ഏറെക്കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നു കേരളത്തിലെ പൊതുജനങ്ങള്‍ക്ക്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ് അതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധമാണ്, അവര്‍ സാമ്പത്തിക സഹായം തഴയുന്നതാണ് എന്ന ധാരണയില്‍ വ്യത്യാസം വന്നു. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം അത്രത്തോളം ശക്തമായതിനാല്‍, കടുത്ത പാര്‍ട്ടിവിശ്വാസികള്‍ക്ക് അല്ലെങ്കില്‍ പാര്‍ട്ടികളുടെ അടിമകള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നുമാത്രം. എന്നാല്‍ അവരിലും ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട് എന്ന് ചിന്തിക്കുന്ന, എന്നു ചിന്തിക്കുന്നവര്‍ക്ക് ബോധനിലാവുദിച്ചിട്ടുണ്ട്. അവരില്‍ ചിലരും പക്ഷേ, പാര്‍ട്ടിയുണ്ട്, പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്ന രണ്ടാം ചിന്തയില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ക്കപ്പുറം തെരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ കടക്കാത്തതാണ് പ്രശ്നം.
കേരളത്തിലേത് സാമ്പത്തിക പ്രതിസന്ധിയാണ്, അതിനു കാരണം കേന്ദ്രത്തിലെ ബിജെപി-മോദി സര്‍ക്കാരാണ് എന്ന പ്രചാരണം സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്ന് ദല്‍ഹിയിലെത്തിയപ്പോഴാണ് പൂച്ചു പുറത്തായത്. വ്യാജക്കണക്കുകള്‍ നിരത്തി, നിയമസഭയെപ്പോലും ഇരുട്ടില്‍നിര്‍ത്തിയ ഘട്ടമുണ്ടായിരുന്നു, ഈ വിഷയത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റേതായി. പക്ഷേ, അവിടെ ചോദ്യം ചെയ്യാന്‍ ആളില്ലാതെപോയി. അവിടെ ഉത്തരവാദിത്വം കാണിക്കേണ്ട പ്രതിപക്ഷം പക്ഷേ മറുപക്ഷത്തെ ഭയന്ന് വാസ്തവത്തോടു കണ്ണടച്ചു. പ്രതിപക്ഷം കോണ്‍ഗ്രസ്സും അവരുടെ എതിര്‍പക്ഷം കേന്ദ്രസര്‍ക്കാരും ബിജെപിയും ഭരണപക്ഷം കമ്മ്യൂണിസ്റ്റുകളുമായ കക്ഷിരാഷ്ട്രീയത്തിന്റെ ‘ത്രികോണ മത്സര’മാണ് കേരളത്തിന്റെ അതിവേഗ പതനത്തിന് ഒരു കാരണം, അല്ല, മുഖ്യകാരണം. അവിടെ ഒരേസമയം രണ്ട് എതിര്‍കക്ഷികളെ നേരിടുന്ന കായികാഭ്യാസിയുടെ മെയ്വഴക്കവും ബുദ്ധിവൈഭവവും പ്രകിപ്പിക്കാന്‍ ആകുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രശ്നം. പൊതുവേ ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതാണ് ഇത്. ഇവിടെ തോറ്റമ്പുന്നത് സംസ്ഥാനമാണെന്നകാര്യം തിരിച്ചറിയാതെപോകുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്തം അത്രയേറെ പരസ്യമായിക്കഴിഞ്ഞതുകൊണ്ടാണ്. സകലരും, അവര്‍ പണ്ഡിതരോ പാമരരോ ദരിദ്രരോ സമ്പന്നരോ വിവേകികളോ അവിവേകികളോ വിദ്യാര്‍ത്ഥികളോ ഉദ്യോഗാര്‍ത്ഥികളോ ആയിക്കൊള്ളട്ടെ, അതിസാധാരണക്കാരാകട്ടെ, സകലരും സ്ഥാനത്തും അസ്ഥാനത്തും അവരവരുടെ രാഷ്ട്രീയം, അല്ല, കക്ഷിരാഷ്ട്രീയം പ്രസ്താവിക്കുന്നു. അതായത് കണ്ട സിനിമയുടെ കഥ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ കഥാപാത്രങ്ങള്ക്കുപകരം അഭിനേതാക്കളുടെ പേരു പറയുന്നതുപോലെയാകുന്നു ആ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍. അവര്‍ രാഷ്ട്രീയ ഇസമല്ല, പാര്ട്ടിപ്പേരുപറഞ്ഞാകുന്നു വിളിച്ചുപറഞ്ഞ് സ്വയം വെളിച്ചപ്പെടുത്തുന്നത്. വ്യക്തിപരമായിരിക്കേണ്ട രാഷ്ട്രീയ വിശ്വാസം പരസ്യമായി സമൂഹമദ്ധ്യത്തില്‍ വിളിച്ചുപറയുന്നു. കലാ-സാംസ്കാരിക നായകരും സമൂഹത്തിനെ പൊതുവേ സ്വധീനിക്കാന്‍ ഇടയുള്ളവരും അതുകൊണ്ടുതന്നെ വ്യക്തിത്വം കക്ഷിരാഷ്ട്രീയ ബാധയില്ലാത്തതാണെന്നും തോന്നിപ്പിക്കേണ്ടവര് പോലും രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നു. അങ്ങനെ സാംസ്കാരികതയുടെ കാവലാളാകേണ്ടവരും കക്ഷിരാഷ്ട്രീയത്തിന്റെ കാല്‍ക്കീഴിലമരുന്നു. ഇത് കേരളത്തില്‍ മാത്രമാണ് ഇത്രയേറെ പ്രകടം.
രാഷ്ട്രീയപ്രവര്‍ത്തനത്തിന് വിലക്കുള്ള മേഖലയാണ് സര്‍ക്കാര്‍ ഉദ്യോഗം. സര്‍വീസ് സംഘടനകള്‍ എന്ന പേരില്‍ അവിടെ കക്ഷിരാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് പരസ്യമാണ്. രാഷ്ട്രീയം പാടില്ലാത്ത പോലീസ് സേനയില്‍ രാഷ്ട്രീയം വിളിച്ചുപറയുന്ന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. അത് ഏതെങ്കിലും പൊതുധാരയെ പിന്തുടരുന്നതിന്റെ പേരിലുള്ള വിഭജനമാണ് എന്ന് പറയാമെങ്കിലും ഒരു പരിധിവരെ സഹനീയമാണ്. കാരണം, തൊഴിലാളികളുടെ, ജീവനക്കാരുടെ സേവനരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിട്ടാണ് ആ സര്‍വീസ് സംഘടനകളുടെ പ്രവര്‍ത്തനം എന്നാണ് സങ്കല്‍പ്പം. പക്ഷേ, അതിനപ്പുറം, ഇടുങ്ങിയ കൊച്ചുകൊച്ചുതാല്പ്പര്യങ്ങളില് രൂപംകൊള്ളുന്ന ചെറിയചെറിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വക്താക്കളും പ്രയോക്താക്കളുമായി സര്‍വീസ് സംഘനകള്‍ മാറുന്നു. പേരിലേ ഭേദമുള്ളു. അത് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ പേരുമാറ്റി അവതരിപ്പിക്കുന്നതുപോലെ എളുപ്പമുള്ള പ്രവൃത്തിയുമാകുന്നു. അതൊക്കെക്കൊണ്ടാണ് കേരളത്തിന്റെ പ്രശ്നം സാമ്പത്തികമാണെന്നും അതിനിടയാക്കുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാണെന്നുമുള്ള പ്രചാരണത്തിന് താഴേത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയേറിയത്.
എന്നാല്‍, ഈ വാദവുമായി കേരളം സുപ്രീംകോടതിയില്‍ ചെന്നപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. അതോടെ കേന്ദ്ര സര്‍ക്കാരല്ല പ്രശ്നം, സാമ്പത്തികമല്ല കേരളത്തിന്റെ വിഷയം, അടിസ്ഥാനപരമായി പ്രതിസന്ധിക്കുകാരണം മറ്റുപലതുമാണെന്ന് അടിത്തട്ട് തെളിഞ്ഞുവന്നു; കൂടുതല്‍ തെളിയുന്നു. ആത്യന്തികമായി ചില വലിയ തിരുത്തലുകള്‍ക്ക് സമയമായെന്ന തിരിച്ചറിവ് പൊതുവില്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. കേരളം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. കോടതിക്ക് ബോദ്ധ്യമായി. അക്കാര്യത്തില്‍ കേരളത്തിനും പൊതുവേ ബോദ്ധ്യം വന്നു. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് നടത്തിയിരുന്ന ‘ഇരവാദം’ കേന്ദ്ര സര്‍ക്കാരിനെതിരേ തെരഞ്ഞെടുപ്പ് പ്രചാരണ രാഷ്ട്രീയവേദികളില്‍ കേള്‍ക്കുന്നില്ല. എന്തുകൊണ്ട് അക്കാര്യം പറയുന്നില്ല എന്ന് കേരളത്തിലെ ഔദ്യോഗിക പ്രതിക്ഷം ചോദിക്കുന്നുമില്ല. കേന്ദ്രസര്‍ക്കാരും അത് നയിക്കുന്ന പാര്‍ട്ടിയും നല്കുന്ന വിശദീകരണങ്ങള്‍ പുറത്തുവരുന്നത്, കേരളത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമെന്ന ആക്ഷേപം വീറോടെ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളും വിളിച്ചുപറയുന്നില്ല. കാരണം കക്ഷിരാഷ്ട്രീയം കേരളത്തിലമാദ്ധ്യമങ്ങളിലും അത്രമാത്രമാണല്ലോ.
കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വിശദീകരണങ്ങള്‍ നല്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ-സാംസ്കാരിക സഹമന്ത്രിയും ബിജെപി ദേശീയ വക്താവുമായ പ്രമുഖ അഭിഭാഷക മീനാക്ഷി ലേഖി കേരളത്തിലെ മാദ്ധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചു. ഇത് നിങ്ങളിലൂടെ ജനങ്ങളിലെത്തണമെന്നും പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ച, വികസന പ്രവര്‍ത്തനങ്ങള്‍, അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക്, സംസ്ഥാനത്തിന് നല്കുന്ന സാമ്പത്തിക സഹായം, അതില്‍ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ എല്ലാം വിശദീകരിച്ചു. ബജറ്റ് വിഹിതത്തില്‍ കേരളത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തില്‍ 236 ശതമാനം വര്‍ദ്ധന ഉണ്ടായി, കേരളത്തിന് വിവിധ വഴികളില്‍ നല്കുന്ന സാമ്പത്തിക പിന്തുണയില്‍ 400 ശതമാനം വര്‍ദ്ധന എന്നിങ്ങനെ ഉണ്ടായതായി വിശദീകരിച്ചു. പക്ഷേ, കേരളത്തിന് എന്തുകൊണ്ട് വളര്‍ച്ചയില്ല, സാമ്പത്തിക പ്രതിസന്ധി ഉണ്ടായി, അത് ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്നായിരുന്നു വിശദീകരണം. ഭാരതം വികസിക്കുന്നു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷംകൊണ്ട്, ഇതുവരെ രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പല മടങ്ങ് വികസനവൃത്തികള് നടപ്പാക്കുന്നു, പക്ഷേ, വന്‍ വിലവര്‍ദ്ധന ഉണ്ടായിട്ടും സ്വര്‍ണ്ണാഭരണ വിപണിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വാങ്ങല്‍ ഇടപാട് നടക്കുന്ന കേരളത്തില്‍ മാത്രമെന്താണ് സാമ്പത്തിക പ്രതിസന്ധി. ഇത് ഒന്ന്: ഭരണത്തിലെ പിടപ്പകേടാണ്, രണ്ട്: ഭരണത്തിലെ അഴിമതിയാണ് എന്ന വിവരണമാണ് ലേഖി നല്‍കിയത്. മൂന്നാമതായി നല്കിയ സാങ്കേതിക വിവരണമാണ് ഏറ്റവും ശ്രദ്ധേയം. അത് കേരളജനതയുടെ കണ്ണ് തുറപ്പിക്കാന്‍ ഉതകുന്നതാണ്; ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കണ്‍തുറന്ന് വോട്ടുചെയ്താല്‍ കേരളത്തെ ഇന്നത്തെ സ്ഥിതിയിലാക്കിയ ഇടത്-വലത് മുന്നണികളുടെ ‘കണ്ണ് തുറിപ്പിക്കുന്ന’ തീരുമാനമാകുകയും ചെയ്യും.
ലേഖി വിവരിച്ച സാങ്കേതിക പ്രശ്നമിങ്ങനെ: കേരളത്തില്‍നിന്നുള്ള വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വരുമാന നികുതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല എന്നാണ് പരാതി. കേരളത്തില്‍ പല ഉല്‍പ്പന്നങ്ങളും വിറ്റുപോകുന്നുണ്ടാകും. ഇത് വലിയ തുകയ്ക്കുള്ളതാകും. എന്നാല്‍, ”വില്‍പ്പന നികുതി കണക്കാക്കുമ്പോള്‍ ഈ ഉല്‍പ്പന്നങ്ങള്‍ എവിടെ ഉല്‍പ്പാദിപ്പിച്ചു, ആ കമ്പനി, അല്ലെങ്കില്‍ സ്ഥാപനം ഏത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നതനുസരിച്ച് ആ സംസ്ഥാനത്തിനാണ് നികുതി വിഹിതം കിട്ടുക. ഇത് നമ്മുടെ ഭരണഘടനയും ഭരണ നിര്‍വഹണ സംവിധാനത്തിനുള്ള നിയമഘടനയും പ്രകാരം പതിറ്റാണ്ടുകളായി നിശ്ചയിച്ച് നടപ്പാക്കിയിട്ടുള്ളതാണ്. അത് ഒരു സംസ്ഥാനത്തിനുമാത്രമായി മാറ്റാനാവില്ല. ആ സാങ്കേതിക അറിയാതെയാണ് ഇപ്പോള്‍ നടക്കുന്ന കുപ്രചാരണം. സംസ്ഥാനം സ്വയം പറയുന്ന നുണയുടെ മറവില്‍ ഒളിക്കുകയാണ്. ഈ വിവരം മാദ്ധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണം.”
അപ്പോള്‍ അതാണ് പ്രശ്നം. കേരളം ഇങ്ങനെ എക്കാലവും ഉപഭോഗ സംസ്ഥാനമായി, മറ്റുള്ളവരുണ്ടാക്കുന്നു, നമ്മള് അനുഭവിക്കുന്നു, പോരായ്മകള്‍ക്ക് മറ്റള്ളവരെ കുറ്റപ്പെടുത്തുന്നു എന്ന പഴയ ”കോഴിയമ്മക്കഥ”യിലെ കുഞ്ഞിക്കോഴികളായി കഴിയുകയാണ്. ഭാരതത്തിന് വളരാമെങ്കില് എന്തുകൊണ്ട് കേരളത്തിന് വളര്‍ന്നുകൂടാ എന്ന ചോദ്യം ബാക്കിയാണ്. അവിടെയാണ് ഭരണ പിടിപ്പുകേടും ഭരണ അഴിമതിയും അവസാനിപ്പിക്കേണ്ട വിഷയമാകുന്നത്.
എങ്കില്‍ കേരളത്തിന്റെ രക്ഷയ്ക്കുള്ള ബിജെപിയുടെ ബദല്‍ നിര്‍ദ്ദേശമെന്ത് എന്ന ചോദ്യത്തിന് ബിജെപി നേതാവ് പറഞ്ഞതാണ് കൃത്യമായ മറുപടി: ”ആദ്യം കേരളത്തിലെ ജനത തീരുമാനിക്കട്ടെ, തെരഞ്ഞെടുപ്പ് അതിന് അവസരമാണ്. ബാക്കി അപ്പോള്‍ തീരുമാനിക്കാം.” അതെ, അതാണ് മറുപടി. മാതൃക ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലുണ്ട്; കേന്ദ്ര സര്‍ക്കാരിലുണ്ട്. തീരുമാനം കേരള ജനതയുടേതാണ്.
പിന്കുറിപ്പ്:
ചൂട്കൂടിയതില് കേരളം ആശങ്കപ്പെടുന്നുണ്ട്. ചൂടുകൂടാനുള്ള കാരണം ചര്‍ച്ചയാകുന്നില്ല. എയര്‍ കണ്ടീഷണറുകള്‍ വാങ്ങാലും വില്‍ക്കലും തകൃതിയാണ്. അതുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ചൂട് കൂടുന്നുവെന്ന പാഠം ആരും പറയുന്നില്ല. വനം നശിപ്പിച്ചതുമാത്രമല്ല, കോണ്‍ക്രീറ്റ് വനം നട്ടതാണ് ചൂടിന് ഒരു പ്രധാന കാരണം. കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന എസി എന്ന വര്‍ത്തമാനം പോലുമെങ്ങുമില്ല, കുറഞ്ഞ വിലയിലാണ് എല്ലാവര്ക്കും കമ്പം. ആത്മനാശത്തിലേക്കുള്ള അതിവേഗക്കുതിപ്പുകള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: