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്ഷം കത്തിനില്ക്കുന്നതിനാല് എല്ലാവരും സംയമനം പാലിക്കണമെന്ന ആവശ്യം ജയശങ്കര് ഉയര്ത്തിയിരുന്നു.
ഇന്ത്യന് നാവികസേനയും സ്ഥിതിഗതികള് നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാന്, ഫിലിപ്പൈന്സ്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഈ കപ്പലില് ജോലിക്കാരായുണ്ട്. 17 ഇന്ത്യക്കാരില് നാല് പേര് മലയാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: