അബുദാബി: മത്സരത്തിനിടെ എതിര് ടീം കളിക്കാരനെ കൈമുട്ടുകൊണ്ട് ഇടിച്ചിടുകയും റഫറിയെ തല്ലാനോങ്ങുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ്.
അല്‍ ഹിലാലിനെതിരായ അല്‍ നസറിന്റെ സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു സംഭവം. മത്സരത്തിന്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒട്ടാവിയോ അല്‍ നസ്റിന് ലീഡ് നല്‍കിയെന്ന് കരുതിയതാണ്. റൊണാള്‍ഡോയുടെ പാസില്‍ താരം ഗോള്‍ നേടി. എന്നാല്‍ റഫറി റൊണാള്‍ഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. സഹികെട്ട താരം റഫറിയോട് കയര്‍ത്തു. റഫറിയാവട്ടെ താരത്തിന് മഞക്കാര്‍ഡ് നല്‍കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ രണ്ട് ഗോള്‍ നേടി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. സൈഡ് ലൈനിന് പുറത്തേക്ക് പോയ പന്തെടുത്ത് ത്രോ നല്‍കാനുള്ള ശ്രമത്തിനിടെ റൊണാള്‍ഡോ അല്‍ ഹിലാല്‍ താരം അല്‍ ബുലെയ്ഹിയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ടിടിച്ചു. പുറത്തുപോയ പന്ത് ഓടിവന്നെടുത്ത റൊണാള്‍ഡോയെ തടയാന്‍ ബുലെയ്ഹി ശ്രമിച്ചതാണ് പ്രകോപനം. രോഷാകുലനായ റൊണാള്‍ഡോ താരത്തെ ഇടിച്ചു. റഫറി റൊണാള്‍ഡോയ്ക്ക് നേരേ ചുവപ്പുകാര്‍ഡുയര്‍ത്തി. ഇതിനു ശേഷം താരം റഫറിയെ തല്ലാനോങ്ങുകയും ചെയ്തു. റഫറിയെ പരിഹസിക്കുന്ന രീതിയില്‍ അദ്ദേഹത്തിന് നേര്‍ക്ക് കൈയടിച്ചാണ് താരം മൈതാനം വിട്ടത്.
മത്സരത്തില്‍ 2-1ന് തോറ്റ് അല്‍ നസര്‍ പുറത്താകുകയും ചെയ്തു. അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അല്‍ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: