മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത നടപടി റദ്ദാക്കമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി നിരസിച്ചതോടെ കൗശലക്കാരനും കാപട്യക്കാരനുമായ ഈ രാഷ്ട്രീയ നേതാവിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ഇ ഡി നടപടി റദ്ദാക്കി തന്നെ ജയില്‍മോചിതനാക്കണമെന്നും ആവശ്യപ്പെടുന്ന കേജ്രിവാളിന്റെ ഹര്‍ജി തള്ളിയ കോടതി, അഴിമതി നടന്നതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയ മദ്യനയ രൂപീകരണത്തിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും കേജ്രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുകയുണ്ടായി. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം മറച്ചുവയ്ക്കുന്നതിലും ഉപയോഗിക്കുന്നതിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനറെന്ന നിലയില്‍ കേജ്രിവാളിന് പങ്കുണ്ടെന്നും, അഴിമതിപ്പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മൊഴിയുണ്ടെന്നും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. ഇ ഡിയുടെ അറസ്റ്റിനെതിരെ കേജ്രിവാള് രാഷ്ട്രീയപ്രേരിതമായി ഉന്നയിച്ച ആരോപണങ്ങളും കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ പരിഗണനയല്ല, നിയമതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിയെന്നു വ്യക്തമാക്കിയ കോടതി, എത്രയും വേഗം ജയില്‍ മോചിതനാവാനുള്ള കേജ്രിവാളിന്റെ ശ്രമത്തിന് കനത്ത തിരിച്ചടികൂടിയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി തള്ളിയ തന്റെ ആവശ്യം സുപ്രീംകോടതി ഉടന്‍ പരിഗണിക്കണമെന്നാണ് കേജ്രിവാളിന്റെ ആഗ്രഹം. എന്നാല്‍ സുപ്രീംകോടതി ഇത് ഗൗനിച്ചിട്ടില്ല.
അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തി കേജ്രിവാളിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ തന്ത്രം കോടതിയില്‍ പൊളിഞ്ഞുവീണിരിക്കുന്നു. കുറ്റാരോപിതന്റെ അറസ്റ്റും റിമാന്‍ഡും നിയമപ്രകാരമാണോയെന്ന് മാത്രമാണ് പരിശോധിക്കുകയെന്നും, അറസ്റ്റ് തെരഞ്ഞെടുപ്പ് കാലത്താണോയെന്ന് നോക്കേണ്ടതില്ലെന്നുമുള്ള വ്യക്തമായ ഉത്തരവാണ് ദല്‍ഹി ഹൈക്കോടതി നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണം പ്രതിയുടെ സൗകര്യമനുസരിച്ചല്ല നടക്കുന്നതെന്നും, മുഖ്യമന്ത്രിയടക്കം ആര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും, സാധാരണക്കാര്‍ക്കും നേതാക്കള്‍ക്കും രണ്ട് തരം നിയമങ്ങളില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ഇതോടെ കേജ്രിവാളിന്റെ അറസ്റ്റ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും, ദല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത് തടയാനാണെന്നുമൊക്കെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നടത്തിയ കുപ്രചാരണം മുന്‍കാല പ്രാബല്യത്തോടെ റദ്ദായിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് അയച്ച സമന്‍സുകള്‍ ഒന്‍പത് തവണ അവഗണിച്ചതിനെ തുടര്‍ന്നാണ് കേജ്രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തത്. തനിക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന കേജ്രിവാളിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതോടെയാണ് തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കേജ്രിവാള് ജാമ്യത്തിനു ശ്രമിക്കാതെ അറസ്റ്റു ചെയ്ത നടപടി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേസിന്റെ വിചാരണയില്ലാതെ നിരപരാധിയാണെന്ന് വരുത്താന്‍ നോക്കിയത്.
മദ്യനയത്തില്‍ മാറ്റം വരുത്തി ദല്‍ഹി സര്‍ക്കാര്‍ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ഇതേ കേസില്‍ ദല്‍ഹി സര്‍ക്കാരിലെ മന്ത്രിമാരും കേജ്രിവാളിന്റെ കൂട്ടാളിയുമായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും, ബിആര്‍എസ് നേതാവ് കവിതയും അറസ്റ്റിലായതാണ്. ഇതേ കേസിലാണ് കേജ്രിവാളും പ്രതിയായത്. എന്നിട്ടും താന്‍ അഴിമതിയൊന്നും നടത്തിയിട്ടില്ലെന്ന് പറഞ്ഞുനടക്കുകയായിരുന്നു കേജ്രിവാള്. അതേസമയം ഈ അഴിമതിയുടെ ബുദ്ധികേന്ദ്രമാണ് കേജ്രിവാളെന്നു കാണിച്ച് ഇ ഡി കോടതിയില്‍ തെളിവു നല്കി. അതിബുദ്ധിമാനായ അഴിമതിക്കാരനാണ് കേജ്രിവാള്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിലൂടെ രംഗത്തുവന്ന കേജ്രിവാള് വലിയ അഴിമതിക്കാരനായി മാറുകയായിരുന്നു. കേജ്രിവാള് നേതൃത്വം നല്കുന്ന ദല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ കഴുത്തറ്റം മുങ്ങിയിരിക്കുകയാണെന്നു പറഞ്ഞ് ഈ സര്‍ക്കാരിലെ സാമൂഹ്യക്ഷേമമന്ത്രി രാജ്കുമാര് ആനന്ദ് രാജിവച്ചിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയില്‍നിന്നും രാജ്കുമാര് രാജിവച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ നാടകം കൡച്ച് സഹതാപം പിടിച്ചുപറ്റാനുള്ള കേജ്രിവാളിന്റെ ശ്രമം പൊളിഞ്ഞിരിക്കുന്നു. ആദര്‍ശവാദി ചമഞ്ഞ ഈ നേതാവ് തികഞ്ഞ അവസരവാദിയായി മാറി ജനനന്മയ്ക്കുവേണ്ടി പ്രവര്ത്തിക്കുന്നവനെന്ന് അഭിനയിക്കുകയായിരുന്നു. അധികാരത്തിനുവേണ്ടി രാജ്യവിരുദ്ധരുമായിപ്പോലും കൂട്ടുചേരാന്‍ മടിക്കാത്തവരുടെ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് സിഖ് തീവ്രവാദികളുമായുള്ള ബന്ധത്തില്‍നിന്ന് വ്യക്തമായിരിക്കുന്നു. ഇത്തരമൊരു പാര്‍ട്ടിയുടെ നേതാവായ കേജ്രിവാളിന്റെ എല്ലാ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: