തിരുവനന്തപുരം: തന്റെ വരുമാനത്തെ കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും വരുമാനം സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത് തന്നെയാണെന്നും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.
പാര്‍ലമെന്റംഗം, മന്ത്രി എന്നീ നിലകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ലാഭവിഹിതവും മാത്രമാണ് തന്റെ വരുമാന സ്രോതസ്സെന്ന് രാജീവ് ട്വിറ്ററില്‍ വ്യക്തമാക്കി. 2021-22 സാമ്പത്തിക വര്‍ഷത്തെ 680 രൂപ എന്ന തന്റെ നികുതി ബാധക വരുമാനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച എല്ലാ വസ്തുതകളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതാണ്.
ആ സാമ്പത്തിക വര്‍ഷത്തെ നികുതി ബാധകമായ വരുമാനം കുത്തനെ ഇടിയാനുള്ള കാരണം കൊവിഡ് കാലത്തുണ്ടായ പാര്‍ട്ണര്‍ഷിപ്പ് നഷ്ടങ്ങളാണ്.
പതിനെട്ടു വര്‍ഷത്തെ പൊതുജീവിതം കളങ്കരഹിതമാണ്. പല കോണ്‍ഗ്രസുകാരും പല തവണ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രത്യേകിച്ചും ഇത്തരം ശ്രമങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സ്വത്തുക്കള്‍ മോഷ്ടിച്ചതിനും അത് വളഞ്ഞവഴികളിലൂടെ തങ്ങളുടെ പേരിലേക്ക് മാറ്റിയതിനും വിചാരണ നേരിടുന്ന ഗാന്ധി കുടുംബം നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും, അവിഹിത ഐപിഎല്‍ താല്‍പര്യങ്ങളുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്ന ഒരു സ്ഥാനാര്‍ത്ഥിയും സ്വത്ത് വെളിപ്പെടുത്തലിനെക്കുറിച്ചും നികുതി അടവിനെ കുറിച്ചും സംസാരിക്കുന്നത് വിരോധാഭാസമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: