തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെ പ്രതിയാക്കാന്‍ ഇ ഡി. കരുവന്നൂര്‍ സഹ. ബാങ്കില്‍ നിന്നു വന്‍തുക തട്ടിയെടുത്ത പി. സതീഷ്കുമാറില്‍ നിന്നു പണം വാങ്ങിയത് വ്യക്തമായതിനെ തുടര്‍ന്നാണ് ബിജുവിനെ പ്രതിയാക്കുന്നത്. പണത്തിനുപുറമേ ടാബ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും ബിജു സതീഷില്‍ നിന്നു പാരിതോഷികമായി കൈപ്പറ്റി. ഇതിന് പുറമേ ബിജുവിന് പാര്‍ളിക്കാട് വാടക വീട് എടുത്തു നല്കിയതും സതീഷ്കുമാറാണ്. ഇതിന്റെ വാടകയും സതീഷാണ് നല്‍കിയത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ കരുവന്നൂര്‍ തട്ടിപ്പു കേസില്‍ പ്രതിയാകുന്നത് സിപിഎം നിലപാടുകളെ ഒന്നുകൂടി ദുര്‍ബലമാക്കും. ബിജുവിന് പുറമേ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനും പ്രതിയാകും.
ജില്ലയിലെ ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച പരിശോധന ഇ ഡിയും ആദായ നികുതി വകുപ്പും തുടരുകയാണ്. ഇതില്‍ വ്യക്തത വരുന്നതോടെ കൂടുതല്‍ പ്രാദേശിക നേതാക്കളും കേസില്‍പ്പെടാന്‍ സാധ്യതയുണ്ട്. ജില്ലയിലെ വിവിധ സഹ. ബാങ്കുകള്‍ കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണ ഇടപാടുകളും പരിശോധിക്കുകയാണ്. തെരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതികളാകുന്നത് സിപിഎമ്മിനു രാഷ്ട്രീയമായും തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: