പാനൂര്‍: മുളിയാത്തോട് ബോംബ് സ്ഫോടനക്കേസില്‍ ഒരു സി.പി.എം പ്രവര്ത്തകന് കൂടി അറസ്റ്റിലായി. ചുമട്ടുതൊഴിലാളിയായ പാറാട് പുത്തൂര്‍ കല്ലായിന്റവിട അശ്വന്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐക്കാരായ ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെ കൂത്തുപറമ്പ് എസിപി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍.
കേസില്‍ 12 പേരുണ്ട്. സ്ഫോടനത്തില്‍ എലിക്കൊത്തീന്റവിട ഷെറിലാണ് കൊല്ലപ്പെട്ടത്. വലിയ പറമ്പത്ത് വിനീഷ്, ചിറക്കരാണ്ടിമ്മല്‍ വിനോദ് എന്നിവര്‍ ആശുപത്രികളിലാണ്.
ഡിവൈഎഫ്ഐക്കാരായ അടുപ്പുകൂട്ടിയപറമ്പത്ത് സബിന്‍ ലാല്‍ (25), കിഴക്കയില്‍ അതുല്‍ (28), പാടാന്‍താഴെ ഉറവുള്ള കണ്ടിയില്‍ അരുണ്‍ (28), ചിറക്കരണ്ടിമ്മല്‍ സായൂജ് (24), മുളിയാത്തോട് കെ. മിഥുന് (27), കുന്നോത്തുപറമ്പ് അമല്‍ ബാബു (29) എന്നിവര്‍ നേരത്തേ അറസ്റ്റിലായി. കൂടുതല്‍ നേതാക്കള്‍ പിടിയിലാകുന്നതോടെ പാര്‍ട്ടിക്കു ബന്ധമില്ലെന്ന സിപിഎം വാദം പൊളിയുന്നു.
അറസ്റ്റിലായ ഷിജാല്‍, അമല്‍ എന്നിവര്‍ കുന്നോത്തുപറമ്പ് യൂണിറ്റ് ഭാരവാഹികളാണ്. സായൂജ് കടുങ്ങാംപൊയില്‍ യൂണിറ്റ് സെക്രട്ടറിയും അതുല്‍ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയുമാണ്.
ബോംബു നിര്‍മാണത്തിനു പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട് സിപിഎം നേതാക്കളായ കെ.കെ. സുധീര്‍കുമാര്‍, എന്‍. അനില്‍കുമാര്‍, എ. അശോകന് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: