കോയമ്പത്തൂര്‍: മോദിയുടെ റോഡ് ഷോയ്ക്ക് ജനങ്ങളെത്തുന്നത് അദ്ദേഹത്തോടിഷ്ടമുള്ളതുകൊണ്ടാണെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നേതാക്കളെ കാണുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ല. അവര്‍ യോഗം സംഘടിപ്പിക്കുന്നത് 500 പേര്‍ക്ക് ഒരു സൂപ്പര്‍വൈസറെ നിയമിച്ചാണ്. നേതാക്കളുടെ പ്രസംഗം മുഴുവനായി കേട്ടാല്‍ മാത്രമേ 250 രൂപ നല്‍കൂ എന്നാണ് ഇവര്‍ പറയുന്നത്. പകുതിയില്‍ എഴുന്നേറ്റാല്‍ കിട്ടില്ല. അത്തരം നേതാക്കള്‍ തെരുവിലിറങ്ങിയാല്‍ ജനം വരില്ല. എന്നാല്‍ മോദി വരുമ്പോള്‍ സാധാരണക്കാര്‍ തടിച്ചുകൂടുകയാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.
മോദി നടപ്പാക്കുമോ എന്ന് ചോദിച്ച് 23 കാര്യങ്ങള്‍ സ്റ്റാലിന് ചോദിച്ചിരിക്കുന്നു. സ്റ്റാലിന്റെ സ്വപ്നങ്ങള്‍ നടപ്പാക്കാനല്ല മോദി പ്രധാനമന്ത്രിയായത്. പക്ഷേ ഒരുകാര്യം ഉറപ്പ് നല്‍കാം. തെരഞ്ഞെടുപ്പിന് ശേഷം ഗോപാലപുരത്തെ അഴിമതി കുടുംബം ജയിലിലാകും. തമിഴ്നാട്ടിലെ 8.5 കോടി ജനങ്ങളെ ഡിഎംകെയില്‍ നിന്നും രക്ഷിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്.
ഏഴ് കോടി 39 ലക്ഷത്തി 93,750 രൂപയാണ് ഡിഎംകെ ഇതുവരെ സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയാണ് ഈ പരസ്യങ്ങള്‍ നല്‍കുന്നത്. കമ്പനിയുടെ 99 ശതമാനവും മുഖ്യമന്ത്രി സ്റ്റാലിന്റെ മരുമകന് ശബരീശനാണെന്ന് അണ്ണാമലൈ പറഞ്ഞു. ഇമ്മാതിരിയുള്ള കുടുംബ മുതലാളിത്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കുമെന്നും വിഘടന ശക്തികളെ അടിച്ചമര്‍ത്തുമെന്നും മോദി ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അറുപത് വര്‍ഷമായി തമിഴ്നാട്ടില്‍ വിഘടനവാദത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്. വടക്കുള്ളവരെല്ലാം മോശക്കാരാണെന്നും ജി എന്ന് വിളിച്ചാല്‍ അത് അപരാധമാണെന്നും മാമന്നന് പോലുള്ള സിനി
മകളിലൂടെ അവര്‍ പ്രചരിപ്പിച്ചു. അരാജകത്വമാണ് അവര്‍ വളര്‍ത്തുന്നത്.
ഒരു കുഞ്ഞിന് പേരിടാന്‍ ഉദയനിധി സ്റ്റാലിനോട് അവരുടെ പ്രവര്‍ത്തകരിലൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ റോളക്സ് എന്ന പേരാണ് നല്‍കിയത്. അദ്ദേഹത്തിന്റെ വിക്രം 2 എന്ന ചിത്രത്തിലെ മയക്കുമരുന്ന് വ്യാപാരിയുടെ പേരാണത്. ഇതാണ് രീതി. മന്ത്രി ടിആര്‍പി രാജയുടെ അച്ഛന് ബ്രൂവറി നടത്തുകയാണ്. തഞ്ചാവൂരില്‍ ബ്രൂവറി സ്ഥാപിക്കാന്‍ യോഗം ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ തല്ലിയോടിച്ചു. ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തലാണ് പരിപാടി. തെലങ്കാനയില്‍ രണ്ട് ലക്ഷത്തി 50,000 മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഇന്റലിജന്‍സ് ഐജി യുഎസില്‍ ഒളിവിലാണ്. മറ്റുള്ളവര്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്റെ ഫോണ്‍ നമ്പറും ടാപ്പ് ചെയ്യുന്നു. അതിന് മറുപടി കിട്ടിയിരിക്കും, അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: