തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ റംസാന്‍, വിഷു ചന്തകള്‍ ഇക്കുറി ഉണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചന്തകള്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് തെര. കമ്മിഷനെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചു. ഇനി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം നടത്തുകയാണ് സര്‍ക്കാര്‍. അനുകൂല തീരുമാനം ഉണ്ടായാല്‍ക്കൂടി റംസാനും വിഷുവും കഴിഞ്ഞേക്കും.
കണ്‍സ്യൂമര്‍ഫെഡാണ് ചന്തകള്‍ തുടങ്ങേണ്ടത്. ചന്തകള്‍ തുടങ്ങുന്നതിന് രണ്ട് മാസത്തിന് മുമ്പേ തീരുമാനമെടുത്ത് മുന്നൊരുക്കങ്ങള്‍ നടത്തണം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ചന്തകള്‍ നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ സാധിച്ചില്ല. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കാന്‍ അനുമതി ലഭിച്ചതോടെ കരാറുകാര്‍ക്കുള്ള കുടിശികയില്‍ ഒരു വിഹിതം നല്‍കാമെന്നും അരി ഉള്‍പ്പെടെയുള്ളവ എത്തിക്കാനും തീരുമാനിച്ചു. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായി കരുതി കമ്മിഷന്‍ ചന്തകള്‍ക്ക് അനുമതി നിഷേധിച്ചു. സംസ്ഥാന വ്യാപകമായി 280 ചന്തകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: