Categories: India

ഓഫ് ദി ഫാമിലി, ബൈ ദി ഫാമിലി, ഫോര്‍ ദി ഫാമിലി; ‘കുടുംബാധിപത്യം പ്രതിപക്ഷത്തിന്റെ മുഖമുദ്ര’

Published by

ശ്രീനഗര്‍: കുടുംബാധിപത്യ രാഷ്‌ട്രീയമാണ് പ്രതിപക്ഷ പാര്‍ട്ടികളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിനെ നയിച്ചിരുന്നത് ഇത്തരത്തിലുള്ള പാര്‍ട്ടികളായിരുന്നു. കുടുംബത്തിന് വേണ്ടി കുടുംബങ്ങളാല്‍ കുടുംബങ്ങളുടെ ഭരണമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് ജമ്മു കശ്മീരിലെ ഉധംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

വികസിത ജമ്മു കശ്മീരും വികസിത ഭാരതവുമാണ് മോദിയുടെ ഗ്യാരന്റി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കശ്മീരിനെ പഴയ നാളുകളിലേയ്‌ക്ക് കൊണ്ടുപോകുവാനാണ് ശ്രമിക്കുന്നത്. ജമ്മു കശ്മീരിലെ കര്‍ഷകരുടെ ഭൂമി വരണ്ട് നശിക്കുമ്പോള്‍ നമ്മുടെ രവി നദിയിലെ വെള്ളം പാകിസ്ഥാന് നല്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്. മോദിയുടെ ഗ്യാരന്റിയില്‍ രവിയിലെ ജലം നമ്മുടെ കര്‍ഷകസ്വപ്‌നങ്ങളില്‍ ഹരിതാഭ ചാര്‍ത്തി.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കും. തുടര്‍ന്ന് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി പ്രഖ്യാപിച്ചു. പുതിയ ജമ്മു കശ്മീരിന്റെ മനോഹര ചിത്രം സൃഷ്ടിക്കുന്നതിനായുള്ള തിരക്കിലാണ് ഞാന്‍. സ്വപ്‌നങ്ങള്‍ നിങ്ങളുടെ സ്വന്തം എംഎല്‍എമാരുമായും മന്ത്രിമാരുമായും പങ്കിടാന്‍ നിങ്ങള്‍ക്ക് കഴിയും. ഭീകരത, ആക്രമണം, കല്ലേറ്, അതിര്‍ത്തി കടന്നുള്ള വെടിവയ്‌പ്പ് എന്നിവയെ ഭയക്കാതെ നമ്മള്‍ ഇക്കുറി ലോക്സഭയിലേക്ക് വോട്ട് ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപത് വര്‍ഷമായി ജമ്മു കശ്മീരിനെ അലട്ടുന്ന പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് എന്‍ഡിഎ വാക്ക് നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ പൂര്‍ണമായും മാറി. മോദി വാഗ്ദാനം നിറവേറ്റി, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരുമോയെന്ന് മോദി വെല്ലുവിളിച്ചു. 370-ാം വകുപ്പ് റദ്ദാക്കിയതിനെ കശ്മീര്‍ ജനത സ്വാഗതം ചെയ്യുകയായിരുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ കശ്മീര്‍ ജനത യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ്. ബിജെപി ഉണ്ടാകുന്നതിന് മുന്‍പെ രാമക്ഷേത്ര പ്രശ്‌നമുണ്ട്. 500 വര്‍ഷം പഴക്കമുള്ള പോരാട്ടമാണ് രാമക്ഷേത്രത്തിന്റേതെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക