Categories: Article

‘ഇത് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ്’

ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മൂന്നു മുന്നണിയുടേയും പ്രതിനിധികളുമായുള്ള അഭിമുഖം ഇവിടെ അവസാനിക്കുന്നു. ഇന്ന് യുഡിഎഫിന്റെ മുതിര്‍ന്ന നേതാവും മുന്‍ കണ്‍വീനറും എംപിയുമായ ബെന്നിബഹനാന്‍ സംസാരിക്കുന്നു.

Published by

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെക്കാള്‍ കലുഷിതമാണ് ‘ഇന്‍ഡി’ മുന്നണിക്ക് ഇപ്പോള്‍ കാര്യങ്ങള്‍. കോടതിയില്‍നിന്നും മുന്നണിക്കുള്ളിലെ കക്ഷികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നും പ്രഹരവും തിരിച്ചടിയും ഒന്നിനുമേല്‍ ഒന്നായി വന്നു പതിക്കുന്നു. സംസ്ഥാനത്താകട്ടെ മുന്നണി സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്നതിലൂടെ രാഷ്‌ട്രീയ ധാര്‍മികത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍, കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

*ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?

ഈ തെരഞ്ഞെടുപ്പിന് ദേശീയ തലത്തിലാണ് പ്രാധാന്യം. രാജ്യത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇന്ത്യയുടെ മതേതരത്വം ഒരുകാലത്തും ഇല്ലാത്ത വിധത്തില്‍ വെല്ലുവിളി നേരിടുകയാണ്. ജനാധിപത്യ പാതയില്‍നിന്ന് വ്യതിചലിക്കുമേയെന്ന് സംശയം ഉയരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തികൊണ്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അതാണ് ഇതിന്റെ രാഷ്‌ട്രീയ പ്രാധാന്യം. എല്ലാ രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി മതേതരത്വ ജനാധിപത്യ ശക്തികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. അതിന്റെ ഒരു രൂപമാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ മുന്നണിയായി രൂപപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവുമോ?
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ഉണ്ടാകും. കേരളം ഇന്നുവരെ ഭരിച്ചിട്ടുള്ളതില്‍ ഏറ്റവും മോശമായ ഭരണം. ശമ്പളം കൊടുക്കുന്നില്ല, പെന്‍ഷന്‍ കൊടുക്കുന്നില്ല, ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നില്ല. സാമ്പത്തികമായി ജനങ്ങളെ പിഴിയുകയാണ്. കറന്റ്ചാര്‍ജ് കൂട്ടി, വെള്ളക്കരം കൂട്ടി, വീട്ടുകരം കൂട്ടി… ഇങ്ങനെ ഒരുഭാഗത്ത് അത് നില്‍ക്കുമ്പോള്‍ മറുഭാഗത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭിക്കാനില്ല. ഇതെല്ലാം ഈ സര്‍ക്കാര്‍ ഉണ്ടാക്കിവച്ചിരിക്കുന്ന പിടിപ്പുകേടാണ്. അതിനോടൊപ്പം തന്നെ ക്രസമാധാന തകര്‍ച്ച. ഒരു തെരഞ്ഞെടുപ്പ് നടുക്കുന്ന സമയത്തുപോലും ബോംബ് ഉണ്ടാക്കി പരീക്ഷിച്ച് ആളുകള്‍ മരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ അധ:പതനം എത്രമാത്രമാണ്. കലാലയങ്ങള്‍ കലാപഭൂമിയായിരിക്കുകയാണ്. കോളജില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളെ കെട്ടിത്തൂക്കുന്നത് സംസ്‌കാര സമ്പന്നമായ കേരളത്തിന് അപമാനമായി മാറിയിരിക്കുകയാണ്. ഇതൊന്നുമല്ല പ്രശ്‌നം, മുഖ്യ മന്ത്രിയെ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും അവര്‍ക്ക് അവരുടെ അധികാരം ഉപയോഗിക്കണം, ആസ്വദിക്കണം. ജനങ്ങള്‍ നല്‍കിയ അധികാരം ആസ്വദിച്ച് ജനങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ് ഇത്. അതുകൊണ്ട് ഈ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരും.

കേരളസ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരിക്കുകയാണല്ലോ?
കേരളസ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പറയണം. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാക്കാതിരിക്കാന്‍ കഴിയുമോ?

പൗരത്വം പൗരന് ഭരണഘടന നല്‍കിയിട്ടുള്ള അവകാശമാണ്. മതം മാനദണ്ഡമാക്കിയ പൗരത്വ നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.

ട്വന്റി-20 പാര്‍ട്ടിയുടെ വരവിനെ എങ്ങനെകാണുന്നു?
അത് ഒരു പ്രാദേശിക സംവിധാനമാണ്. ദേശീയ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു പ്രസക്തിയും ഇല്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by