ഗരുഡ എയറോസ്പേസിന്റെ ഡ്രോണിന് ഓർഡർ നൽകി ഐഎസ്ആർഒ. അത്യാധുനിക ക്വാഡ്കോപ്റ്റർ ഡ്രോണുകൾക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ ആദ്യ ഓർഡറാണ് ലഭിച്ചതെന്ന് ഗരുഡ എയറോസ്പേസ് നിർമ്മാതാക്കൾ അറിയിച്ചു. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുത്തിയാണ് ക്വാഡ്കോപ്റ്റർ ഡ്രോണുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രോണുകൾ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ ഏജൻസിയുടെ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. കൊറോണ മഹാമാരി നിലനിന്നിരുന്ന കാലത്ത് ഗരുഡ എയറോസ്പേസിന്റെ സേവനം ഐഎസ്ആർഒ ഉപയോഗിച്ചിരുന്നു. വിവിധ പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അന്ന് ഡ്രോൺ ഉപയോഗിച്ചത്.
ഐഎസ്ആർഒയിൽ നിന്നും ഡ്രോണിന് വേണ്ടി ഓർഡർ ലഭിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചടുത്തോളം ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന ഒരു ഏടാണ്. ഞങ്ങളുടെ അർപ്പണ ബോധവും അശ്രാന്ത പരിശ്രമവും വിജയം കണ്ടതിന്റെ തെളിവാണിതെന്ന് ഗരുഡ എയറോസ്പേസ് സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു. ഐഎസ്ആർഒയുമായുള്ള പങ്കാളിത്തം തങ്ങളുടെ വ്യവസായ മേഖലയ്ക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നു. കൂടാതെ വ്യാവസായിക രംഗത്ത് സ്ഥാനം ഉറപ്പിക്കാനും സാധിക്കുന്നുവെന്നമെന്ന് ജയപ്രകാശ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: