കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ ഇക്കുറി ഫൈനലിന് മുമ്പേ മറ്റൊരു ഫൈനല്‍. ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്ന തിങ്കളാഴ്ചയാണ് ആ കലാശപ്പോരാട്ടം. ലീഗില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ സ്വന്തമാക്കുന്ന ഷീല്‍ഡിന് വേണ്ടിയുള്ള പോരാട്ടം അന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും
മുംബൈ സിറ്റി എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ആണ് നേര്‍ക്കുനേര്‍ പോരാടുക. ലീഗ് മത്സരങ്ങളെല്ലാം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിക്കപ്പെട്ടതാണ്. പക്ഷെ ഇത്തവണത്തെ അവസാന പോരാട്ടം ഒരു ഫൈനലിന്റെ എല്ലാ പാകത്തോടും കൂടി ഒരുങ്ങിനില്ക്കുന്നുവെന്നതാണ് പ്രത്യേകത.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് മോഹന്‍ ബഗാന് എസ്ജി തകര്‍ത്തതോടെയാണ് ഇത്തരമൊരു തകര്‍പ്പന്‍ ലീഗ് ഫിനിഷിങ്ങിലേക്ക് കാര്യങ്ങളെത്തിയത്. ജയത്തെ തുടര്‍ന്ന് മോഹന്‍ ബഗാന് എസ്ജിക്ക് 45 പോയിന്റ് സ്വന്തമാക്കാന്‍ സാധിച്ചു. രണ്ടാം സ്ഥാനത്താണ് ഇപ്പോഴും. പക്ഷെ മുന്നിലുള്ള മുംബൈ സിറ്റി ഇതുവരെ നേടിയിരിക്കുന്നത് 47 പോയിന്റ്. ഈ പോയിന്റ് കണക്കുകളാണ് ഇരുവരും തമ്മിലുള്ള തിങ്കളാഴ്ച്ചത്തെ പോരാട്ടം ഫൈനലിന് മുന്നേയുള്ള ഫൈനലാക്കി മാറ്റുന്നത്. രണ്ട് പോയിന്റ് മുന്നിലുള്ള മുംബൈയെ തോല്‍പ്പിക്കാനായാല്‍ 48 പോയിന്റോടെ മുംബൈയ്ക്ക് ഷീല്‍ഡ് ജേതാക്കളാകാം. മറിച്ച് മുംബൈയ്ക്കാകട്ടെ സമനില നേടിയാല്‍ പോലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഷീല്‍ഡ് സ്വന്തമാക്കാനാകും.
ഇരുവരും തമ്മില്‍ ഈ സീസണില്‍ മുമ്പ് ഏറ്റുമുട്ടിയ മത്സരം ഈ സീസണിലെ ഏറ്റവും കലുഷിതമായ പോരാട്ടമാണ്. കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന മത്സരത്തില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമായി ഏഴ് താരങ്ങളാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കളിയുടെ 13-ാം മിനിറ്റ് മുതല്‍ മുംബൈ പത്ത് പേരായി ചുരുങ്ങി. അവര്‍ക്കെതിരെ മോഹന്ബഗാന് മുന്നിലെത്തി. പക്ഷെ പത്തുപേരെയുംകൊണ്ട് പൊരുതിയ മുംബൈ ആദ്യപകുതിയില്‍ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ കളി തുടങ്ങി അധികം വൈകാതെ മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് താരങ്ങളെ മോഹന്‍ ബഗാന് ചുവപ്പ് കാര്‍ഡിലൂടെ നഷ്ടപ്പെട്ടു. ഒമ്പത് പേരായി ചുരുങ്ങിയ മോഹന്‍ ബഗാനെതിരെ പത്ത് പേരുള്ള മുംബൈ ലീഡ് കണ്ടെത്തി. പിന്നീട് മുംബൈ കളിക്കാരുടെ എണ്ണം പത്തില്‍ നിന്നും ഒമ്പതായും എട്ടായും ഏഴായും ചുരുങ്ങി. കളി അവസാനിക്കുമ്പോള്‍ മോഹന്‍ ബഗാന് നിരയിലും ഒരാള്‍ കൂടി പുറത്തേക്ക് പോയിരുന്നു. എട്ട് പേരുമായാണ് അവരും പ്രകടനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: