ന്യൂദല്‍ഹി: ദല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അറസ്റ്റിനെ ചോദ്യംചെയത് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.
ഉച്ചക്കു ശേഷം 2.30 നാണ് ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ വിധി പറയുക. കഴിഞ്ഞയാഴ്ച ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. അറസ്റ്റിനു പുറമെ ഇ ഡി കസ്റ്റഡിയില്‍ വിട്ട നടപടിയെയും കേജ്രിവാള് ചോദ്യം ചെയ്തിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത അദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. മുന്‍ ആപ്പ് എംഎല്‍എ സന്ദീപ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമാന ആവശ്യം ഉന്നയിച്ച ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയതാണെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാണിച്ചു.
ഈ ഹര്‍ജിയും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപിന്റെ ഹര്‍ജിയില്‍ 10 ന് ഡിവിഷന് ബെഞ്ച് വാദം കേള്‍ക്കും.
സന്ദീപ് ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്കു വേണ്ടിയാകാമെന്നും വന്‍തുക സന്ദീപിനു മേല്‍ പിഴ ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തെ, കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
അതേസമയം ദല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനെ ഇ ഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. കേജ്രിവാളിന്റെ സന്തത സഹചാരിയാണ് ബിഭാവ് കുമാര്‍. ആപ്പ് ഗോവ എംഎല്‍എ ദുര്‍ഗേഷ് പഥക്കിനെയും ഇ ഡി ഇന്നലെ ചോദ്യംചെയ്തു. രണ്ടാം തവണയാണ് ഇരുവരെയും ഇ ഡി ചോദ്യം ചെയ്യുന്നത്.
കേജ്രിവാളുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഭാവ് കുമാറിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്തത്. കേജ്രിവാളിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ബിഭാവ് കുമാറിന് അറിവുണ്ടെന്നും അതിനാല്‍ ഇയാളുടെ ചോദ്യംചെയ്യല്‍ അനി വാര്യമാണെന്നും നേരത്തെ രേഖപ്പെടുത്തിയ മൊഴിയില്‍ വ്യക്തതക്കുറവുണ്ടെന്നും ഇ ഡി അറിയിച്ചിരുന്നു.
2021 സപ്തംബറിനും 2022 ജൂലൈക്കും ഇടയില്‍ ബിഭാവ് കുമാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ നാല് തവണ മാറ്റിയെന്നും തെളിവുകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടത്തി യെന്നും ഇ ഡി ആരോപിച്ചിട്ടുണ്ട്.
ഗോവയില്‍ ആപ്പിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുര്‍ഗേഷ്. 46 കോടി രൂപയുടെ അഴിമതിപ്പണം 2021ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവാക്കിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: