സിഎസ്ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയില്‍ മദ്രാസ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സിനഡ് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താനായി വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെട്ടരുടെ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബിഷപ്പുമാരുടെയും വൈദികരുടെയും വിരമിക്കല്‍ പ്രായം 67ല്‍ നിന്ന് 70ആക്കിയും യോഗ്യത ഇളവു ചെയ്തും ഭരണഘടനയില്‍ ഭേദഗതി വരുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരുപക്ഷം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ കോടതി ഭേദഗതി റദ്ദാക്കിയതോടെ മോഡറേറ്ററായിരുന്ന ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന് പദവി നഷ്ടമായിരുന്നു. മറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അന്ന് പരിഗണിച്ചിരുന്നില്ല എന്നാല്‍ പുതിയ വിധിയോടെ മോഡറേറ്ററുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് റൂബിള്‍ മാര്‍ക്ക്, സിനഡ് സെക്രട്ടറി ജനറല്‍സെക്രട്ടറി രത്തിനരാജ, ട്രഷറര്‍ വിമല്‍ കുമാര്‍ എന്നിവരും അയോഗ്യരായി. തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
കേരളമടക്കം അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കന്‍ മേഖലയ്‌ക്കും വിധി ബാധകമാണ്. നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജസ്റ്റിസ് ആര്‍.ബാലസുബ്രഹ്‌മണ്യം, ജസ്റ്റിസ് വി.ഭാരതീദാസന്‍ എന്നിവര്‍ ഭരണച്ചുമതല നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: