ന്യൂദല്‍ഹി: ദല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട കേസില്‍ 2021ലെ വിധി തിരുത്തി സുപ്രീംകോടതി. ദല്‍ഹി മെട്രോ അനില്‍ അംബാനിയുടെ റിലയന്‍സിന്റെ ഉപകമ്പനി ദല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിന് (ഡിഎഎംഇപിഎല്‍) 8000 കോടി നല്‍കണമെന്ന വിധിയാണ് തിരുത്തിയത്.
ഇതു പ്രകാരം ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) ഡിഎഎംഇപിഎല്ലിന് പണം നല്‍കേണ്ടതില്ല. ഡിഎംആര്‍സി നല്കിയ തിരുത്തല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നേരത്തെയുള്ള വിധിയില്‍ നീതി ലഭ്യമാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥാപനത്തിന് അമിതമായ ബാദ്ധ്യത വരുത്തിവച്ച ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ നിയമവിരുദ്ധ ഉത്തരവിനെ പുനഃസ്ഥാപിക്കുന്ന നടപടിയാണ് സുപ്രീംകോടതിയില്‍ നിന്ന് നേരത്തെയുണ്ടായത്. അത് തിരുത്തുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷന് മുതല്‍ ദ്വാരക സെക്ടര്‍ 21 വരെയുള്ള മെട്രോയുടെ ഡിസൈന്‍, കമ്മിഷനിങ്, നടത്തിപ്പ്, അറ്റകുറ്റപണികള്‍ തുടങ്ങിവയ്ക്ക് 2008ലാണ് ഡിഎംആര്‍സിയും ഡിഎഎംഇപിഎല്ലും കരാറുണ്ടാക്കിയത്. 2013ല്‍ ഡിഎഎംഇപിഎല്‍ ഇതില്‍ നിന്ന് പിന്മാറി. ഡിഎംആര്‍സി ആര്ബിട്രേഷന് കേസിനും പോയി. പക്ഷേ 2017ല്‍ വിധി ഡിഎഎംഇപിഎല്ലിന് അനുകൂലമായി. ഡിഎംആര്‍സി 2,782 കോടി നല്‍കണമെന്നും നിര്‍ദേശിച്ചു. ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.
2021ല്‍ സുപ്രീംകോടതി മുന്നംഗ ബെഞ്ച് അനിലിന്റെ കമ്പനിക്ക് അനുകൂലമായി നിലപാടെടുത്തു. തുടര്‍ന്ന്, ഡിഎംആര്‍സി തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടെ, നഷ്ടപരിഹാരതുക പലിശ ഉള്‍പ്പെടെ വളര്‍ന്ന് 8000 കോടിയോളം എത്തി. ഇതില്‍ 1678.42 കോടി രൂപ ഡിഎംആര്‍സി ഡിഎഎംഇപിഎല്ലിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: