ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ നടത്തിയ മദ്യനയ അഴിമതിയില്‍ കെജ്രിവാള് ആവശ്യപ്പെട്ട 100 കോടി രൂപ മുന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയാണ് മദ്യലോബിയില്‍ നിന്നും വാങ്ങി നല്കാമെന്നേറ്റത്. മദ്യലോബിയുടെ പ്രധാന ബിസിനസുകാരനായ ശരത് റെഡ്ഡി പണം നല്കാന് വിസമ്മതിച്ചപ്പോള്‍ കെ. കവിത അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് ശനിയാഴ്ച സിബിഎ ദല്‍ഹിയിലെ റൗസ് അവന്യു കോടതിയില്‍ നടത്തിയത്. അരബിന്ദോ ഫാര്‍മ എന്ന പ്രമുഖ മരുന്ന് നിര്‍മ്മാണക്കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ശരത് റെഡ്ഡി.
ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനു നല്‍കാനുള്ള പണം(100 കോടി രൂപ) തന്നില്ലെങ്കില്‍ തന്റെ ബിസിനസ് നശിപ്പിക്കും എന്ന് കെ. കവിത ഭീഷണിപ്പെടുത്തിയതായും ശരത് റെഡ്ഡി തന്നെ നല്കിയ മൊഴിയിലുണ്ടെന്നും അതിനാല്‍ കവിതയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തേ പറ്റുവെന്നും സിബിഐ കോടതിയെ അറിയിച്ചു.
ശരത് റെഡ്ഡി ഉള്‍പ്പെടെ നാല് പേര് അടങ്ങിയതാണ് മദ്യലോബി. അവര്‍ കെ. കവിതയിലൂടെയാണ് കൈക്കൂലിയായ 100 കോടി രൂപ അരവിന്ദ് കെജ്രിവാളിനെത്തിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തായ വിജയ് നായര്‍ക്കാണ് കെ. കവിത നേരിട്ട് പണം ഏല്പിച്ചത്. വിജയ് നായര്‍ ആ പണം അരവിന്ദ് കെജ്രിവാളിന് നല്കി.
“മദ്യത്തിന്റെ മൊത്തക്കച്ചവടം ഈ മദ്യലോബിയെ ഏല്പിക്കുന്നതിന് 25 കോടി രൂപയുടെ കൈക്കൂലിയും ഓരോരോ മേഖലയ്ക്കുമായി അഞ്ച് കോടി വീതം 75 കോടിയും ഉള്‍പ്പെടെ ആകെ 100 കോടിയാണ് ആം ആദ്മിക്ക് നല്‍കിയത്” – സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന മദ്യലോബി വിശദീകരിക്കുന്നു.
ദല്‍ഹിയിലെ ഭരണകര്‍ത്താക്കളെ അറിയാമെന്നും അവരില്‍ നിന്നും മദ്യവിതരണാവകാശം കുത്തകയായി വാങ്ങി നല്‍കാമെന്ന് തനിക്ക് വാഗ്ദാനം നല്‍കിയത് കെ.കവിതയാണെന്നും ശരത് റെഡ്ഡി വെളിപ്പെടുത്തിയതായി സിബിഐ പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: