ന്യൂദല്‍ഹി: പാരിസ് ഒളിംപിക്സിനുള്ള ഭാരത കായിക സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ചെഫ് ഡെ മിഷന് സ്ഥാനത്ത് നിന്ന് വനിതാ ബോക്സിങ് ഇതിഹാസം മേരി കോം രാജിവച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്(ഐഒഎ) അധ്യക്ഷ പി.ടി. ഉഷ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് താരം സ്ഥാനമൊഴിയുന്നത് രാജികത്തില്‍ അറിയിച്ചട്ടുണ്ട്.
മേരി കോമിന്റെ വ്യക്തിപരമായ ആവശ്യങ്ങളെ മാനിക്കേണ്ടതുണ്ട്. അവരുടെ സ്ഥാനത്തേക്ക് പകരക്കാരായി മറ്റൊരാളെ ഉടനെ കണ്ടെത്തും-പി.ടി. ഉഷ വ്യക്തമാക്കി.
ഓരോ രാജ്യത്തിന്റെയും ഒളിംപിക്സ് താരങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാനും ടീമിനെ മൊത്തത്തില്‍ കൈകാര്യം ചെയ്യുകയുമാണ് ചെഫ്-ഡെ-മിഷന് പദവി വഹിക്കുന്നയാളുടെ ദൗത്യം. പാരിസ് ഒളിംപിക്സിലേക്കുള്ള ഭാരത സംഘത്തില്‍ ഈ ചുമതലയേല്‍പ്പിച്ചത് മേരി കോമിനെയായിരുന്നു.
രാജ്യത്തെ സേവിക്കാന്‍ ലഭിക്കുന്ന ഏത് അവസരത്തെയും തന്നാലാവും വിധം പ്രയത്നിക്കും, പക്ഷെ ഇപ്പോള്‍ വ്യക്തിപരമായ പല കാരണങ്ങളാല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന അവസ്ഥയിലല്ല-ഐഒഎ അധ്യക്ഷയ്ക്കയച്ച രാജികത്തില്‍ മേരി കോം വിശദീകരിച്ചു. കഴിഞ്ഞ മാസം 21നാണ് മേരി കോമിനെ ചെഫ് ഡെ മിഷന് സ്ഥാനത്ത് നിയമിച്ചത്.
2012 ലണ്ടന്‍ ഒളിംപിക്സില്‍ ഭാരതത്തിനായി വെങ്കലം നേടിയ താരമാണ് മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ സ്വര്‍ണം നേടിയിട്ടുള്ള മേരി ഓരോ തവണ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഒരുതവണ വീതം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ സ്വര്‍ണവും രണ്ട് തവണ വെങ്കലവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: