തൃശ്ശിവപേരൂരിനടുത്ത് ഒല്ലൂരില്‍ അഷ്ടവൈദ്യ കുടുംബത്തില്‍ ഒന്നായ തൈക്കാട്ട് മൂസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നുണ്ടല്ലോ. ബാളാ സാഹിബ് ദേവരസ്ജി മുതല്‍ ഒട്ടേറെ മുതിര്‍ന്ന സംഘാധികാരിമാര്‍ അവിടെ പഞ്ചകര്‍മ്മ ചികിത്സയ്‌ക്കായി വന്നു താമസിച്ചത് എല്ലാവര്‍ക്കും അറിയാം. നേരത്തെ തന്നെ പ്രശസ്തി കൈവരിച്ചിരുന്ന ആ ഇല്ലം സംഘാധികാരിമാരുടെ ചികിത്സയോടു കൂടി കൂടുതല്‍ പ്രശസ്തി നേടി.
1964ല്‍ കോട്ടയം ജില്ലാ പ്രചാരകനായി നിയോഗിക്കപ്പെട്ട ശേഷം ജില്ലയുടെ പല ഭാഗങ്ങളിലും പോകേണ്ടി വന്ന കൂട്ടത്തില്‍ ഉദയനാപുരത്തിനു പടിഞ്ഞാറു കായലിനക്കരെ തൈക്കാട്ടുശ്ശേരി എന്ന ദ്വീപില്‍ ഒരു ശാഖ നടന്നുവരുന്നതായി അറിയാന്‍ കഴിഞ്ഞു. ആ ദ്വീപ് ചേര്‍ത്തല താലൂക്കിലാണെന്നും ആലപ്പുഴ ജില്ലയില്‍ ആണെന്നും മനസ്സിലായി. തൃശ്ശൂരിലെ തൈക്കാട്ട് മൂസുമായി അതിന് ബന്ധമൊന്നുമില്ല എന്നും മനസ്സിലായി. സ്വന്തം പ്രവര്‍ത്തനക്ഷേത്രത്തിന്റെ അതിര്‍ത്തി വിട്ടു പോകാന്‍ പ്രചാരകന്മാര്‍ക്ക് അനുമതിയില്ല എന്ന് ഞാന്‍ കണ്ണൂരില്‍ ആയിരുന്നപ്പോള്‍ തന്നെ അന്നത്തെ പ്രാന്ത പ്രചാരക് ദത്താജി ഡിഡോല്‍കരില്‍ നിന്നും മൂര്‍ച്ചയേറിയ ഭാഷയില്‍ മനസ്സിലാക്കിയിരുന്നു.
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്ന 1953-55 കാലത്ത് അവിടെ പ്രചാരകനായി വന്ന മാധവജിയില്‍ നിന്നാണ് സംഘത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ച ലഭിച്ചതും പ്രചാരകനാകാനുള്ള അഭിലാഷം അങ്കുരിച്ചതും. വര്‍ഷങ്ങള്‍ക്കുശേഷം മാധവജിയുടെ അച്ഛന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ട് പന്നിയങ്കരയിലെ വീട്ടിലെത്തി. വിവരം അറിയിച്ചുകൊണ്ട് അദ്ദേഹം അയച്ച കാര്‍ഡില്‍ എന്നെ കാണാന്‍ ഉത്കടമായ ആഗ്രഹമുണ്ടെന്നും, പറ്റുമെങ്കില്‍ എത്താന്‍ നോക്കണം എന്നും എഴുതിയിരുന്നു. കൊയിലാണ്ടി താലൂക്കിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ നോക്കിയിരുന്നതിനാല്‍ അവിടെ പര്യടനം നടത്തുന്നതിനിടെ കോഴിക്കോട്ട് പോവുകയും, അവിടുത്തെ കാര്യാലയത്തില്‍ നിന്ന് വഴി മനസ്സിലാക്കി മാധവജിയെ കാണുകയും ആയിരുന്നു.
അദ്ദേഹത്തിന് പറയാന്‍ ഏറെയുണ്ടായിരുന്നു. അമ്മയും സഹോദരങ്ങളും ഒക്കെ വളരെ ഹൃദയംഗമമായി പെരുമാറി. തലശ്ശേരിക്ക് മടങ്ങിയത് കല്ലായി സ്റ്റേഷനില്‍ നിന്നുതന്നെ പാസഞ്ചര്‍ വണ്ടി കയറിയാണ്. അവിടെയെത്തിയശേഷം പ്രാന്ത പ്രചാരകനെ വിവരമറിയിച്ച് കാര്‍ഡ് എഴുതി. സ്വന്തം കര്‍മ്മ ക്ഷേത്രത്തിന് പുറത്തുപോയത് അനൗചിത്യമായി എന്നായിരുന്നു അതിന്റെ ചുരുക്കം.
ഉദയനാപുരത്തിന് സമീപമുള്ള നേരെകടവു വഴി വള്ളത്തില്‍ പോകാനുള്ള മോഹം അതുമൂലം അടക്കിവച്ചു. എന്നാല്‍ അതിനുള്ള അവസരം താമസിയാതെ വന്നുചേര്‍ന്നു. കേരളത്തിലെ ജില്ലാ പ്രചാരകന്മാരുടെ രണ്ടുദിവസത്തെ ബൈഠക് തൈക്കാട്ടുശ്ശേരി മനയില്‍ നടത്താന്‍ തീരുമാനമായി. അതിന്റെ വ്യവസ്ഥകളെല്ലാം ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും പ്രചാരകന്മാരും മുതിര്‍ന്ന സ്വയംസേവകരും ആണ് ചെയ്തത്. അവിടുത്തെ തിരുമേനി എല്ലാ ഒത്താശകളും ചെയ്തു. മനയിരിക്കുന്ന വിശാലമായ പറമ്പില്‍ മരമായി തെങ്ങു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുളിക്കാന്‍ നല്ല കുളമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ക്ക് ദ്വീപിന്റെ വിശാലതയില്‍ എവിടെ വേണമെങ്കിലും പോകാം എന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഷര്‍ട്ടിട്ട് അല്ലെങ്കില്‍ തുണി കൊണ്ട് ശരീരം മറച്ചു വേണം പോകാനും ഇരിക്കാനും. ‘ചുറ്റുപാടും ഇരുട്ട് കാണുന്നവര്‍ക്ക് നാണം’ എന്നതാവണം മനോഭാവം എന്നുകൂടി തന്റെ അനാദൃശ്യമായ നര്‍മ്മത്തോടെ ഹരിയേട്ടന്‍ പറഞ്ഞു. സ്വതേ അനാരോഗ്യവാനായിരുന്ന എം.എ സാറിനും ഭാസ്‌കര റാവുവിനും ഇല്ലത്തെ കുളിമുറി ഉപയോഗിക്കാമെന്ന് തിരുമേനി പറഞ്ഞുവെങ്കിലും ഭാസ്‌കര്‍ റാവു മറ്റുള്ളവരോട് ഒപ്പം പോകാനുള്ള ദൃഢനിശ്ചയത്തില്‍ ആയിരുന്നു.
നാല് ദിവസം ബൈഠക് തുടര്‍ന്നു. കേരളത്തിലെ സംഘത്തിന് ഒരു കുതിച്ചുചാട്ടത്തിലൂടെ സമാജഹൃദയത്തില്‍ സ്ഥാനം പിടിച്ചുപറ്റാന്‍ എന്തുചെയ്യണമെന്ന് ആശയവിനിമയം നടന്നു. പല പ്രചാരകന്മാരുടെയും മനസ്സില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നതു മാറ്റി ഉന്മേഷവും ചൈതന്യവും നിറയ്‌ക്കാന്‍ എന്തുവേണമെന്നായിരുന്നു മുതിര്‍ന്നവര്‍ അവതരിപ്പിച്ച ചിന്തയില്‍ പ്രതിപാദിച്ചത്. കേസരി വാരിക കുറേക്കൂടി ഊര്‍ജ്ജസ്വലമാക്കണമെന്ന് ആശയം ഹരിയേട്ടന്‍ അവതരിപ്പിച്ചു. അന്ന് കേസരിക്ക് ക്രൗണ്‍ സൈസില്‍ (അര) 10 പുറങ്ങള്‍ ആയിരുന്നു. അത് സാധാരണ പത്രത്തിന്റെ സൈസ് വലിപ്പത്തില്‍ 16 പേജാക്കുക എന്നതാവണം ലക്ഷ്യം എന്നും, അതിനെന്തുവേണമെന്നും ചോദ്യമുണ്ടായി. ഭാവിയിലേക്ക് ദൃഷ്ടിയുള്ള ആളെന്ന നിലയില്‍ പത്രാധിപനായി എം. എ. കൃഷ്ണനെ നിര്‍ണയിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായി. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഭാസ്‌കര്‍ റാവുവിന്റെ നിര്‍ദ്ദേശം. കേസരിയുടെ സര്‍വ്വസ്വവും കൈകാര്യം ചെയ്ത രാഘവേട്ടന്‍ അത് ഏറ്റെടുത്തു. പിന്നീട് കേസരിക്ക് ഉണ്ടായ സ്വാധീനത്തിന്റെയും വളര്‍ച്ചയുടെയും ബീജവാപമായി തീര്‍ന്നു ആ തീരുമാനം. അതോടൊപ്പം കോഴിക്കോട് പ്രാന്തിയ തലത്തിലുള്ള സ്വയംസേവകരുടെ ഒരു മഹാശിബിരവും അവിടെ നിശ്ചയിക്കപ്പെട്ടു.
കര്‍ണാടക പ്രാന്ത് ബംഗളൂരുവില്‍ വലിയ ഒരു ശിബിരം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഹരിയേട്ടനും ഭാസ്‌കര റാവുവും മറ്റ് വിഭാഗ് പ്രചാരകന്മാരും ആ സമയത്ത് ബംഗളൂരില്‍ പോയി അതിന്റെ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ എന്തെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും മനസ്സിലാക്കി. യാദവറാവു ജോഷി നിര്‍ദ്ദേശിച്ചത് അനുസരിച്ചായിരുന്നു അത്.
തൈക്കാട്ടുശ്ശേരി കഴിഞ്ഞു നേരെകടവ് വഴി ഉദയനാപുരത്ത് എത്തുന്നതിനു പകരം ഞാന്‍ ആലപ്പുഴക്കാരോടൊപ്പം പടിഞ്ഞാറോട്ട് പോയി ഒന്നു രണ്ട് കടത്തുകള്‍ കടന്ന് തുറവൂരെത്തി ആലപ്പുഴ വഴി കോട്ടയത്തേക്ക് പോന്നു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ സര്‍ കാര്യവാഹ് ശ്രീ ഭയ്യാജി ദാണിയുടെ കേരള സന്ദര്‍ശനം വന്നു. പെരുന്ന ഹിന്ദു കോളജ് ഓഡിറ്റോറിയം ആണ് അദ്ദേഹത്തിന്റെ സാംഘിക്കിനായി ലഭിച്ചത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും പ്രിന്‍സിപ്പല്‍ മന്മഥന്‍ സാറുമായി നല്ല അടുപ്പം ഭയ്യാജിക്ക് ഉണ്ടായിരുന്നതിനാല്‍ അത് അനുവദിച്ചു കിട്ടാന്‍ പ്രയാസം ഉണ്ടായില്ല. കഷ്ടിച്ച് 80 സ്വയംസേവകരെ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. പക്ഷേ അദ്ദേഹത്തിന്റെ പ്രഭാഷണം അതിഗംഭീരമായി.
താന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സിന്ധുകാരന്‍ ആയിരുന്ന ആചാര്യ കൃപലാനിയെ പോലുള്ള പ്രൊഫസര്‍മാര്‍ അവിടെയുണ്ടായിരുന്നു. സിന്ധിനെ ബോംബെ പ്രസിഡന്‍സിയില്‍ നിന്ന് വേര്‍പ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആ പ്രൊഫസര്‍മാര്‍ അവിടെ പ്രചാരണം നടത്തിവന്നു. അത് ആത്മഹത്യാപരമായ നടപടി ആണെന്ന് പറഞ്ഞ് ബനാറസിലെ വിദ്യാര്‍ത്ഥികള്‍ അവരോട് സംസാരിക്കാന്‍ ചെന്നു. മൈ ഡിയര്‍ ലാഡ്‌സ്, വി ആര്‍ റീഡേഴ്‌സ് ഇന്‍ ഹിസ്റ്ററി വാട്ട് ഡു യൂ നോ ഓഫ് ഹിസ്റ്ററി എന്ന് പരിഹസിച്ചു. (ഡാ പയ്യനെ, ഞങ്ങള്‍ ചരിത്രധ്യാപകരാണ്, നിങ്ങള്‍ക്ക് ചരിത്രത്തെപ്പറ്റി എന്തറിയാം). യു മേ ബി റീഡേഴ്‌സ് ഇന്‍ ഹിസ്റ്ററി ബട് വി ആര് മേക്കേഴ്സ് ഓഫ് ഹിസ്റ്ററി (നിങ്ങള്‍ ചരിത്ര അധ്യാപകരാവാം എന്നാല്‍ ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നവരാണ്) എന്ന ഭയ്യാജി മറുപടി നല്‍കി. 1947ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ സര്‍വ്വതും ഉപേക്ഷിച്ച് കണ്ണീരുമായി ഓടിവന്ന ആ പ്രൊഫസര്‍മാര്‍ അക്കാലത്ത് സ്വയംസേവകര്‍ ചെയ്ത സേവനങ്ങളെപ്പറ്റി നിറകണ്ണുകളോടെ, നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചത് ഞങ്ങള്‍ നേരിട്ട് കണ്ടു എന്നു പറഞ്ഞു.
ഭയ്യാജി അന്നു താമസിച്ചത് ആദ്യ ദേശീയ അധ്യാപക പുരസ്‌കാരം നേടിയ വി. മാധവന്‍ നായരുടെ വസതിയില്‍ ആയിരുന്നു. ഞാനും ഹരിയേട്ടനും അവിടെ കൂടി. പിറ്റേന്ന് ആലപ്പുഴക്കാണ് പോയി. കോട്ടയത്തുനിന്ന് പ്രാന്ത സംഘചാലക് എന്‍. ഗോവിന്ദമേനോനും ഒരുമിച്ച് ഭാസ്‌കര്‍ റാവുവും എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം ബോട്ടില്‍ ആലപ്പുഴയ്‌ക്ക് നടത്തിയ ആ യാത്ര ഏറെ ആഹ്ലാദകരമായി. ഒരു സിഗരറ്റ് എടുത്ത് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ച്, ‘ഡു യു ലൈക് ടു ഹാവ് എ സമോക്ക് മിസ്റ്റര്‍ മേനോന്‍? എന്ന് അന്വേഷിച്ച് അദ്ദേഹത്തിനു കൊടുത്തു, അദ്ദേഹവും ഒന്ന് കൊളുത്തി. രണ്ടു മണിക്കൂര്‍ യാത്രയ്‌ക്കുശേഷം ആലപ്പുഴയില്‍ പ്രാന്തകാര്യവാഹ് നാരായണ പൈയുടെ വസതിയില്‍ എത്തി. അന്ന് ഔപചാരിക കാര്യക്രമം ഇല്ലായിരുന്നു. ആലപ്പുഴയിലെ കാര്യകര്‍ത്താക്കള്‍ അവിടെ വന്നിരിക്കുകയും ഭയ്യാജി അവരോട് കുശലമ അന്വേഷിക്കുകയും ചെയ്തു.
അവിടെ സന്നിഹിതനായിരുന്ന മാനനീയ യാദവറാവു ജോഷി ജില്ലാപ്രചാരകന്മാരോട് അനൗപചാരികമായ കുശലാന്വേഷണം നടത്തി. അത് നിര്‍ദ്ദിഷ്ട ശിബിരത്തെ കുറിച്ചായിരുന്നു. പൂര്‍ണ്ണ ഗണവേഷത്തില്‍ എത്ര പേരുണ്ടാകും എന്ന അന്വേഷണത്തിന് ആയിരം എന്നായിരുന്നു മറുപടി. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ യാദവറാവുജി പ്രചാരകന്മാരുടെ ആത്മവിശ്വാസത്തെ ഉണര്‍ത്തി, വളര്‍ത്തി അത് രണ്ടായിരത്തില്‍ എത്തിച്ചു. അത്രത്തോളം ഗണ വേഷങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാനുള്ള പ്രചോദനവും അദ്ദേഹം നല്‍കി. ശിബിരത്തിന്റെ മൊത്തച്ചുമതല ഹരിയേട്ടന് ആണ് നല്‍കപ്പെട്ടത്. കര്‍ണാടകത്തിലെ ചുമതലപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാനും അവരെ ശിബിരത്തിലേക്ക് ക്ഷണിക്കാനും യാദവ റാവുജി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന്റെ തുടക്കമായിരുന്നു കോഴിക്കോട് പ്രാന്തീയ ശിബിരം. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: