കടലൂര്‍: ഡിഎംകെയുടെ എതിര് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രവചിച്ച പക്ഷി ശാസ്ത്രക്കാരനെതിരെ തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് കേസെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. കടലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തങ്കര്‍ ബച്ചാന് വിജയിക്കുമെന്ന് പ്രവചിച്ച പക്ഷി ശാസ്ത്രക്കാരന്‍ സെല്‍വരാജിനെതിരെയാണ് നടപടി. നാല് തത്തകളെ കൂട്ടിലിട്ട് വളര്‍ത്തിയെന്നും വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത് തെറ്റാണെന്നും ആരോപിച്ച് ഇയാളേയും സഹോദരനേയും കസ്റ്റഡിയിലുമെടുത്തു.
കഴിഞ്ഞ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എന്‍ഡിഎ ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) സ്ഥാനാര്‍ത്ഥി തങ്കര്‍ ബച്ചാന് റോഡരികിലെ പക്ഷി ശാസ്ത്രക്കാരനെ ശ്രദ്ധിക്കുകയും ഭാവി പ്രവചിക്കാമോയെന്നും ആരാഞ്ഞു. തത്തയെ കൊണ്ട് കാര്‍ഡ് എടുപ്പിച്ച സെല്‍വരാജ് തെരഞ്ഞെടുപ്പ് ഫലം തങ്കര്‍ ബച്ചാന് അനുകൂലമാകുമെന്ന് പ്രവചിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് വനം വകുപ്പ് സെല്‍വരാജിനും സഹോദരനുമെതിരെ കേസുമായെത്തിയത്.
പരാജയ ഭീതിയിലാണ് സ്റ്റാലിന് സര്‍ക്കാരിന്റെ നടപടിയെന്നും പിഎംകെ പ്രസിഡന്റ് അന്‍പുമണി രാംദാസ് പ്രതികരിച്ചു. എന്നാല്‍ വന്യജീവി സംരക്ഷണ നിയമം(1972) ഷെഡ്യൂള്‍ 4 പ്രകാരം പക്ഷികളെ കൂട്ടിലടച്ച് വളര്‍ത്തുന്നത് തെറ്റാണ്. ഇതനുസരിച്ചാണ് പക്ഷിശാസ്ത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് വിട്ടയച്ചെന്നും വനം വകുപ്പ് അറിയിച്ചു. പി. ശിവകൊഴുന്തുവാണ് കടലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: