പാലക്കാട്: ജില്ലയിൽ എഴുത്ത് ലോട്ടറി വ്യാപകമാകുന്നു. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലാണ് ചൂതാട്ടം അധികവും നടക്കുന്നത്. സംസ്ഥാന ലോട്ടറിയുടെ അതേ ദിവസത്തെ നടുക്കെറുപ്പിലൂടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പരുകൾ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറി നിരോധിച്ചതു മുതൽ എഴുത്തു ലോട്ടറി പ്രചാരത്തിലുണ്ടെന്ന് അധികൃതർ പറയുന്നു. എഴുത്ത് ലോട്ടറിയിൽ ഒരാൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ടെലഗ്രാം മുഖേന സന്ദേശം അയച്ച് മൂന്നക്ക നമ്പർ ബുക്ക് ചെയ്യുന്നു. 10 രൂപയാണ് ഇതിനായി ചിലവഴിക്കുന്ന തുക.
കേരള-സിക്കിം-ഭൂട്ടാൻ സർക്കാരുകൾ നടത്തുന്ന ലോട്ടറികളുടെ വിജയിച്ച നമ്പറിന്റെ അവസാന മൂന്നക്കങ്ങളുമായി ഈ നമ്പർ പൊരുത്തപ്പെട്ടാൽ 5,000 രൂപ വരെ ലഭിക്കും. ഒരാൾക്ക് എത്ര നമ്പറുകൾ വേണമെങ്കിലും ബുക്ക് ചെയ്യാവുന്നതാണ്. സമ്മാനത്തുക മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിലേക്ക് എത്തുകയോ അല്ലെങ്കിൽ പണമായി കയ്യിൽ നൽകുകയോ ആണ് സാധരണയായി ചെയ്യുന്നത്.
ലോട്ടറി വകുപ്പും പൊലീസും സംയുക്തമായാണ് എഴുത്ത് ലോട്ടറി നടത്തുന്ന റാക്കറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വർഷങ്ങളായി എഴുത്ത് ലോട്ടറി പ്രചാരത്തിലുണ്ടെങ്കിലും ഇതിന്റെ വ്യാപ്തി എത്രമാത്രമെന്ന് തിരിച്ചറിഞ്ഞത് 2018-ഓടെയാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എഴുത്ത് ലോട്ടറിക്കാരെ കണ്ടെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു.
സാധാരണയായി ഏജന്റുമാർ മൂന്നോ അതിൽ അധികമോ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയാണ് പതിവ്. വാട്ട്സ്ആപ്പ് ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന നമ്പറുകൾ പ്രിന്റ് ചെയ്യുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുകളും ബില്ലിംഗ് മെഷീനുകളും ഉപയോഗിച്ച് തുടങ്ങി. എഴുത്ത് ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പാലക്കാട്-മലപ്പുറം ജില്ലകളിലായി 20 ലോട്ടറി ഏജന്റുമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: