തൃശൂര്‍: നേരത്തെ പൂത്തു കൊഴിഞ്ഞു തീരാറായ കണിക്കൊന്നയെ ഓര്‍ത്ത് നൊമ്പരപ്പെടേണ്ട, വിഷുക്കണിയൊരുക്കാന്‍ തണ്ടു നിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്ന പൂക്കള്‍ ഇതാ വിപണിയില്‍ റെഡി. പ്ലാസ്റ്റിക്കിലും തുണിയിലും തീര്‍ത്ത നിറം മങ്ങാതെ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ കഴിയുന്ന കൊന്നപ്പൂക്കളാണ് വിപണിയില്‍ നിരന്നിരിക്കുന്നത്.
ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 30 – 40 രൂപ വരെയാണ് വില. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലും. പൂക്കള്‍ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാന്‍ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിഷുവിന് രണ്ട് ദിവസം മുന്‍പ് മുതലാണ് കൊന്നപ്പൂക്കളെത്തുകയെങ്കില് ആഴ്ചകളായി പ്ലാസ്റ്റിക് പൂക്കള്‍ വിപണിയിലുണ്ട്.
നഗരപ്രദേശങ്ങളിലുള്ളവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. ന്യൂജെന്‍ പിള്ളേര് പ്ലാസ്റ്റിക് പൂക്കള്‍ വാങ്ങിക്കുമ്പോള്‍ പ്രായമായവര്‍ക്ക് ഒറിജിനലിനോടാണ് പ്രിയം. പ്ലാസ്റ്റിക് വച്ച് കണിയൊരുക്കേണ്ടെന്ന് അന്ത്യശാസനം കൊടുത്ത അമ്മമാരുമുണ്ട്. നഗരത്തിലെ വസ്ത്ര വ്യാപാരസ്ഥാപനങ്ങളടക്കം അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളാലാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് പഌസ്റ്റിക് കൊന്നകള്‍ വിപണി കീഴടക്കിയത്.
മുന്‍പ് പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് സ്വീകാര്യത കുറവായിരുന്നു. ആചാര ലംഘനവും മറ്റും ഉള്‍പ്പെടുത്തി ആരും വാങ്ങില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: