ബാലുർഘട്ട് : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിഎഎയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തേക്ക് വരാൻ സുഗമമാക്കുന്ന രീതിയാണ് നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലെ ബാലുർഘട്ടിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം നിഷ്കർഷിച്ചിരിക്കുന്ന അഭയാർത്ഥികൾ ആശങ്കയില്ലാതെ പൗരത്വത്തിന് അപേക്ഷിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂപതിനഗർ ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിന് തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത നടപടിയെ അപലപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) മമത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അപേക്ഷ പൂരിപ്പിച്ചാൽ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് അവർ പറയുന്നു. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിനെ അവർ എന്തിനാണ് എതിർക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
ഇന്ന് ഞാൻ നിങ്ങളോട് എല്ലാം പറയാൻ വന്നതാണ്. അഭയാർത്ഥികൾ ഭയമില്ലാതെ അപേക്ഷ പൂരിപ്പിക്കണമെന്നും എല്ലാവർക്കും പൗരത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: