എടത്വ:അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി തുടര്‍ ചികിത്സയില്‍ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ കോടമ്പനാടി പുത്തന്‍പുരയ്‌ക്കല്‍ വീട്ടില്‍ അഭിലാഷിന്റെയും സനിലകുമാരിയുടെയും മൂത്ത മകന്‍ അഭിനവിന് (11) സ്‌നേഹത്തില്‍ പൊതിഞ്ഞ വിഷുക്കൈനീട്ടം തപാല്‍ വകുപ്പ് എത്തിച്ചു.
2023 നവംബര്‍ ഏഴിന് ആണ് അഭിനവിനെ ചികിത്സയ്‌ക്കായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇനിയും മൂന്നു മാസം കൂടി ചികിത്സ വേണ്ടി വരും. വിഷുവിന്റെ പിറ്റെ ദിവസവും അഭിനവിന് കീമോയ്‌ക്കു വിധേയനാകേണ്ടതിനാല്‍ അഭിനവിനും മാതാപിതാക്കള്‍ക്കും വിഷു ദിനത്തിലും വീട്ടിലെത്താന്‍ സാധ്യമല്ല.ഈ സാഹചര്യത്തിലാണ് എല്ലാവരും ഒപ്പമുണ്ട് എന്ന് സന്ദേശം നല്‍കി വിഷുക്കൈനീട്ടം തപാലില്‍ അയച്ചതെന്ന് പൊതു പ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള പറഞ്ഞു. സാധാരണ മണി ഓര്‍ഡറുകളില്‍ നിന്നും വ്യത്യസ്തമായി നാം അയയ്‌ക്കുന്ന തുകയും ഒരു രൂപയുടെ നാണയം കൂടി ചേര്‍ക്കും.
അഭിനവിന് ശസ്ത്രക്രിയയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കും ഭീമമായ തുക ആവശ്യമായിരുന്നതിനാല്‍ ചികിത്സ സഹായ സമിതി രൂപികരിച്ച് ധനസമാഹരണം നടത്തുകയും ഏകദേശം 12 ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു.വാടക വീട്ടില്‍ താമസിച്ചു വരവെ കൊവിഡ് ബാധിച്ച് അമ്മയും മുത്തച്ഛനും 10 ദിവസത്തിനുള്ളില്‍ മരിച്ചതിനാല്‍ ആറാം മാസം അനാഥയായി തീര്‍ന്ന സഞ്ജനമോള്‍(4)ക്കും വിഷുക്കൈനീട്ടം അയച്ചു കൊടുത്തു. മുത്തശ്ശിയായ എടത്വ പാണ്ടങ്കരി പനപറമ്പില്‍ വത്സലയും ചെറുമകള്‍ സഞ്ജനയും ഇപ്പോള്‍ പുറക്കാട് മാളിയേക്കല്‍ ജി. ജയദേവ കുമാറിനോടാപ്പമാണ് താമസം. വത്സലയുടെ സഹോദരന്‍ ആണ് ജയദേവ കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: