ആവിഷ്കാര സ്വാതന്ത്ര്യം. അതില്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യം. അതിനുവേണ്ടി നിലകൊള്ളുന്നവരാണ് കൈരളി ഭരിക്കുന്നവരും പ്രതിപക്ഷത്തെ നയിക്കുന്നവരും. ഒരു സിനിമയുടെ കാര്യം കേള്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ക്രിമികടി. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന അഭിപ്രായമായിരുന്നു ഇരുകൂട്ടര്‍ക്കും. അത് നിരോധിക്കണമെന്നും ദൂരദര്ശന് പ്രദര്‍ശിപ്പിക്കരുതെന്നുവരെ ആവശ്യപ്പെട്ടു. കോടതിയിലും പോയി. ഹൈക്കോടതി അതിനായി കൊണ്ടുപോയി കൊടുത്ത കടലാസ് ചവറ്റുകുട്ടയിലെറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദൂരദര്ശന് ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് ‘അസ്സലായി’ എന്ന അഭിപ്രായക്കാരായിരുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടത്തുന്ന ‘ലവ് ജിഹാദ്’ പരാമര്‍ശിക്കുന്ന ചിത്രം ചില മതസംഘടനകള്‍ പ്രദര്‍ശിപ്പിച്ചു.
‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമയെന്നും പിണറായി വിജയന്റെപക്ഷം.
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നത്.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. അതിനിപ്പം സതീശനെന്ത് ചെയ്യാനൊക്കും. മലര്‍ന്നുകിടന്ന് കോട്ടുവായിടാനല്ലെ പറ്റൂ. ഏതായാലും മറ്റ് പലവിഷയങ്ങളിലും എന്നപോലെ കേരള സ്റ്റോറി വിഷയത്തിലും അമ്മയും മോളും പെണ്ണുതന്നെ എന്ന മനോഭാവത്തിലും. മതഭീകരവാദികളെ ചൊടിപ്പിക്കുന്ന ഒരു കാര്യവും ചെയ്തുകൂടല്ലൊ.
ഇടുക്കി രൂപതയ്ക്ക് പിന്നാലെ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി, തലശ്ശേരി രൂപതകളും ഒരുങ്ങിക്കഴിഞ്ഞു. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. 208 ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനിച്ചിട്ടുള്ളത്.
റബ്ബറിന് 300 രൂപ വരെ ലഭിക്കുകയാണെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് തലശ്ശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിരുന്നു. മണിപ്പുര്‍ വിഷയത്തിലും ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനെതിരേ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാന് പിന്നീട് പല ബിഷപ്പുമാരും പള്ളികള്‍ തകര്‍ക്കപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുകയുണ്ടായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷന് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഡി.ഡി. നാഷണല്‍ ചാനലില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ സംപ്രേഷണം ചെയ്യുന്നതിനുപിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയര്‍ന്നത്. സംപ്രേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നല്‍കിയിരുന്നു. പക്ഷേ ഇവരാരും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. സിനിമ പ്രദര്‍ശിപ്പിച്ച ക്രിസ്ത്യന്‍ സഭയെ തള്ളിപ്പറയാനും തയ്യാറായില്ല. അതേസമയം ക്രിസ്ത്യന്‍ സഭാ പ്രതിനിധികള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതിഷേധിക്കുന്നത്.
കേരള സ്റ്റോറി എന്ന സിനിമ കേരളത്തില്‍ വിവാദമായിക്കൊണ്ടിരിക്കെ ദല്‍ഹിയിലും ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. ’72 ഹൂറാന്‍’ എന്ന സിനിമ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലാണ് പ്രദര്‍ശിപ്പിച്ചത്. പൂരന്‍സിംഗ് ചൗഹാന് സംവിധാനം ചെയ്ത സിനിമ പ്രദര്‍ശിപ്പിച്ചത് സ്റ്റുഡന്‍സ് യൂണിയന്റെ ശക്തമായ എതിര്‍പ്പിനിടയിലാണ്. പക്ഷേ ചിത്രത്തിന് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: