കലാവല്ലഭന്റെ നാട്ടില്‍ അനിലിന്റെ പര്യടനം ആവേശോജ്ജ്വലം. തിരുവല്ല നിയമസഭാ മണ്ഡലത്തിലായിരുന്നു ഇന്നലെ അനില്‍ ആന്റണി. പര്യടനത്തിന് തുടക്കം കുറിച്ച കുറ്റൂരില്‍ പറഞ്ഞ സമയത്തുതന്നെ സ്ഥാനാര്‍ത്ഥി ഹാജര്‍.
സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്ന ന്യൂജന്‍ പിള്ളേര്‍ക്കൊപ്പം കൂടി, അതിനിടെ അടുത്തു നില്ക്കുന്നവരോട് കുശലം ചോദിച്ച്…
രാവിലെ കുറ്റൂരില്‍ തുടങ്ങിയ പരിപാടി ഇടിഞ്ഞില്ലത്ത് അവസാനിക്കുമ്പോള്‍ അപ്പര്‍കുട്ടനാട് നല്കിയ ഊഷ്മള സ്നേഹമായിരുന്നു എവിടെയും. വര്‍ണാഭമായിരുന്നു ഓരോ സ്വീകരണവും. കുങ്കുമ- ഹരിത പതാക നിറഞ്ഞ നാട്ടുവീഥികള്‍. കൊയ്തൊഴിഞ്ഞ പാടങ്ങള്‍. നെല്ലിന്റെ മണംപരക്കുന്ന ഇളംകാറ്റ്.
മീനച്ചൂടിനെ കൂസാതെയായിരുന്നു എന്‍ഡിഎ പ്രയാണം. എന്‍ഡിഎ ജില്ലാ കണ്‍വീനറും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.എ. സൂരജ് പര്യടനം ഉദ്ഘാടനം ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം തുറന്ന വാഹനത്തിലേക്ക്. ആദ്യം അനൗണ്‍സ്മെന്റ് വാഹനം. പിന്നാലെ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍…
അപ്പര്‍കുട്ടനാട്
അപ്പര്‍കുട്ടനാടന്‍ മേഖലയുടെ പ്രതിസന്ധികളും കരളലിയിക്കുന്ന കണ്ണീര്‍ക്കാഴ്ചകളും പങ്കുവച്ച കര്‍ഷക സമൂഹത്തെ നെഞ്ചോട് ചേര്‍ത്തായിരുന്നു അനിലിന്റെ വാക്കുകള്‍. കുറ്റൂര്‍ മുതലുള്ള കാര്‍ഷിക മേഖലയില്‍ ഇന്നും നടക്കാന്‍ നല്ലൊരു റോഡില്ലാത്ത ഇടങ്ങള്‍ അനില്‍ നേരില്‍ക്കണ്ടു. മാറ്റമുണ്ടാവുമെന്ന് ഉറപ്പു നല്കി കുറ്റൂരില്‍ നിന്ന് ആദ്യ സ്വീകരണസ്ഥലമായ അനച്ചക്കോട്ടിലേക്ക്. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും പ്രായഭേദമില്ലാതെ പ്രവര്ത്തകഗണവും കാത്തുനില്ക്കുന്നു. അമ്പലത്തിങ്കലും കല്ലൂര്ക്കുളവും എത്തിയപ്പോഴേക്കും കൊടുംവെയിലായി. എല്ലാ സ്വീകരണസ്ഥലത്തും വെള്ളവും ലഘുഭക്ഷണവും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
വരട്ടാറിന്റെ പ്രളയഭൂമിയിലൂടെ
കോടികള്‍ മുടക്കിയിട്ടും ശാപമുക്തമാകാത്ത വരട്ടാറിന്റെ പാരിസ്ഥിതിക വെല്ലുവിളികള്‍ ഓര്‍മിപ്പിക്കുന്ന കാഴ്ചയാണ് തലയാറില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് കാണാന്‍ കഴിഞ്ഞത്. പലയിടത്തും നീര്ച്ചാല് മാത്രം. ഇടതുഭരണത്തിന്റെ നിസംഗത അടയാളപ്പെടുത്തുന്നതായി ഇവിടെ ജനങ്ങളുടെ പ്രതികരണം.
നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ കാലത്താണ് വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ലക്ഷങ്ങള്‍ അനുവദിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ തുടങ്ങിയ സിപിഎം- സിപിഐ പോര് ആദ്യ പ്രതിസന്ധിയായി. ഇതിന്റെ പേരില്‍ പൊതുജനത്തിന്റെ പക്കല്‍ നിന്നും പിരിച്ച കോടികള്‍ എവിടെ പോയെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
കരിമ്പിന്റെ കയ്പ്പുനീര്
പടയണിപ്പാട്ടുകളുടെ തപ്പും തകിലും ഉണരുന്ന തെങ്ങേലി വഴി വെണ്പാലയിലൂടെ കല്ലൂങ്കലിലേക്ക്. ഇന്നും വികസനമെത്താത്ത പ്രദേശം. പ്രളയവും കൊവിഡും വരുത്തിവെച്ച ഇല്ലായ്മകള്‍ ഇന്നും ഇവരെ ദുരിതത്തില്‍ നിന്ന് കരകയറ്റിയിട്ടില്ല. നിസ്സഹായതകള്‍ക്കിടയിലും പ്രതീക്ഷകള്‍ക്ക് കരുത്ത് പകരാനെത്തിയ അനിലിനെക്കാത്ത് നിരവധി ആളുകളാണ് ഇവിടെയും കാത്തുനിന്നത്. പിന്നെ പരുമലയിലേക്ക്.
പാര്‍ട്ടി കോട്ടകളില്‍ ഇളക്കം
സിപിഎം അക്രമരാഷ്ട്രീയത്തിന്റെ ഇരകളായ പരുമല ബലിദാനികളുടെ ഓര്‍മകള്‍ക്ക് കണ്ണീര് പൂക്കള്‍ അര്‍പ്പിച്ചായിരുന്നു പരുമലയിലെ സ്വീകരണ പരിപാടി. പരമ്പരാഗത പാര്‍ട്ടി കോട്ടകളില്‍ വലിയ സ്വീകാര്യത ദേശീയതയ്ക്ക് ലഭിക്കുന്നുവെന്ന സൂചനയായി വന്‍ ജനാവലി. ഉച്ചഭക്ഷണത്തിന് ശേഷം സെന്റ് ഫ്രാന്‍സിസ് കടവ് വഴി കടപ്രാ ജങ്ഷനിലേക്ക്.
നെല്ലറകളില്‍
വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയാണ് ഇപ്പോള്‍ പ്രയാണം. ഇടയ്ക്കിത്തിരി വേനല്‍മഴ. ആവേശം ചോരാതെ യാത്ര. മൂന്ന് മണിയോടെ നിരണം പഞ്ചായത്തിലേക്ക്. തുടര്‍ന്ന് എസ്ബിഐ ജങ്ഷന്, പഞ്ചായത്ത് മുക്ക്, പനച്ചിമൂട്, പെരുമ്പള്ളം വഴി നെടുമ്പ്രം ഗ്രാമപഞ്ചായത്തിലേക്ക്.
കുടുംബശ്രീയുടെ പേരില്‍ സിപിഎം നടത്തിയ ഫണ്ട് തട്ടിപ്പിന്റെ കഥകളായിരുന്നു നെടുമ്പ്രത്തിന് പറയാനുണ്ടായിരുന്നത്. ഇന്നും സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് നഷ്ടമായ പണം തിരികെ കിട്ടിയിട്ടില്ല. വേനല്‍ സൂര്യന് ചക്രവാളത്തില്‍ മറയാനൊരുങ്ങുമ്പോള്‍ യാത്ര പൊടിയാടി പിന്നിട്ട് മണക്ക് വഴി ചാത്തങ്കേരിയിലേക്ക്. വൈകിട്ട് ഏഴോടെ പെരിങ്ങരയില്‍.
പെരിങ്ങരയും ഇലങ്കത്ത് പടിയും പിന്നിട്ട് ഉണ്ടപ്ലാവ് വഴി നഗരസഭയിലേക്ക്. കിഴക്കേനട, തിരുമൂലപുരം, കറ്റോട്, കിഴക്കന്‍ മുത്തൂര്‍, മന്നന്കരചിറ, അഴിയിടത്തുചിറ വളി ഇടിഞ്ഞില്ലം പിന്നിട്ടപ്പോഴേക്കും രാത്രി 9 മണി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: