കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്‌ക്ക് അനുകൂലം. കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം.സ്വരാജ് നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്. ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയില്‍ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ല്‍ ബാബു തിരഞ്ഞെടുക്കപ്പെട്ടത്.
25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ. ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്‍ കോഴ വിവാദം ആഞ്ഞടിച്ച 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വരാജ് 4471 വോട്ടുകളുടെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: