വീട്ടുമുറ്റത്തെ കൊന്നമരത്തിന്റെ ആഡംബരക്കല്യാണം ഒരാഴ്ച്ച മുമ്പേ കഴിഞ്ഞു. വേനല്‍ മഴയില്‍ ഉള്ളതെല്ലാം മണ്ണിലേക്കുതിര്ത്ത് അവള് ധ്യാനത്തിലേക്ക് മടങ്ങി. ഇനിയും തളിര്‍ക്കാനുള്ള വെമ്പലോടെ ….
ഒരു വീടിന് കണിയൊരുക്കാന്‍ പാകത്തിന് രണ്ട് കുല പൂ മാത്രം ബാക്കിയാക്കി പുതിയ ജീവിത സംക്രമത്തിലേക്ക് യാത്ര… ഒരാണ്ടിന്റെ ദൗത്യം അവള് പൂര്‍ത്തിയാക്കിയിരിക്കുന്നു…
നികന്ന വയലുകള്‍, കയ്യേറി കയ്യേറി ഞങ്ങള്‍ ഇല്ലാതാക്കിയ നാടിന്റെ നീരുറവകള്‍, കൃഷി ചെയ്യാത്തതിനാല്‍ പുല്ലുമൂടിയ പറമ്പുകള്‍……
ഒന്നും ചെയ്യാതെ ഞങ്ങള്‍ രാഷ്ട്രീയവും മതവും സിനിമയും ക്രിക്കറ്റും ചവച്ച് മച്ചിലേക്ക് നോക്കി മലര്‍ന്നു കിടപ്പായിരുന്നു….. എന്നിട്ടും മടിക്കാതെ കൊന്ന പൂത്തു, വിഷു വന്നു….
കാലത്തിന് നഷ്ടമായ അനുകമ്പയുടെ മുഖം ആ മയില്പ്പീലിക്കനവുകളില് കാണുന്നു. കലാലയങ്ങളിലെ ഇടിമുറികളില്‍ അസ്തമിച്ചുപോകുന്ന സിദ്ധാര്ത്ഥതകള്ക്കും അവരെപ്പെറ്റ അമ്മമാരുടെ കണ്ണീരുകള്‍ക്കും അപ്പുറം കാലമിനിയുമുരുളും വിഷു വരും എന്ന് ആരൊക്കെയോ പാടി ആശ്വസിക്കുന്നു.
മണ്ണിലമര്‍ന്നുപോയ പോയകാലസൗഭഗങ്ങള് പിന്നെയും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന, തന്മയുടെ ഉണര്‍വിന്റെ കാലത്ത് നാട് എല്ലാ വിഹ്വലതകള്‍ക്കും പരിഹാരം തേടി കണ്ണന്റെ മുന്നില്‍ അണയുന്നു. അവന്റെ മുരളീഗാനത്തിന് കാതോര്‍ക്കുന്നു. അമ്പാടിയിലെ പൈക്കളെപ്പോലെ, ഗോവര്ധനത്തിലെ പുല്‍നാമ്പുകളെ പോലെ, വൃന്ദാവനത്തിലെ ഗോപികമാരെ പോലെ, യമുനാതീരത്തെ മലര്വാടികളെപ്പോലെ അവനെ, അവനെ മാത്രം കാണുന്നു…
- ആ മുഖമല്ലയോ കാണ്മു നാം എന്നുമീ
ഗ്രാമനഗരാന്തരങ്ങള് തോറും
പാടത്തുകറ്റ മെതിച്ചുകൂട്ടുന്നൊരു
പാവങ്ങള്‍ പെണ്ണുങ്ങള് തന് നിരയില്‍
കൂട്ടമായാടും തെളിച്ചുപോകുന്നൊരു
നാട്ടിന്പുറപ്പെണ്കിടാങ്ങള് തന്നില്‍
വെള്ളിത്തളയിട്ടു മണ് ചുമക്കുന്നോരില്
വെള്ളം തെരഞ്ഞെത്തുമമ്മമാരില്
എന്നുമടുക്കളച്ചൂടില് കരിഞ്ഞിടും
പെങ്ങളില്‍, കണ്ണീരടക്കുവോരില്
ഈ മുഖമല്ലയോ നിന് മുഖം? എന്‍ മുഖം
ഈ മുഖം നിത്യ വിരഹ തപ്തം
യുദ്ധവും ദുരന്തവും ദുരിതക്കാഴ്ചകളും ലോകമാകെ പത്തിവിടര്‍ത്തിയാടുമ്പോഴും ഈ പ്രകൃതി പ്രത്യാശയുടെ മയില്‍പ്പീലി ചൂടി നമുക്ക് ചുറ്റുമുണ്ടല്ലോ… അഹംഭാവത്തിന്റെയും ദുരയുടെയും അലകടല്‍ അകമേ പേറുന്ന മനുഷ്യകുലത്തിന്റെ ആധിപത്യത്വരയില്‍ ഉലകമേ കാളിന്ദിയായി മാറിപ്പോയിട്ടും കാടിന്റെ ഹൃത്തില്‍, കടമ്പിന്റെ ചോട്ടില് ഒരു ഓടക്കുഴല്‍ നാദമായി അവനുണ്ടെന്നത് വരണ്ടുണങ്ങിയ മണ്ണിലിനിയും മുളയ്ക്കാന്‍വെമ്പുന്ന പുലരിയുടെ നാമ്പായി നമുക്ക് സാന്ത്വനമാകുന്നുണ്ടല്ലോ… മിഴിനീരിലുലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിക്കാനുള്ള അവന്റെ ആഹ്വാനം, എന്നിട്ടും നാം കേള്‍ക്കാതെ പോകുന്നതെന്തുകൊണ്ടാവാം.
പ്രതീക്ഷകള്‍ പൊന്നിന് നിറമണിഞ്ഞ് പൂത്തുനില്പാണെങ്ങും… മണ്ണില്‍ കാലുറപ്പിച്ച് ജീവിച്ച ഒരു ജനതയുടെ സ്വപ്നവും പ്രയത്നവും ചാലിച്ചെടുത്ത സന്തോഷത്തിന്റെ ഓര്‍മ്മച്ചിന്തുകളില്‍ ഒരു നാട് പിന്നെയും വിഷുവിനെ വരവേല്‍ക്കുന്നു…
കാലമെത്ര മാറിയാലും എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ എന്ന് പതിവുപോലെ തൊടിയിലെ കൊന്നമരങ്ങള്‍ കാറ്റില്‍ തലയാട്ടി നീട്ടി പാടുന്നു…
ചുറ്റുമുള്ള വാര്‍ത്തകളില്‍ സ്വാര്‍ത്ഥത്തിന്റെ സഞ്ചാരമുണ്ട്… എരിവേനലില്‍ പൊലിയുന്ന സ്വപ്നങ്ങളുണ്ട്… സംഭരിച്ച നെല്ലിന്റെ പണം തേടി കര്ഷകന് സര്‍ക്കാരാപ്പീസിന്റെ വരാന്തയില്‍ കാത്തുകെട്ടി കിടക്കുന്നുണ്ട്… ഉള്ളത് നുള്ളിപ്പെറുക്കി സ്വന്തം ജീവിതം കെട്ടിപ്പടുക്കാനിറങ്ങിയവന് ചുവപ്പുനാടകളില്‍ കെട്ടിത്തൂങ്ങിച്ചത്തതിന്റെ കെട്ട വാര്‍ത്തകള്‍ പത്രത്താളില്‍ നിറയെ ഉണ്ട്…
നിരാശയുടെ കയത്തിലും കവിയുടെ ചോദ്യം മുഴങ്ങുന്നു,
- എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള് തന് തുള്ളികള്‍ വറ്റാതെ
(ഒഎന്‍വി)
എല്ലാ നിരാശകള്‍ക്കുനടുവിലും ആത്മവിശ്വാസത്തിന്റെ കുഴല്‍ വിളി നാദം കേള്‍ക്കുന്നുണ്ട്… കാലിക്കുടമണിനാദം കാതിനിമ്പം പകരുന്നുണ്ട്… കൊച്ചുകിടാവായി കണ്ണനോടിക്കളിക്കുന്നതിന്റെ കലമ്പലുകള്‍ കേള്‍ക്കാനുണ്ട്…
തന്നോളം സഹിച്ചവനാരുണ്ട് എന്ന് ലോകത്തോട് മണിച്ചിലങ്ക തോല്‍ക്കുന്ന ചിരിയോടെ അവന് ചോദിക്കുന്നുണ്ട്.
കണിയാവുകയാണ് ആ ജീവിതം… കണ്ണന്റെ ജീവിതം…
മഹാപ്രളയത്തെയും മറികടന്ന, ആസുരികതയുടെ ആധിപത്യത്തെ നേര്‍ക്കുനേര്‍ പോരാടി ജയിച്ച, ചിരിച്ചും കളിച്ചും വെണ്ണകട്ടും നൃത്തമാടിയും ലോകത്തിന്റെയാകെ ആതങ്കമകറ്റിയകറ്റിയ ഗോകുലബാലന്റെ മന്ദസ്മിതത്തിലാണ് കാലം കണികണ്ടുണരുന്നത്…
ഓര്‍മ്മയിലുണ്ട് സമൃദ്ധിയുടെ കുട്ടിക്കാലം… നാടാകെ കണ്ണന്മാര് ഉല്ലാസം കൊണ്ട് തിമിര്‍ത്ത വിഷുക്കാലം..
ഒരു നാടിന് ആത്മവിശ്വാസം കൊള്ളാന്‍ ഇതിനപ്പുറം ഇനി എന്തുവേണം….
- എന്‍ താലി നിന് താലി പൂത്താലിയാടി
- ക്കളിക്കുന്ന കൊമ്പത്ത് സമ്പത്തുകൊണ്ടാടി
നില്ക്കും കണിക്കൊന്നയല്ലേ - പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ…
(അയ്യപ്പപ്പണിക്കര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: