കാസര്‍കോട് ഗവ. കോളജിലെ എസ്എഫ്ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.രമയ്ക്കെതിരെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. കോളജില്‍ എസ്എഫ്ഐക്കാരുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞതാണ് ഈ അധ്യാപികയ്ക്ക് വിനയായത്. എസ്എഫ്ഐയുടെ സമ്മര്‍ദ്ദഫലമായി ഡോ.രമയെ സ്ഥലം മാറ്റിയത് അടക്കമുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഒരു എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്ന പരാതിയും ഇതില്‍പ്പെടുന്നു. കോളജില്‍ എസ്എഫ്ഐക്കാരുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ചും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതികരിച്ചതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നിലെന്ന അധ്യാപികയുടെ വാദം ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു. ഡോ. രമ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചത് ഓപ്പണ്‍ കോര്‍ട്ടില്‍ കണ്ട കോടതി അധ്യാപിക തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിലയിരുത്തി. സര്‍വീസിന്റെ അവസാന ദിവസം രമയ്ക്കെതിരെ ഇറക്കിയ കുറ്റപത്രവും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയില്‍ സ്വീകരിച്ച വകുപ്പുതല അന്വേഷണവും കോടതി റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത അധ്യാപികയ്ക്ക് പെന്ഷന് കിട്ടാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാണ് എസ്എഫ്ഐയുടെ താളത്തിനുതുള്ളിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചത്. ഹൈക്കോടതി വിധി ഇക്കൂട്ടരുടെ മുഖത്തേറ്റ അടിയാണ്.
ഡോ. രമയ്ക്കെതിരെ വകുപ്പു തല നടപടിയെടുക്കാന്‍ കോഴിക്കോട് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കിയപ്പോള്‍തന്നെ ഹൈക്കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. ഇതില്‍ അമര്‍ഷംപൂണ്ടാണ് പഴയൊരു പരാതി പൊടിതട്ടിയെടുത്ത് വകുപ്പുതല നടപടിയുടെ ഭാഗമായി അവസാന പ്രവൃത്തി ദിവസം കുറ്റപത്രം നല്‍കിയത്. എസ്എഫ്ഐയുടെ നിരന്തരമായ സമ്മര്‍ദഫലമായാണ് തനിക്കെതിരെ വകുപ്പ് തല നടപടിയെടുത്തതെന്നും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വകുപ്പ് ഇതിന് തയ്യാറായതെന്നും അധ്യാപികയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോടതി ഇത് ശരിവയ്ക്കുകയാണുണ്ടായത്. അധ്യാപികയുടെ പെന്ഷന് മുടക്കുകയാണ് പരാതിയുടെയും അതിനെ തുടര്‍ന്നുള്ള വകുപ്പുതല നടപടിയുടെയും ലക്ഷ്യമെന്ന് ഹര്‍ജിക്കാരി പറഞ്ഞതും കോടതി അംഗീകരിച്ചു. പ്രിന്‍സിപ്പലിനെതിരെ പ്രത്യക്ഷത്തില്‍ തെളിവൊന്നുമില്ലെന്നും എസ്എഫ്ഐ ഇടപെടല്‍ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഈ കോടതി വിധി എസ്എഫ്ഐയെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ പദവി ദുരുപയോഗം ചെയ്യുന്ന ഈ മന്ത്രി മുന്‍ എസ്എഫ്ഐ നേതാവിനെപ്പോലെ പെരുമാറിയെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കോടതി വിധിയോടുള്ള മന്ത്രിയുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
എസ്എഫ്ഐയുടെ ഫാസിസത്തിനിരയാവുന്ന ആദ്യത്തെയാളല്ല ഡോ.രമ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ സര്‍വകലാശാലകളും കോളജുകളും കയ്യടക്കിവച്ച് എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഇതിന് വഴങ്ങാത്തവരുടെ ജീവനെടുക്കാന്‍പോലും സിപിഎം തീറ്റിപ്പോറ്റുന്ന ഈ അക്രമിസംഘം മടിക്കില്ല. ഇതിന്റെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ കൊല്ലപ്പെട്ട സിദ്ധാര്ത്ഥന് എന്ന വിദ്യാര്‍ത്ഥി. ഇതു ചെയ്തവരെ രക്ഷിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും കാണിച്ച കള്ളക്കളികള്‍ ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമുണ്ടല്ലോ. ചാന്‍സലറായ ഗവര്‍ണറെ കാമ്പസുകളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ എസ്എഫ്ഐ നടത്തിയ അക്രമാസക്ത സമരവും ആരും മറന്നിട്ടുണ്ടാവില്ല. കാമ്പസുകളില്‍ എസ്എഫ്ഐയുടെ അരാജകത്വത്തെ ചോദ്യംചെയ്യുന്ന ആദ്യയാളല്ല ഡോ. രമ. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എന്‍. സരസുവിന് കുഴിമാടം തീര്‍ത്താണ് എസ്എഫ്ഐക്കാര്‍ യാത്രയയപ്പ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന എന്‍.എല്‍.ബീനയുടെ കസേര കത്തിച്ചാണ് എസ്എഫ്ഐക്കാര്‍ പ്രതികാരം തീര്‍ത്തത്. കോളജിലെ എസ്എഫ്ഐക്കാരുടെ അസാന്മാര്ഗിക പ്രവൃത്തികള്‍ ചോദ്യം ചെയ്തതാണ് ഈ അധ്യാപിക ചെയ്ത കുറ്റം! സിപിഎമ്മിന്റെ സംഘടനാ ബലവും സര്‍ക്കാരിന്റെ പിന്തുണയും ഉപയോഗിച്ച് കേരളത്തിലെ കോളജ് കാമ്പസുകളെ എസ്എഫ്ഐ തങ്ങളുടെ അധോലോകമാക്കി മാറ്റിയിരിക്കുകയാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കു വേണ്ടതായ പണവും പിന്തുണയും ലഭിക്കുന്നു. ലക്ഷണമൊത്ത ക്രിമിനലുകളായി ഇവര്‍ മാറുകയും, പിന്നീട് പാര്‍ട്ടി നേതാക്കളായിത്തീരുകയും ചെയ്യുന്നു. ഇപ്പോഴത്തെ കോടതിവിധി കാമ്പസുകളിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും പ്രേരണ നല്‍കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: