ടൊറന്റോ: ലോകചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്റില്‍ ഒമ്പതാം റൗണ്ടില്‍ ഡി. ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടു പേരും അര പോയിന്റ് വീതം പങ്കിട്ടതോടെ അഞ്ചരപോയിന്റോട ഡി. ഗുകേഷ് ഒന്നാം സ്ഥാനത്തും അഞ്ചു പോയിന്റോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തും തുടരുകയാണ്.
അമേരിക്കന്‍ ചെസ് താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും മുന്‍നിര താരങ്ങളാകുമെന്ന് പ്രവചിക്കപ്പെട്ട മത്സരത്തില്‍ ഇന്ത്യയിലെ കൗമാരതാരങ്ങളായ 17 വയസ്സുകാരന് ഗുകേഷും 18 വയസ്സായ പ്രജ്ഞാനന്ദയും കഴിഞ്ഞ ഏതാനും റൗണ്ടുകളായി ഒന്നും രണ്ടും സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതെ കയ്യടക്കിവെച്ചിരിക്കുകയാണ്. ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും നാലര പോയിന്റുകള്‍ വീതം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാത്രമല്ല, ഇന്ത്യയുടെ മറ്റൊരു കൗമാരതാരമായ 29 കാരന് വിദിത് ഗുജറാത്തിയും നാലരപോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വിദിത് ഗുജറാത്തി ഹികാരു നകാമുറയെ തോല്പിച്ചിരുന്നു.
റഷ്യക്കാരനായ ഇയാന്‍ നെപ്പോമ്നെഷി അഞ്ചര പോയിന്റുകളുമായി ഡി. ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്റെ അലിറെസ ഫിറൂജ്സ് ഒരുഘട്ടത്തില്‍ ഇയാന്‍ നെപ്പോമ്നെഷിയെ തോല്‍പ്പിക്കുമെന്ന് കരുതിയെങ്കിലും അസാമാന്യ മികവോടെയുള്ള നീക്കങ്ങളിലൂടെ ഇയാന്‍ നെപ്പോമ്നെഷി സമനില പിടിക്കുകയായിരുന്നു. കളിയില്‍ ഉടനീളം മികവ് പുലര്‍ത്തി മുന്നേറുകയാണ് ഇയാന്‍ നെപ്പോമ്നെഷിയും. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയോടും തോല്‍വി ഏറ്റുവാങ്ങേണ്ട നെപ്പോമ്നെഷി അവസാനനിമിഷം ഉഗ്രന്‍ പോരാട്ടത്തിലൂടെ സമനില നേടുകയായിരുന്നു.
ഫാബിയാനോ കരുവാനയും അസര്ബൈജാന് താരം നിജാത് അബസൊവും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു.
വനിതാ ചെസ്സില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ചൈനീസ് താരം ടാന്‍ സോംഗിയോട് തോറ്റു. ഇതോടെ ആറ് പോയിന്റുകളോടെ ടാന്‍ സോംഗി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലെയ് ടിംഗജീയും അലെക്സാന്ദ്ര ഗോരിക്ചിനയും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇതോടെ അലെക്സാന്ദ്ര രണ്ടാം സ്ഥാനത്തായി. ഇന്ത്യയുടെ മറ്റൊരു വനിതാതാരം കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: