മാഡ്രിഡ്: സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് കീഴ്പ്പെടുത്തി. ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് അത്ലറ്റിക്കോയുടെ വിജയം. കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിച്ചെങ്കിലും ഡോര്‍ട്ട് മുന്‍ഡ് ഉണര്‍ന്നുകളിച്ചത് രണ്ടാം പകുതിയിലാണ്. എണ്ണം പറഞ്ഞ ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ വലയില്‍ കയറാതെ പോകുകയായിരുന്നു.
നിര്‍ജീവമായി പന്തടക്കം വയ്ക്കുകയെന്ന ഡോര്‍ട്ട്മുന്‍ഡ് തന്ത്രത്തിന് തുടക്കത്തിലേ തന്നെ അത്ലറ്റിക്കോ പ്രഹരമേല്‍പ്പിച്ചു. സ്വന്തം പകുതിയല്‍ നടത്തിയ ജര്‍മന്‍ വമ്പന്മാരുടെ തട്ടിമുട്ടിക്കളിയിലേക്ക് ഇരച്ചുകയറിയ അത്ലറ്റിക്കോ താരങ്ങള്‍ പന്ത് പിടിച്ചെടുക്കുന്നതില്‍ വിജയിച്ചു. അതിലേക്ക് പാഞ്ഞെത്തിയ മദ്ധ്യനിരതാരം റോഡ്രിഗോ ഡി പോള്‍ പായിച്ച ഷോട്ടില്‍ പന്ത് വലയില്‍ കയറി. കളിയുടെ നാലാം മിനിറ്റില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
തുടക്കത്തിലേ കിട്ടിയ ഈ ആധിപത്യം അത്ലറ്റിക്കോ ആദ്യപകുതിയിലുടനീളം നിലനിര്‍ത്തി. ആന്റോയിന്‍ ഗ്രീസ്മാനും റോഡ്രിഗോ ഡി പോളും അടങ്ങുന്ന നിരയുടെ നീക്കങ്ങളുടെ ബലത്തില്‍ ടീം നിരന്തരം ഡോര്‍ട്ട്മുന്‍ഡ് ഗോള്‍മുഖം ആക്രമിച്ചു. 32-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ഗ്രീസ്മാന് നല്കിയ മനോഹരപാസില് സാമുവല്‍ ലിനോ ഗോളടിച്ചു. അത്ലറ്റിക്കോ ലീഡ് 2-0 ആയി ഉയര്‍ന്നു.
രണ്ടാം പകുതിയിലാണ് ഡോര്‍ട്ട്മുന്‍ഡ് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചത്. 81-ാം മിനിറ്റില്‍ സെബാസ്റ്റിയന് ഹാളറിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്നും ബൊറുസിയ നടത്തിയ ഗോള്‍ ശ്രമങ്ങള്‍ ചെറിയ വ്യത്യാസത്തില്‍ പാഴായിപ്പോയിക്കൊണ്ടിരുന്നു. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ ക്വാര്‍ട്ടര്‍ അടുത്ത ചൊവ്വാഴ്ച ഡോര്‍ട്ട്മുന്‍ഡിന്റെ ഹോംഗ്രൗണ്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: