ഡെറാഡൂൺ:ചൈത്ര നവരാത്രിയോടനുബന്ധിച്ച് രണ്ടാം ദിനത്തിൽ നൈനിറ്റാളിലെ മാ നൈനാ ദേവീ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ദേവിക്ക് വഴിപാട് സമർപ്പിക്കുന്നതിനായി വലിയ ക്യൂവാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെട്ടത്. നവരാത്രിയുടെ രണ്ടാം ദിനത്തിലും പ്രത്യേക പൂജകൾക്കായി ഭക്തർ ക്ഷേത്രത്തിലെത്തി.
പ്രസിദ്ധമായ നൈനിറ്റാൾ തടാകത്തിന്റെ വടക്ക് ഭാഗത്തായാണ് നൈന ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൈന കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
ചൈത്ര നവരാത്രിയുടെ ആദ്യ ദിനമായ ഇന്നലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും അദ്ദേഹത്തിന്റെ ഭാര്യ ഗീതാ ധാമിയും ക്ഷേത്ര ദർശനം നടത്തി. സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ദേവിയോട് പ്രാർത്ഥിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദിശക്തിയായ ദുർഗാ ദേവിയുടെ ആരാധന ഉത്സവമാണ് ചൈത്ര നവരാത്രി. രാജ്യത്തുടനീളം ചൈത്ര നവരാത്രി ഉത്സവം വലിയ ആഘോഷമാണ്. ഏപ്രിൽ ഒമ്പതിന് ആരംഭിച്ച ഉത്സവം 17 വരെ ഉണ്ടാകും. ഒമ്പത് ദിനങ്ങളിലും ദേവിയുടെ ഒമ്പത് അവതാരങ്ങളെയാകും ആരാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: