ഈ ലോകമാകുന്ന താമരയുടെ മൂലസ്ഥാനം നോക്കുക. അത് പരമപുരുഷന്റെ നാഭിയിലാണ് നില്‍ക്കുന്നത്. സൃഷ്ടിയിലെ മഹാരഹസ്യത്തെയാണ് ഇത് വെളിവാക്കുന്നത്. ഈ ലോകത്തിന് ഒരു കാലത്തുമില്ലാതിരുന്ന സ്വതന്ത്രമായ അസ്ഥിത്വത്തെയാണ് ഈ നാഭീബന്ധത്തിലൂടെ അറിയേണ്ടത്. ഈശ്വരനുമായുള്ള ബന്ധം മുറിയാതെ ഇതൊരിക്കലും സ്വതന്ത്രമാകില്ലല്ലോ? അതായത് ഈ താമരയ്ക്ക് ഒരുകാലത്തും പരമപിതാവില്‍ നിന്ന് വേറിട്ട് നില്ക്കുവാന് കഴിയില്ല. ഇത് അവനിലെ ഗര്‍ഭമാണ്, പൊക്കിള്‍ ബന്ധം അറ്റുപോകാത്ത ലോകമാകുന്ന ഈ കുഞ്ഞ് ഇപ്പോഴും അമ്മയുടെ ഉദരത്തില്‍ തന്നെയാ ണ്. എന്നാല്‍ ഈ ലോകത്തിന് കാണിക്കു വാനുള്ളത് താന്‍ എന്നും ഈശ്വരന് വെളിയിലാണെന്ന മഹാകള്ളത്തെയുമാണ്. അതു കൊണ്ടാണ് അവന് പുറത്തായി ലോകത്തെ ആവിഷ്കരിച്ചിരിക്കുന്നത്.
ഇങ്ങനെ ഗര്‍ഭം ധരിക്കുവാനും, മായാ മോഹിനിയായി രൂപം മാറുവാനും കഴിയൂന്നത് ഇവന് പുരുഷനും സ്ത്രീയുമായതു കൊണ്ടാണ്. ഒന്നായ ഈശ്വരസത്തയുടെ അകത്തെ കാഴ്ചകള്‍ ഈവിധം പുറം ലോകത്തെ ബിംബങ്ങളായി ആവിഷ്കരിച്ചപ്പോള്‍ അവന്റെ ഐശ്വര്യമായ സാക്ഷാത്കാരശക്തിയേയും പുറത്തെ ദേവതയായി അവതരിപ്പിച്ചു. അതാണ് ലക്ഷ്മിദേവി.
അനന്തപത്മനാഭനായ വിഷ്ണുവിനെ ഒരു ഉദാഹരണമായി എടുത്താണ് പ്രതിപാദിച്ചത്. ഇതുപോലെ മൗലികവും അഗാധവുമായ ദര്‍ശനങ്ങളാണ്, ദേവിയ്ക്കും ഗണപതിക്കും മുരുകനുമെല്ലാം പിന്നിലുള്ളത്. അവരെല്ലാം ഏകമായ ആ സത്യത്തിലെ, വിഭിന്നങ്ങളായ പ്രവേശനകവാടങ്ങള്‍ മാത്രമാണ്.
വളരെ പ്രധാനപ്പെട്ട ഒരു സംഗതി ഈ അറിവിന് പിന്നിലുണ്ട്. പൂര്‍ണനായ അവിടുന്ന് ആത്മാവായി എല്ലാറ്റിലും പ്രവേശിച്ചപ്പോള്‍ വ്യാവഹരികമായതിനെല്ലാം ഉണ്മ ലഭിച്ചെന്നും, അതില്‍ മനുഷ്യന് തന്റെ പരിമിതികള്‍ കടന്ന് പാരമാര്‍ത്ഥികമായ അസ്ഥിത്വത്തെ പ്രാപിക്കുന്നതായും നമ്മള് കണ്ടു. തന്റെ ഉള്ളിലെ പാരമാര്ത്ഥികസത്തയുമായി സംവ ദിക്കാന്‍ കഴിയുന്ന മനുഷ്യന്, ചുറ്റുമുള്ള വസ്തുക്കളിലേയും സത്തയുമായി സംവദിക്കുവാന്‍ കഴിയും. അതിലെ പാരമാര്‍ത്ഥി കസത്ത മാതൃകയുടെ വേഷത്തില്‍, അതായത് ഒരു മനുഷ്യന്റെ രൂപത്തില്‍ അവരോട് പ്രതികരിക്കുന്നു. എന്നുപറഞ്ഞാല്‍, ഈ പ്രകൃതിയിലെ എല്ലാ വസ്തുക്കളിലും ഈശ്വരേച്ഛ യോഗശക്തിയായി സ്പന്ദിക്കുന്നുണ്ട്. അതിലേക്ക്, സൃഷ്ടിയിലെ പൂര്‍ണനായ ‘നീ’ അര്‍പ്പണബോധത്തോടെ വിളിച്ചാല്‍ ഈശ്വരേച്ഛ, ഏകീകരിച്ച്, നീ സങ്കല്പിക്കുന്ന വിധം വെളിപ്പെടും. അങ്ങനെയാണ് സൂര്യനായി നില്ക്കുന്ന ഈശ്വരേച്ഛ, സൂര്യദേവനായി അവരുടെ മൂന്നിലെത്തിയത്. വായുവിലേത് വായുദേവനായും അഗ്നിയിലേത് അഗ്നിദേവനായും ഒക്കെ ഈശ്വരന് തന്നെ അടുത്തേക്ക് വരുന്നു. ഇങ്ങനെ അദ്ദേഹം സത്യമാക്കുന്നത് കൊണ്ടാണ്, ഈശ്വരനിലേക്ക് പല പല വഴികളും ലോകത്തില്‍ നിലവില്‍ വന്നത്. ശരിക്കും നമ്മുടെ പ്രാര്‍ത്ഥനകളോടും അപേക്ഷകളോടും പ്രതികരിക്കുന്നത്, ഏത് രൂപവും സ്വീകരിക്കുവാന്‍ കഴിയുന്ന കാല സ്വരൂപിയായ ഇവനാണ്. ഇവന്റെ ഈ ഭാവമാണ് ലോകത്തിലെ ഈശ്വരന്മാരുടെയെല്ലാം പൊരുള്‍.
ഈ ഉപനിഷത്തിലെ നാലാമത്തെ ശ്ലോകത്തില്‍ ദേവന്മാരായി പറഞ്ഞതിനെ ഇതുമായി ചേര്‍ത്ത് വായിക്കുക. ദേവന്മാര് ഓരോരൂപങ്ങളായും നില്ക്കുന്ന യോഗശക്തിയായ കാലനാഗങ്ങളാണ്. ഇതുകാരണം ലോകമായി നില്ക്കുന്ന ഈശ്വരേച്ഛയുടെ പൂര്‍ണമായ ദര്‍ശനം, ഈ പ്രപഞ്ചമായി നില്ക്കുന്ന എല്ലാ ദേവസത്തയേയും ഒന്നായി കാണുമ്പോഴേ നമുക്ക് സാധ്യമാകൂ. മനുഷ്യര്‍ക്ക് ദുര്‍ലഭമായ ഈ ദര്‍ശനമാണ് ഭഗവദ്ഗീതയില്‍ ഭഗവാന് വിരാട്രൂപമായി അര്ജുനന് കാട്ടിക്കൊടുത്തത്. ദേവന്മാരെല്ലാം ഒത്തുചേര്‍ന്നു നില്ക്കുന്ന അവിടുത്തെ ആ വിശ്വരൂപം കണ്ട് അര്ജുനന് ആകെ ഭയന്നുപോയി. എന്തെന്നാല്‍ പൂര്‍ണമായ ഈശ്വരേച്ഛയുടെ രൂപം മനുഷ്യ ബുദ്ധിയുടെ അനന്തമായ സങ്കല്‍പ്പങ്ങളിലൊന്നും ഒതുങ്ങുന്നതല്ല.
അവന്റെ ചിന്തയ്ക്കും ബുദ്ധിക്കും അപ്പുറത്ത്, നിരാകാരനും പരിമിതികളില്ലാതെ വ്യാപിച്ചു നില്ക്കുന്നവനുമായ ഒരീശ്വരനെ, പല ആയുധങ്ങളും പല ശരീരഭാഷകളുമുള്ള പലരായും ചിത്രീകരിച്ച് ആരാധിക്കുന്ന ഹിന്ദു വിന്റെ മനഃശാസ്ത്രത്തെയാണ് ഇവിടെ കാണുവാന്‍ ശ്രമിച്ചത്. അവര്‍ ദേവീദേവന്മാരായി നില്ക്കുന്ന ഈശ്വരനെ അനുഭവിച്ചപ്പോള്‍, അതിനെ ദൈ്വതമെന്ന് വിളിച്ചു. രൂപങ്ങളില്‍ ഒതുങ്ങാത്ത, വിശ്വരൂപിയും വിശ്വമനസ്സുമായി വ്യാപിക്കുന്ന കാലപൂരുഷനായ ഈ ശ്വരനെ അനുഭവിച്ചപ്പോള്‍ അവര്‍ അതിനെ വിശിഷ്ടാദൈ്വതമെന്ന് വിളിച്ചു. ഒടുവില്‍ തങ്ങളിലുള്ള ഈശ്വരസത്തയുമായി എകീകരിച്ച പ്പോള്‍, രണ്ടില്ലാത്ത അവസ്ഥയായി. ആ അനുഭൂതിയെ അവര്‍ അദൈ്വതമെന്ന് വിളിച്ചു.
ഇവിടെ നമ്മള് അറിയേണ്ട ഒരു വസ്തുത, ‘ഈശ്വരന്’ എന്നത് മനുഷ്യ മനസ്സിലുണ്ടാകുന്ന ഒരു ഭ്രമമല്ല. സ്വയം ഈശ്വരനാണെന്ന ദര്‍ശനം പഠിച്ചശേഷം, അവനെ ഒരു രൂപത്തില്‍ കാണുന്നത് തെറ്റാണെന്നു കരുതുന്നത് നമ്മുടെ അജ്ഞതകൊണ്ടാണ്. കാലദേശങ്ങള്‍ക്ക് അതീതമായ ഒരു സത്തയാണ് നമ്മുടെ സ്വരൂപമെങ്കിലും കാലത്തിനകത്ത് നിന്നുകൊണ്ട് കാലത്തെതന്നെ നിഷേധിക്കുവാന്‍ സാധാരണ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. ഞാനെന്ന ചിന്തയുള്ളടത്തോളം ‘ഞാനും’ ‘ഈശ്വരനും’ രണ്ടാണ്. ജീവിതം കഠിനമായ ഒരു അനുഭവമാകുമ്പോള്‍ അവന്റെ കാരുണ്യം പ്രാര്‍ത്ഥനയിലൂടെ അനുഭവിക്കുന്ന ജീവാത്മാവും ഒരു മിഥ്യയല്ല. ആ സത്യത്തെ അംഗീകരിക്കുകയെന്നത് ഒരു കുറ്റമല്ല മറിച്ച് ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളലാണ്. നമ്മുടെ പൂര്‍വികരുടെ ആ തിരിച്ചറിവാണ് വിഗ്രഹാരാധനയിലൂടെ നമ്മെ നയിച്ചതും ഒടുവില്‍ ആത്യന്തികമായ സത്യവുമായി ബന്ധിപ്പിച്ചതും.
ഈ സംസ്കൃതി വിഭാവന ചെയ്യുന്ന ഒരു വലിയ തത്ത്വമാണ്, ഈ ശ്ലോകത്തിന്റെ അന്തസത്ത.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: