ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും പഴക്കമുള്ളതും തുടര്‍ച്ചയുള്ളതുമായ നാഗരികതയാണ് ഭാരതത്തിന്റേതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ലോകമാകെ വ്യാപിച്ച സംസ്കൃതിയാണതെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പുറത്തിറക്കിയ ഹിസ്റ്ററി ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യ, വാല്യം 11 പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും നിഷേധിക്കാനാകാത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്. അത് ചിരന്തനവും നൂതനവുമാണ്. പഴക്കമുള്ളതുപോലെ പുതുമയുള്ളതുമാണ്. ജീവിക്കുന്ന അടയാളങ്ങള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നു. പുസ്തകത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ ശീലങ്ങളിലും ശ്രേഷ്ഠമായ ഈ പാരമ്പര്യം തെളിഞ്ഞുകാണാം, ഡോവല്‍ പറഞ്ഞു.
പുറത്തുനിന്ന് വന്നവര്‍ പലരും ഈ പുരാതന സംസ്കൃതിയുടെ മേല്‍ അവകാശവാദം ഉന്നയിക്കാറുണ്ട്. പൊള്ളയാണെന്ന് അവര്‍ക്ക് തന്നെ അറിയാവുന്ന വാദമാണതെങ്കിലും നമ്മുടെ സംസ്കാരം ചോദ്യങ്ങള്ക്കതീതമാം വിധം പുരാതനമാണ് എന്ന് അവരും സമ്മതിക്കും. അതിശയിക്കുന്ന തുടര്‍ച്ചയാണ് ഭാരതീയ നാഗരികതയുടേത്. നാലായിരമോ അയ്യായിരമോ വര്‍ഷംമുമ്പെങ്കിലും ആരംഭിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്ന ഈ നാഗരികത ഇന്നും തുടരുന്നു. അതിന്റെ പ്രവാഹത്തിന് തടസങ്ങളുണ്ടാക്കാന്‍ ഒരു ശക്തിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. മൂന്നാമത്തെ സവിശേഷത ഈ സംസ്കൃതിയുടെ വിപുലമായ വ്യാപകത്വമാണ്.
അലക്സാണ്ടറുടെ വരവ് ഭാരതചരിത്രത്തിലെ വലിയ സംഭവമായി ചിലര്‍ പറയാറുണ്ട്. പക്ഷേ അത് ഭാരതത്തിന്റെ ചരിത്രത്തിലല്ല, പടിഞ്ഞാറിന്റെ ചരിത്രത്തിലെ വലിയ സംഭവമായിരുന്നുവെന്ന് ഡോവല്‍ ചൂണ്ടിക്കാട്ടി.
അയ്യായിരത്തോളം വര്‍ഷത്തെ ചരിത്രമുണ്ടെന്ന് സമ്മതിക്കുന്ന അതേ ആളുകള്‍ നമ്മുടെ ചരിത്രം ആരംഭിക്കുന്നത് അലക്സാണ്ടറിന്റെ കടന്നുവരവില്നിന്നാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ഝലം വരെ മാത്രമെത്തിയ അലക്സാണ്ടര്‍ ഭാരതത്തെ കീഴ്പ്പെടുത്തിയെന്നും അവര്‍ കഥകളുണ്ടാക്കിയെന്നും ഡോവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: