പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് എന്‍ഡിഎ കോട്ടയത്ത് അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യം. എസ്എന്‍ഡിപി യോഗത്തിലൂടെയും ബിഡിജെഎസ് അദ്ധ്യക്ഷന്‍ എന്ന നിലയിലും സംഘടനാപാടവം തെളിയിച്ച തുഷാര്‍വെള്ളാപ്പള്ളി, കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പു വിഷയങ്ങളെക്കുറിച്ചു മനസ്സു തുറക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയാണല്ലോ കേരളത്തിലെ പ്രധാന വെല്ലുവിളി. ഇതുവരെ ഭരിച്ച സര്‍ക്കാരുകളല്ലേ ഇതിന്റെ ഉത്തരവാദി? പരിഹരിക്കാന്‍ എന്തു പദ്ധതികളാണ് മുന്നോട്ടു വയ്ക്കാനുള്ളത്.
വരവറിഞ്ഞു ചെലവ് ചെയ്യാന്‍ പറ്റുന്ന സാമ്പത്തിക മാനേജ്മെന്റാണ് വേണ്ടത്. കേരളത്തില്‍ മാറിമാറി ഭരിച്ച മുന്നണികളുടെ കെടുകാര്യസ്ഥതയാണ് ഇന്നത്തെ ദുരവസ്ഥക്കു കാരണം. കേരളത്തിന് അര്‍ഹമായതില്‍ കൂടുതല്‍ വിഹിതം കേന്ദ്രം നല്‍കുന്നുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചെന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്നതും അവാസ്തവമാണ്. ഭരണഘടനയുടെ അനുച്ഛേദം 12 പ്രകാരം ‘സംസ്ഥാനം’ എന്നതിന്റെ നിര്‍വചനത്തില്‍ എല്ലാം വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയുടെ 293(3) അനുച്ഛേദമനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതികൂടാതെ സംസ്ഥാനത്തിന് കടമെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രം അനുമതി നിഷേധിക്കുന്നു എന്ന വാദം ശരിയല്ല.
കാര്‍ഷിക മേഖല, പ്രത്യേകിച്ചു റബര്‍, നെല്ല്, നാളികേരം എന്നീ മേഖലകള്‍ തകര്‍ച്ചയിലാണ്. പരിഹാരം സംബന്ധിച്ച കാഴ്ചപ്പാട്?
കൃഷിയുടെ നാടാണ് കേരളം. പ്രത്യേകിച്ചു കോട്ടയം. റബറും നെല്ലും സുഗന്ധവ്യഞ്ജനങ്ങളും ഈ ജില്ലയുടെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായിരുന്ന കാലമുണ്ടായിരുന്നു. കാര്‍ഷികോത്പന്നങ്ങളുടെ, വിശേഷിച്ച് റബറിന്റെ വിലത്തകര്‍ച്ചയും മലയോര മേഖലകളിലെ വന്യമൃഗശല്യവും പ്രകൃതിക്ഷോഭവും ഈ പ്രതാപത്തെ ബാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ദുരവസ്ഥയ്ക്കും കാരണം ഏഴ് പതിറ്റാണ്ട് കേരളം മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകളും ഇവിടെ നിന്ന് പാര്‍ലമെന്റിലേക്ക് പോയ ഈ മുന്നണികളിലെ ജനപ്രതിനിധികളുടെ നിഷ്ക്രിയത്വവുമാണ്. പറയുന്നതേ ചെയ്യൂ, ചെയ്യാവുന്നതേ പറയൂ എന്നതാണ് എന്റെ വാഗ്ദാനം. റബര്‍ കൃഷിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും അപ്പര്‍കുട്ടനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ അരക്ഷിതരായ നെല്‍കര്‍ഷകര്‍ക്ക് മികച്ച വിലയും സൗകര്യങ്ങളും വായ്പകളും ലഭ്യമാക്കാനും ഞാനുണ്ടാകും.
തീരദേശ മേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനും എന്തു പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്?
സംസ്ഥാന സര്‍ക്കാര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയാണ്. കേരളത്തില്‍ തീരദേശംവഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പണവും കള്ളനോട്ടുകളും എത്തുന്നു. അധ്വാനത്തിന്റെ ഫലം ഇടത്തട്ടുകാര്‍ തട്ടിയെടുക്കുന്നു. മത്സ്യം സൂക്ഷിക്കുന്നതിന് സംവിധാനം പോലുമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണനയും തീരദേശ വികസനത്തിന് ആസൂത്രണവും വേണം.
മലയോര മേഖല നേരിടുന്ന വന്യമൃഗ ശല്യത്തിന് സുസ്ഥിരമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കാനുണ്ടോ?
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള യുദ്ധമാണ് മലയോര പ്രദേശങ്ങളില്‍ നടക്കുന്നത്. വനംവകുപ്പ് തികഞ്ഞ പരാജയമാണ്. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. അപകടകാരികളായ വന്യമൃഗങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ വേണം. മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ട്. അത് സംസ്ഥാനം വിനിയോഗിക്കണം.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തേക്കുറിച്ചുമുള്ള കാഴ്ചപ്പാട് എന്ത്? വിദേശ സര്‍വകലാശാലകളുടെ കടന്നു വരവ് സ്വാഗതം ചെയ്യുന്നുണ്ടോ?
നാടിന്റെ ഭാവി ഉന്നത വിദ്യാഭ്യാസമികവിനെ ആശ്രയിച്ചിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ ഭൂപടത്തില്‍ ശ്രദ്ധേയ ഇടമായി മാറാന്‍ കേരളത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്തണം. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കാന്‍ മോഹിക്കുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്കുണ്ട്, ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ രാജ്യത്തെ മുന്‍നിരയില്‍ത്തന്നെ കേരളമുണ്ടെങ്കിലും ഗവേഷണഫലങ്ങളില്‍ ആ മേല്‍ക്കോയ്മ ഇല്ലാതെപോവുന്നത് എന്തുകൊണ്ടാണ്, ഈ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നിലനില്‍ക്കുകയാണ്.
വിദ്യാഭ്യാസരംഗത്തെ ശുദ്ധീകരണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എടുക്കുന്ന നടപടികളെ എങ്ങനെ വിലയിരുത്തുന്നു?
വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ എവിടെയും എസ്എഫ്ഐയുടെ സാന്നിധ്യം കാണാം. ഇതിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. വിദ്യാഭ്യാസമേഖലയില്‍ നമ്പര്‍ വണ്‍ എന്ന വ്യാജം കേരളത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ യുജിസി റാങ്ക് ലിസ്റ്റില്‍ എത്രാമത്തെ സ്ഥാനത്താണെന്ന് ചിന്തിച്ചാല്‍ മതി ഈ വ്യാജം തിരിച്ചറിയാന്‍. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്നത് സംഘടനകള്‍ ആണ്. തന്റെ അധികാരം ഉപയോഗിച്ച് ഇടത് തീവ്ര തരംഗത്തെ പ്രതിരോധിക്കുകയാണ് ഗവര്‍ണര്‍. ഇപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ചെറിയതോതില്‍ ആശ്വാസം ഉണ്ടെങ്കില്‍ അത് ഗവര്‍ണറുടെ നടപടിയുടെ ഫലമാണ്.
വിദ്യാര്‍ഥി രാഷ്ട്രീയം കാമ്പസ് ഭീകരതയിലേയ്ക്കു മാറുന്ന അപകടകരമായ പ്രവണതയെക്കുറിച്ച്?
ഞാനും കലാലയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു വന്ന വ്യക്തിയാണ്. അന്നത്തേയും ഇന്നത്തേയും കലാലയ രാഷ്ട്രീയങ്ങള്‍ തമ്മില്‍ സമാനതകളിലാത്ത അന്തരമുണ്ട്. മാതൃ പാര്‍ട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല, വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം. ഹിംസയിലേക്കും, സ്വേച്ഛാധിപത്യത്തിലേക്കും കാമ്പസ് രാഷ്ട്രീയം വഴി മാറുമ്പോഴാണ് സംഘട്ടനങ്ങളുണ്ടാകുന്നത്.
മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
വികസനപരമായ ഒട്ടേറെ നേട്ടങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. 2014 മുതല്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറി. പിഎം ഭാരത് വഴി 3.48 ലക്ഷം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനിലൂടെ കോട്ടയം ജില്ലയില്‍ 4925 വീടുകളും ഗ്രാമീണ മേഖലയില്‍ മാത്രം 928 വീടുകളും നല്‍കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുകയുമാണല്ലോ ഭാരതം.
പിണറായി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍?
അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം എന്നതായിരുന്നു ഇടതു മുന്നണിയുടെ വാഗ്ദാനം. അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയനും അതാവര്‍ത്തിച്ചു. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും കുരിശിലേറ്റി വിചാരണ നടത്തിയ സിപിഎം ഇപ്പോള്‍ നടത്തുന്നത് ഭരണമാണോ ഭരണാഭാസമാണോ എന്ന് സഖാക്കള്‍ പോലും ചോദിക്കുന്ന സമയമാണിത്. ധൂര്‍ത്തും തീവെട്ടിക്കൊള്ളയും തുടരുകയാണ്. ലോക കേരളസഭയെന്ന സമാനതകളില്ലാത്ത ധൂര്‍ത്തിന്റെ കഥ കേട്ട് മലയാളികള്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു.
കോട്ടയത്തെ ടൂറിസം മേഖലയിലെ വികസന സാധ്യതകള്‍ എങ്ങനെ?
കോട്ടയം മണ്ഡലത്തില്‍ പ്രകൃതി സുന്ദരമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഇവിടങ്ങളില്‍ ടൂറിസം മേഖലയിലെ വികസന സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ടുകള്‍ക്ക് മുന്‍ഗണന നല്‍കണം. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് കോട്ടയത്തെ അഞ്ചലശ്ശേരി വില്ലേജ് ടൂറിസം പദ്ധതി. കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരിയില് നിന്ന് കുമരകം പാതിരാമണല്‍ വരെ കാഴ്ചകള്‍കണ്ട് ശിക്കാര വള്ളത്തില്‍ ഒരു യാത്ര ഏറെ നവ്യാനുഭവം നല്‍കും. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കി രൂപപ്പെടുത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: