കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും കൂടി ലക്ഷ്യമിട്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ആറ്,ഏഴ് പ്രതികളായ സായൂജ്,അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. സ്ഫോടനമുണ്ടായശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകള്‍ ഒളിപ്പിച്ചു.മറ്റ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് മാത്രമാണ് ഉളളത്.കുയിമ്പില്‍ ക്ഷേത്ര പരിസരത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബ് നിര്‍മാണമെന്നാണ് പൊലീസ് പറയുന്നത്.സിപിഎം ബിജെപി അനുഭാവികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പൊലീസ് ഭാഷ്യം.
എന്നാല്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ കിട്ടിയോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണം.ബോംബ് നിര്‍മാണം എല്ലാ പ്രതികള്‍ക്കും അറിവുണ്ടായിരുന്നതാണ്. സന്നദ്ധ പ്രവര്‍ത്തനത്തിന് പോയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞ അമല്‍ ബാബുവാണ് ബോംബുകള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചത്. ഷിജാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതിന് പുറമെ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.
കൊല്ലപ്പെട്ട ഷെറില്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസം വരുത്താന്‍ ഇടയുണ്ട്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: