മലയാള നാടിന്റെ പ്രാചീന നവവത്സരാരംഭ സുദിനമാണ് വിഷു. മാസങ്ങളില്‍ ആദ്യത്തേതായ മേടത്തിന്റെ ഒന്നാം ദിവസം. രാശിചക്രത്തില്‍ പ്രഥമവും മേടം. കൊല്ലവര്‍ഷം കണക്കുകൂട്ടുന്നതാവട്ടെ ചിങ്ങത്തിലും. മേടവും ചിങ്ങവും മലയാളിക്ക് പ്രിയമാര്‍ന്ന മാസങ്ങള്‍. പ്രാക്തനമംഗളങ്ങള് ഇന്ന് പകര്ന്നാടുന്നയായി.
സൂര്യന്റെ വാര്‍ഷിക പ്രദക്ഷിണപഥവും ഖഗോളമധ്യരേഖയും സന്ധിക്കുന്ന ബിന്ദുവത്രേ വിഷു. ‘വിഷുവം’, ‘വിഷുവത്’ എന്നിവ വിഷുവിനു പകരം പദങ്ങള്‍. രാത്രിയും പകലും സമമായ കാലം. ഉത്തരായനത്തില്‍ സൂര്യന് ഭൂമധ്യരേഖ കടക്കുന്നതിനാല്‍ ഇത് വസന്തവിഷു. അങ്ങനെ നമുക്ക് രണ്ടു വിഷുക്കാലം. പ്രാധാന്യവും പ്രാമാണ്യവും മേടവിഷുവിനു തന്നെ. ആണ്ടോടാണ്ട് മലയാളി ഈ സംക്രമോഷസ്സിനെ വരവേല്‍ക്കുന്നു, എതിരേല്ക്കുന്നു, അനുഷ്ഠാന വിശേഷമായ ചമയചാരുതകളോടെ.
മണ്ണും വിണ്ണും നിറയുന്ന കാലം. അകവും പുറവും ഇല്ലവും വല്ലവും ഒപ്പം നിറയുന്ന സമയം. എങ്ങും നിറവിന്റെ ശ്രീ സമൃദ്ധികള്‍. കൊടിയ വേനലിലും പൂര്‍ണ പുഷ്പിണികളായി നില്ക്കുന്ന കൊന്നത്തൈയ്യുകള്. വസന്തം വരുന്നതിന്റെ വളകിലുക്കമാണെങ്ങും.
വിഷുദിനത്തില്‍ ഉണര്‍ന്നെണീറ്റ് ആദ്യം കാണുന്ന മംഗള വസ്തുക്കള്‍. വിശ്വപ്രകൃതിയുടെ ഒരു ‘മിനിയേച്ചര്‍’, ഓട്ടുരുളി നിറയെ. അനവദ്യമായ അകൃത്രിമ ദ്യുതി. വിഷുക്കണി എന്ന ധന്യാനുഭൂതി. ഒരുകാലത്ത് വിഷു ആണ്ടു പിറവിയായിരുന്നതിനാല് വിഷുഫലം വര്ഷാന്ത്യത്തോളം ഒപ്പമുണ്ടാവും എന്ന രൂഢിയായ വിശ്വാസം. മറ്റൊന്നിനും കാണാതിരിക്കാന്‍ കണ്ണു പൊത്തി കണിയുടെ മുന്പില് എത്തി കണ്ണുതുറക്കുന്നു. ദേവ ചിത്രങ്ങള്‍, ദേവതാ രൂപങ്ങള്‍, കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, തേങ്ങ, അരി, വെള്ളം, വാല്‍ക്കണ്ണാടി, വസ്ത്രം, സ്വര്‍ണ്ണം, കൊളുത്തിയ നിലവിളക്ക്. ബിംബ പ്രതിബിംബ ഭാവത്തില്‍ വിശ്വപ്രകൃതി ഒന്നാകെ മുറിക്കുള്ളില്‍ ഘനീഭൂത സത്യമായി പകര്‍ന്നാടുന്നു. കാര്‍ഷിക കേരളത്തിന്റെ വിഷുപ്പതിപ്പിനുള്ള മുഖചിത്രമത്രേ ഇത്.
വിഷുദിവസം കാലത്ത് വാങ്ങുന്ന പാരിതോഷികമാണ് വിഷുക്കൈനീട്ടം. കണികണ്ടുകഴിഞ്ഞാല്‍ കുടുംബനാഥന് പ്രിയജനങ്ങള്‍ക്ക് നല്കുന്ന ദ്രവ്യമാണിത.് കൊടുക്കുന്നവന് കൈ’നീട്ട’വും. വാങ്ങുന്നവന് കൈ’നേട്ട’വും. വ്യക്തിയുടെ നീളുന്ന കൈകള്‍ അപരവ്യക്തിക്ക് നേട്ടമാകുന്ന പാരസ്പര്യത്തിന്റെ സൗമ്യവും ദീപ്തവുമായ അടയാളം. ഇവിടെ കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭചേതങ്ങളില്ല. സാമ്പത്തിക തത്ത്വശാസ്ത്രത്തിന്റെ ലളിതമുഖം തന്നെയിത്. കൈ നീട്ടമാണോ കൈനേട്ടമാണോ ശരിയെന്ന് കേരളപാണിനിമാര് തര്‍ക്കിക്കട്ടെ. നമുക്കീ ഓമനയായ വികാരത്തെ മെരുക്കി വളര്‍ത്താം.
മലയാളക്കരയുടെ ഉത്സവകാലമാണിത.് മേടപ്പത്തിന് പ്രാധാന്യം ഏറെ. പത്താമുദയമെന്ന പേരിലുള്ള ക്ഷേത്രോത്സവങ്ങള്‍. സവിതാവിന്റെ വരേണ്യമായ ഭര്ഗസ്സ് ആരാധിക്കപ്പെടുന്ന കാലസന്ധി. സൂര്യന് അത്യുച്ചനാകുന്ന ദിനം.
‘വിഷുപ്പക്ഷി’ ഒരു ദേശാടനക്കിളിയാണ.് ദേശം മുഴുവനും മൊബൈല്‍ ടവറുകള്‍ ഉയര്‍ന്നപ്പോള്‍ ചിറകുകള്‍ക്ക് ശക്തിക്ഷയം നേരിട്ട മറ്റൊരു പക്ഷിക്കൂട്ടം. ഉത്തരായന പക്ഷി, കതിരുകാണാക്കിളി, സ്വര്‍ഗവാതില്‍ പക്ഷി എന്നെല്ലാം പേരുള്ള പേരുള്ള ഈ വിഷുപ്പക്ഷിയുടെ വായ്ത്താരി ഒരല്പം ശ്രദ്ധിച്ചാല്‍ ഇപ്പോഴും കേള്‍ക്കാം. ‘ചക്കയ്ക്കുപ്പുണ്ടോ…’, ‘അച്ഛന് കൊമ്പത്ത്…’, ‘കള്ളന് ചക്കേട്ടു’… എതിരൊലിയുടെ അനുരണനങ്ങള്‍ നമ്മുടെ വായ്മൊഴി വഴക്കങ്ങളില്‍ വറ്റാതിരിക്കട്ടെ. പ്രകൃതി, പേന നല്കിയ പി. കുഞ്ഞിരാമന് നായരുടെ ഈരടിയിങ്ങനെ:
‘മേട പുലരി കൊളുത്തും തങ്ക-
വിളക്കിന് വിഷുവേല
തങ്കപ്പൂവണി മലയാളത്തിന്
കാവില്‍ വിഷുവേല’
വിഷുസംക്രാന്തി കൊളുത്തുന്ന തങ്കവിളക്കിലെ വെളിച്ചം ശുഭദര്ശനത്തിനാവട്ടെ. ഇല്ലവും വല്ലവും നിറയുന്നത് നമ്മുടെ സാംസ്കാരിക പൈതൃകത്താലാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: